മധ്യവേനലവധിയായി
വസന്തത്തിൻ ചിത്രശാല തുറക്കുകയായി
– വയലാർ
മാർച്ച് 31 എന്നത് ഓണത്തെക്കാളും വിഷുവിനെക്കാളും നാട്ടിലെ ഉത്സവത്തെക്കാളും പ്രിയങ്കരമായിരുന്നു കുട്ടികൾക്ക്. മധ്യവേനലവധി പിറ്റേന്നാരംഭിക്കും എന്നതായിരുന്നു കാരണം. വർഷാവസാനപരീക്ഷ കഴിഞ്ഞ് പാഠപുസ്തകങ്ങൾ ഒരു മൂലയിലേക്കു വലിച്ചെറിഞ്ഞ്, ഉടുപ്പൂരി പറത്തി സ്വാതന്ത്ര്യം പ്രഖ്യാപിക്കലായിരുന്നു അവധിക്കാലത്തിന്റെ തുടക്കം. അതിർത്തികൾ മാഞ്ഞുപോയിരുന്നു കുട്ടികൾക്കു മുന്നിൽ. കയറൂരിവിട്ട പൈക്കിടാവിനെപ്പോലെ തുള്ളിച്ചാടി നടക്കുക. ഇത് ഇന്നാരുടെ വീട്, ഇവിടെക്കയറിക്കൂടാ, ഇത് അന്യന്റെ മാവ്, ഇതിന്റെ തണലിൽ കളിച്ചുകൂടാ എന്നീ വിലക്കുകളില്ല. സമ്പന്നന്റെ കുട്ടിക്ക് ദരിദ്രന്റെ കുട്ടിയോട് അകൽച്ചയുണ്ടായിരുന്നില്ല. ചില മേനിനടിക്കലുകൾ ഉണ്ടാവാം. അതാരു ശ്രദ്ധിക്കാൻ? വേഗം മരം കയറുന്നവരും കുളത്തിൽ അങ്ങറ്റം നീന്തുന്നവരും വേഗം വീരനായകരായി. ഒറ്റയേറിന് കുലമാങ്ങ വീഴ്ത്തുന്നവൻ കൂട്ടത്തിൽ മികച്ച വില്ലാളിയായി വാഴ്ത്തപ്പെട്ടു.
അതൊക്കെ ഒരു കാലം. മധ്യവേനലവധി സ്വാതന്ത്ര്യത്തിന്റെ രണ്ടു മാസമാണ്. നാനാവിധമായ കളികളും സൈക്കിൾ പഠനവും നീന്തലും എന്നു വേണ്ട ബാല്യത്തിന്റെ കുസൃതികൾക്കും കുന്നായ്മകൾക്കുമെല്ലാം ചിറകുവെയ്ക്കുന്ന രണ്ടു മാസം, നേരത്തിന് ആഹാരംപോലും വേണ്ട. പഴുത്ത മാങ്ങയും പറങ്കിമാങ്ങയും പഴുത്ത ചക്കയും ആഞ്ഞിലിച്ചക്കയുമെല്ലാം സുലഭമായി കിട്ടുമ്പോൾ വിശപ്പുതന്നെ മറക്കുന്നു. കണ്ണിൽക്കണ്ട മാവിലും പറങ്കിമാവിലുമെല്ലാം എറിയും. നിക്കറിന്റെ പോക്കറ്റ് നിറയെ പറങ്കിയണ്ടിയുമുണ്ടാകും. പത്തു പറങ്കിയണ്ടി കൊടുത്താൽ ഒരു ഐസ്‌മിഠായി കിട്ടും.
ഇഴയടുപ്പമുള്ള കുരുന്നുബന്ധങ്ങൾ….. അതിജീവനത്തിന്റെയും പാരസ്പര്യത്തിന്റെയും ബാലപാഠങ്ങൾ ഹൃദിസ്ഥമാക്കുന്ന പഠനക്കളരിയായിരുന്നു ഓരോ മധ്യവേനലവധിക്കാലവും. എൻട്രൻസ് കോച്ചിംഗിന്റെയും വെക്കേഷൻ ക്ലാസ്സുകളുടെയും ട്യൂഷൻ ക്ലാസ്സുകളുടെയും ആധിവ്യാധികളാൽ അച്ഛനമ്മമാർ വേവലാതിപ്പെടുകയും കുഞ്ഞുങ്ങൾ പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന ഇക്കാലത്ത് എന്നും പരീക്ഷയും പരീക്ഷണവുമാണല്ലോ?
എന്തെല്ലാം കളികളായിരുന്നു അക്കാലത്ത്. മനസ്സിനും ശരീരത്തിനും ഉന്മേഷമേകുന്ന, പറഞ്ഞാൽ തീരാത്തത്ര കളികൾ. കുട്ടിയുംകോലും, തലപ്പന്തുകളി, അടിച്ചേച്ചോട്ടം, കബഡി, വെട്ടുകളി, കുഴിപ്പന്തുകളി, തണുങ്ങുവലി, സാറ്റുകളി, കള്ളനും പോലീസും, പട്ടംപറത്തൽ, കൊയ്ത്തൊഴിഞ്ഞ പാടങ്ങളിൽ ഇങ്ങനെയെത്രയെത്ര കളികൾ!
കളികൾക്കിടയിൽ ഉരുണ്ടു വീഴുകയും കാലും മുട്ടും പൊട്ടുകയും ചോര പൊടിയുകയുമൊക്കെ ചെയ്യും. അതൊക്കെ സഹിക്കാനും നിസ്സാരവത്കരിക്കാനുമുള്ള ശേഷിയും പക്വതയും ആർജിക്കുന്നതും മാഞ്ചുവട്ടിലെ ഈ കൂട്ടായ്മയിലൂടെ തന്നെയാണ്. ഇപ്പോൾ നമ്മുടെ കുട്ടികൾക്ക് ഒരേയൊരു കളിയേ അറിയൂ, ക്രിക്കറ്റ്. അതും കളിക്കുന്നതിനെക്കാൾ ഇഷ്ടം കളി ടി.വി. യിൽ കാണുന്നതാണ്. തോട്ടുവക്കിലെ കടലാവണക്കിന്റെ തണ്ടൊടിച്ച് ഊതുമ്പോൾ അതിൽ നിന്ന് മഴവിൽ നിറമുള്ള കുമിളകൾ പൊന്തുന്നതും വാഴപ്പിണ്ടി കൂട്ടിക്കെട്ടി തോട്ടിലെ വെള്ളത്തിലിട്ട് അതിന്മേൽ പിടിച്ച് നീന്തിക്കളിച്ച് തോടിനക്കരയിക്കര പോകുന്നതും പലപ്പോഴും തോട്ടിലെ വെള്ളം അറിയാതെ അകത്താകുന്നതും ഒരുവിധം അള്ളിപ്പിടിച്ച് ആഞ്ഞിലിയിൽ കയറി പഴുത്ത ആഞ്ഞിലിക്കായ പറിച്ച് ആർത്തിയോടെ കുരു പോലും കളയാതെ തിന്നുന്നതും തൊട്ടടുത്ത മലമ്പുരയിടത്തിൽ കയറി ആരും കാണാതെ മരച്ചീനിയുടെ ചുവടുമാന്തി കിഴങ്ങടുത്ത് കരിയില കൂട്ടി തീയിട്ട് ചുട്ടുതിന്നതും മറ്റും പലരുടെയും ഗൃഹാതുരമായ ഓർമയായി അവശേഷിക്കുന്നുണ്ടാവും…
ഇപ്പോൾ എത്ര കുട്ടികളാണ് വെള്ളത്തിൽ കളിക്കാനിറങ്ങി മുങ്ങിച്ചാകുന്നത്? ആർക്കും നീന്തൽ വശമില്ല. നീന്തൽ പഠിക്കാൻ ഒട്ടും സാഹചര്യവുമില്ല. ഇന്നത്തെ കുട്ടികളുടെ നദിയും തോടും കുളവുമെല്ലാം കുളിമുറിയിലെ ഷവറിൽ നിന്ന് തെന്നിത്തെറിച്ചുവീഴുന്ന ഇത്തിരി വെള്ളമാണ്. വഴിയോരത്തും തോട്ടിറമ്പിലും ഒരു പഴുത്ത മാങ്ങയോ കശുമാമ്പഴമോ വീണുകിടന്നാൽ ആർക്കും വേണ്ട. ഇപ്പോ കുട്ടികൾ അതു തിരിഞ്ഞു നോക്കുകതന്നെയില്ല. പറങ്കിയണ്ടിയും മാങ്ങയുമൊക്കെ ആർക്കുവേണം! ഒരു പഴുത്ത മാങ്ങ ചപ്പിത്തിന്നാൻ ഇന്നെത്ര കുട്ടികൾക്കു കഴിയും? എത്ര പേരതിന് തയ്യാറാവും? നമ്മുടെ കുഞ്ഞുങ്ങൾ മണ്ണിൽ ചവിട്ടുന്നില്ല. അവർ ചുറ്റുപാടും നോക്കുന്നില്ല. വീട്ടുമുറ്റത്തു വളർന്ന കീഴാർനെല്ലിയും കറുകയും കയ്യോന്നിയും പനിക്കൂർക്കയും ഏന്തിനേറെ തുളസിപോലും തിരിച്ചറിയാൻ കഴിയാത്ത ബാല്യം! അവരെ സംബന്ധിച്ച് അനാവശ്യമായി വളർന്നു വരുന്ന കളകളാണതെല്ലാം.
‘ചക്കയ്ക്കുപ്പുണ്ടോ കണ്ടാൽ മിണ്ടണ്ട’ എന്നു വിഷുപ്പക്ഷി പാടുമ്പോഴും കുയിലു കൂവുമ്പോഴും അതിന് എതിർപ്പാട്ടു പാടുമ്പോൾ എത്ര കണ്ട് അനുഭൂതിയായിരുന്നു പണ്ടു കുട്ടികൾക്ക്! മാഞ്ചുവട്ടിലെ തണലിൽ മണ്ണപ്പം ചുട്ടുകളിക്കാനും, കല്ലുകൂട്ടി അടുപ്പുണ്ടാക്കി അതിൽ ചിരട്ടവെച്ച് അരിയും കറിയും വെക്കാനും, കണ്ണൻചിരട്ടയിലൂടെ എഴകയറോ വള്ളിയോ കയറ്റി മുറ്റത്തെ കിളിച്ചുണ്ടൻ മാവിന്റെ കൊമ്പിൽ കെട്ടി കോളാമ്പി മൈക്കുണ്ടാക്കാനും പ്ലാവിലത്തൊപ്പിയും ബെൽറ്റും ഉണ്ടാക്കി കള്ളനും പോലീസും കളിക്കുവാനും ഇന്ന് കുട്ടികളെവിടെ? കുട്ടികൾക്ക് നേരമെവിടെ? തൊടിയിലെ പൂഴിമണ്ണിലിറങ്ങി കളിക്കുവാൻ കുട്ടികളെ അനുവദിക്കുമോ? നാട്ടിൻപുറത്തെ കുട്ടികളുടെ കയ്യിൽപോലും കർണ്ണന്റെ കവചകുണ്ഡലങ്ങൾ പോലെ ക്രിക്കറ്റ് ബാറ്റും ബോളുമാണുള്ളത്. പോരെങ്കിൽ കുഞ്ഞുങ്ങൾക്ക് കളിപ്പാട്ടം പോലെ മൊബൈൽ ഫോണും സാർവത്രികം. അതിലെ ഗെയിമുകളാണിന്നു കുഞ്ഞുങ്ങൾക്കു പഥ്യം. നാലോ അഞ്ചോ ചെറിയ വെള്ളയ്ക്കയും ഈർക്കിലുമെടുത്ത് അവ കൊണ്ട് തേരും കുതിരയും വണ്ടിയുമുണ്ടാക്കി കളിച്ചിരുന്ന സ്ഥാനത്ത് ഇന്ന് നമ്മുടെ കുട്ടികൾ കംപ്യൂട്ടറിന്റെ മുന്നിൽ ചടഞ്ഞുകൂടുകയാണ്. അവധിക്കാല ക്ലാസ്സുകളിൽ, പ്രത്യേക ട്യൂഷൻ സെന്ററുകളിൽ, സ്പോക്കൺ ഇംഗ്ലീഷ് പഠനത്തിന്, ലൈഫ്‌സ്‌കിൽ ഡെവലപ്പ്മെന്റിന്, കണക്ക് പഠിക്കുവാനുള്ള വേഗം കൂട്ടാൻ, നിർബന്ധിത കലാപഠനത്തിന് ഒക്കെ കെണിയിൽപ്പെട്ട എലിയെപ്പോലെ പിടയ്ക്കുന്ന കുഞ്ഞുങ്ങളേ, പണ്ടത്തെ ഒരവധിക്കാലത്തെപ്പറ്റി നിങ്ങളോടു പറഞ്ഞു കേൾപ്പിക്കാൻ മാത്രമേ കഴിയൂ!
( ‘നന്മയുടെ നടവഴികള്‍ – കേരളം ജീവിച്ചതിങ്ങനെ’ എന്ന പുസ്തകത്തിലെ ഒരുഭാഗമാണ് മുകളില്‍ ചേര്‍ത്തത്. പത്തോ ഇരുപതോ വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള കേരളത്തെക്കുറിച്ച് ഓര്‍ക്കുകയാണ് ഗ്രന്ഥകാരനായ മുരളീധരന്‍ തഴക്കര. )