കൊച്ചുകേരളത്തിന്റെ കഥ

കാസർഗോഡ് ജില്ലയിലെ പള്ളിക്കര ഗ്രാമത്തിൽ കടൽ തീരത്താണ് ബേക്കൽ കോട്ട. കുട്ടിപ്പട്ടാളം വൈകുന്നേരമാണ് അവിടെയെത്തിയത്. കൂടെ ഞാനും അനിയൻ ഫൈസിയും.

കടലിലേക്ക് തള്ളി നില്ക്കുന്ന പാറയിൽ പടുത്തുയർത്തിയ കോട്ട. വെയിലേറ്റ് കറുത്ത ചെങ്കല്ല് കോട്ട. ആഞ്ഞടിക്കുന്ന തിരമാലകൾ കോട്ടയെ കൂടുതൽ കടുപ്പമുള്ളതാക്കി മാറ്റിയിരിക്കുന്നു.
കോട്ടയ്ക്ക് മീതെ ആദ്യം പാഞ്ഞ് കേറിയത് സയുവാണ്. പിന്നാലെ കേറിവരുന്ന അതുലിനോടവൻ അഭിമാനത്തോടെ പറഞ്ഞു: ഞാനാ ഫസ്റ്റ്.

അതുൽ പറഞ്ഞു: “ഞാൻ വേണ്ടെന്ന് വെച്ചതോണ്ടല്ലേ?’ രണ്ട് പേരും ചെങ്കൽ ചുമരിൽ കേറി. പിന്നാലെ കയറി വരുന്നവരെ നോക്കി അതുൽ വെളുത്ത ടവ്വലെടുത്ത് വീശി. സയുവിന്റെ കയ്യിൽ ചുവന്ന തൊപ്പി.
കുട്ടിപ്പട്ടാളം കോട്ടയുടെ ഒരു മൂലയിൽ കയറി നിന്നു. ഒരു ഭാഗം അറബിക്കടൽ. മറുഭാഗം കരയിൽ തെങ്ങിൻ തലപ്പുകൾ, അനിയത്തിയുടെ മകൾ സെനയുടെ ആഹ്ളാദം: “ഇവിടെ നിന്നാൽ കേരളം മുഴുക്കെ കാണാലോ പടച്ചോനേ.’

“നമ്മുടെ പരശുരാമൻ മഴുവെറിഞ്ഞ് കേരളം ഉണ്ടാക്ക്യത് ഇവിടുന്നാണോ? “മിയയുടെ കണ്ണുകൾ വിടർന്നു. “ശരിയാ… ഇവിടന്ന് മഴുവെറിഞ്ഞാൽ കന്യാകുമാരീച്ചെന്ന് വീഴുമെന്ന കാര്യത്തിൽ ഒട്ടും സംശല്യാ…’ ചിരിച്ചുകൊണ്ട് ജുനു ഉത്തരം പറഞ്ഞു.
അനിയന്റെ മകൾ, കുവൈറ്റിൽ നിന്ന് അവധിക്കാലത്തെത്തിയവൾ, എന്റെ മേലോടൊട്ടി. “ഉവ്വാപ്പാ… ഹൂ ഈസ് ദിസ്… പരശുറാമൻ?’

എല്ലാവരും ചിരിച്ചു. പരശുരാമൻ മഴുവെറിഞ്ഞാണ് കേരളമുണ്ടായതെന്ന പുരാവൃത്തം ഫെദുവിനറിയില്ല. ഞാൻ പറഞ്ഞു: “ഫെദൂ… ദാറ്റീസ്. അനദർ മിത്ത്.’ “ന്റമ്മോ, ഈ ഇന്ത്യലെ ഓരോരോ മിത്തുകള്…’ ഫെദു തലയിൽ കൈവെച്ചു: “ഉവ്വാപ്പയൊന്ന് പരശൂന്റെ കഥ  പറയൂ'” .  ഇതും പറഞ്ഞ് കുട്ടിപ്പട്ടാളം ചെങ്കല്ലിന്മേൽ ഇരുന്നു. കഥ കേൾക്കാൻ തയ്യാറായി.

ഞാൻ പറഞ്ഞു: “യാരി പറയു”.
യാരി എന്നെ നോക്കി മെല്ലെ പറഞ്ഞു: “പണ്ടു പണ്ട് ഭഗീരഥൻ എന്നൊരു രാജാവുണ്ടായിരുന്നു. ഭഗീരഥൻ ഗംഗാനദിയെ ഭൂമിയിലെത്തിച്ചു. ഗംഗാനദി സമുദ്രത്തിലേക്ക് കുതിക്കവേ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ഗോകർണ്ണം എന്ന സ്ഥലത്തെ മഹർഷിമാർ പരശുരാമനെ കണ്ട് സഹായമഭ്യർത്ഥിച്ചു; രാപ്പാർക്കാനൊരിടം വേണം. അങ്ങനെ പരശുരാമൻ അവർക്ക് വീണ്ടെടുത്ത് കൊടുത്ത സ്ഥലമാണ് കേരളം. മഴുവെറിഞ്ഞുണ്ടാക്കിയ സ്ഥലമാണ് കേരളം എന്ന വിശ്വാസം ഈ കഥയിൽ നിന്നാണുണ്ടാവുന്നത്.”

“കേരളത്തെ പാതാള ദേശമാക്കി പുരാണങ്ങളിൽ പറയുന്നത് എന്തുകൊണ്ടാണ് ഉവ്വാപ്പാ? ജൂനുവിന്റെ ചോദ്യം എന്റെ നേർക്ക്.
ഞാൻ ഉത്തരം കൊടുത്തു: “മുമ്പുള്ളവർ ലോകത്തെ സ്വർഗം, ഭൂമി, പാതാളം എന്നിങ്ങനെ മൂന്നായി തരം തിരിച്ചിരുന്നു. ഹിമാലയമുകളിലെ പ്രദേശം സ്വർഗം. ഹിമാലയത്തിനും വിന്ധ്യാ പർവ്വതത്തിനുമിടയിലുള്ള സ്ഥലം ഭൂപ്രദേശം. വിന്ധ്യക്ക് തെക്ക് പാതാളം. കേരളമടക്കമുള്ള തെക്കൻ രാജ്യങ്ങളുടെ സ്വഭാവ വിശേഷങ്ങൾ പുരാണങ്ങളിലെ പാതാള വർണനകളിൽ പറഞ്ഞത് തന്നെയാണ്.’

“മറ്റ് പുരാണ ഗ്രന്ഥങ്ങളിൽ കേരളത്തെക്കുറിച്ച് എന്തെങ്കിലും പറഞ്ഞി ട്ടുണ്ടോ?’ ഹാഷിയ ചോദിച്ചു.
ദേവീ ഭാഗവതത്തിൽ കേരളൻ എന്നൊരു രാജാവിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. മഹാഭാരതത്തിൽ തെക്കേ ദേശത്തെക്കുറിച്ച് പറയുമ്പോൾ ദ്രാവിഡം, കേരളം, മൂഷികം, കർണാടകം എന്നീ നാടുകളെക്കുറിച്ച് പറഞ്ഞിട്ടുണ്ട് ഞാൻ മറുപടി പറഞ്ഞു.

“പുരാതനകാലത്ത് തന്നെ കേരളം ഇന്ത്യയാകെ അറിയപ്പെട്ടിരുന്നു എന്നർത്ഥം” അതുൽ അഭിമാനത്തോടെ പറഞ്ഞു.
“സംശയമെന്ത്? ദ്രാവിഡരായിരുന്നു കേരളത്തിലെ പ്രാചീന ജനങ്ങളെന്നതാണ് പൊതു സങ്കൽപ്പം. അതിന് മുമ്പ് ഇവിടെയുണ്ടായിരുന്ന മലവാരക്കാരും പിന്നീട് വന്നുകൂടിയവരും ചേർന്നുണ്ടായതാണ് കേരളീയരെന്ന് കരുതപ്പെടുന്നു.’ ഞാൻ പറഞ്ഞു.
“ഉവ്വാപ്പാ, ഇതൊക്കെ പുരാവൃത്തങ്ങളും കഥകളുമൊക്കെയല്ലേ. ചരിത്ര രേഖകളിൽ പഴയ രാജാക്കന്മാരെക്കുറിച്ച് എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ ?
മിണ്ടാതിരുന്ന യാരിയുടെ സംശയം.

‘ക്രിസ്തുവർഷം തുടങ്ങിയശേഷം അഞ്ചാറ് നൂറ്റാണ്ട് കാലം കേരളം ഭരിച്ചത് ആയ് രാജാക്കന്മാരും ചേര രാജാക്കന്മാരും ചോള രാജാക്കന്മാരുമാണെന്ന് കാണുന്നു. ഈ നാളുകളെ സംഘകാലമെന്ന് വിളിക്കുന്നു. എഡി 550 ന് ശേഷം തൊൽകാപ്പിയർ എന്ന രാജാവ് കേരളം ഭരിച്ചിരുന്നു. എഡി 800 മുതൽ 1102 വരെ രണ്ടാം ചേര സാമ്രാജ്യ ഭരണകാലം. കുലശേഖരവർമ്മയാണ് സ്ഥാപകൻ. ഒമ്പത് രാജാക്കന്മാർ ഈ കാലത്ത് കേരളം ഭരിച്ചു. ഒടുവിൽ ചോളന്മാർ തോറ്റു. പിന്നീടാണ് കേരളത്തിലെ ജന്മി സമ്പ്രദായവും നാടുവാഴിമാരുടെ ഭരണവും മരുമക്കത്തായ കുടുംബ സമ്പ്രദായവും നമ്പൂതിരിമാരുടെ മേധാവിത്വവും ഒക്കെ രൂപപ്പെടുന്നത്.’ ഞാൻ പറഞ്ഞു നിർത്തി. പറഞ്ഞതിൽ ഏറെയും ഫെദുവിനും സയുവിനും മനസ്സിലായിട്ടില്ലെന്നത് സത്യം. ഞാൻ മനസ്സിൽ പറഞ്ഞു: ഈ ചരിത്രമൊക്കെ അവർ വലുതാവുമ്പോൾ മനസ്സിലാക്കിക്കൊള്ളും.

“ഉവ്വാപ്പാ, കൊച്ചീലും കോഴിക്കോട്ടുമൊക്കെ രാജഭരണം തുടങ്ങിയതെപ്പോഴാ?’ സെന ചോദിച്ചു.

“പന്ത്രണ്ടാം നൂറ്റാണ്ടോടെയാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നാല് രാജവംശങ്ങളുണ്ടായത്. വടക്ക് കോലത്ത് നാട്, കോലത്തിരിക്കാരാണ് ഭരിച്ചത്. മധ്യകേരളത്തിൽ നെടിയിരിപ്പ് സ്വരൂപം. കോഴിക്കോട് സാമൂതിരി രാജവംശം. സാമൂതിരിമാർ കോഴിക്കോടിനെ ലോകപ്രശസ്ത തുറമുഖ നഗരമാക്കി. കൊടുങ്ങല്ലൂരിൽ നിന്ന് കുടിയേറിയ പെരുമ്പടപ്പ് സ്വരൂപക്കാർ കൊച്ചി രാജവംശമുണ്ടാക്കി. കൊല്ലം തലസ്ഥാനമാക്കി വേണാട് രാജവംശം തെക്കൻ കേരളത്തിലെ അധിപന്മാരായി.’ ഞാൻ പറഞ്ഞു.

“ഇവരൊക്കെ ഏത് കാലം വരെ കേരളം ഭരിച്ചു?’

“പതിനഞ്ചാം നൂറ്റാണ്ട് വരെ സ്വത്രന്ത ഭരണം നടത്തി. യൂറോപ്യൻമാരുടെ വരവോടെ കേരള ഭരണത്തിൽ പല മാറ്റങ്ങളുമുണ്ടായി.’ ഞാൻ പറഞ്ഞു.

“ഇവരല്ലാതെ മറ്റ് രാജവംശങ്ങളൊന്നും കേരളത്തിലുണ്ടായിരുന്നില്ലേ?’ ജുനു ചോദിച്ചു.

“ഉണ്ടായിരുന്നു. ചെറിയ രാജവംശങ്ങൾ. എളയടത്ത് സ്വരൂപം. ഓടനാട്, പുറക്കാട്, തെക്കുംകൂർ, വടക്കുംകൂർ, പറവൂർ, ആലങ്ങാട്, കൊടുങ്ങല്ലൂർ, തലപ്പിള്ളി, വള്ളുവനാട്, പരപ്പനാട്, കടത്തനാട്, കോട്ടയം, നീലേശ്വരം, കമ്പള തുടങ്ങി തെക്ക് തൊട്ട് വടക്ക് വരെ പല രാജവംശങ്ങളുണ്ടായിരുന്നു. പ്രധാന രാജവംശങ്ങളുടെ ആശ്രിതന്മാരോ സഹായികളോ ആയിരുന്നു എല്ലാവരും. യൂറോപ്പുകാർ വന്നശേഷം പോർച്ചുഗീസുകാരുടേയോ ഇംഗ്ലീഷുകാ രുടേയോ പാവകളും.’ ഞാൻ പറഞ്ഞു.

‘ന്റുമ്മോ… എത്രയെത്ര രാജവംശങ്ങളാ… ഇതൊക്കെ പഠിച്ച് വെക്കണെങ്കില് രണ്ട് തല വേണം.’ മിയ തലയ്ക്കടിച്ചു.
“(പധാന രാജവംശങ്ങളെക്കുറിച്ച് മനസ്സിലാക്കിയാമതി. ചരിത്രം പഠിക്കുമ്പോ അതൊക്കെ തലയില് കേറിക്കൊള്ളും.’ ഫൈസി പറഞ്ഞു.
“നീലൂസേ.. ചരിത്രം പറഞ്ഞിരുന്നാ കോട്ടയും കടലും കാണാനാവുമോ? സയു ചോദിച്ചു. ഫൈസി പറഞ്ഞു: കോട്ടയെന്ന് പറഞ്ഞാൽ ഇക്കാണുന്നത് തന്നേയുള്ളൂ. ഇതാ അതുവഴി കടപ്പുറത്തേക്കിറങ്ങാം.’
“നീലൂസേ… നമുക്കൊന്ന് കറങ്ങി വന്നാലോ?’ ഫെദു ചോദിച്ചു.
“ഓ… നടന്ന് കണ്ടോളൂ… ഞാനിവിടിരുന്ന് പഴയ കേരളം സ്വപ്നം കാണാൻ പോവ്വാണ്.’ ഞാൻ പറഞ്ഞു.
ബാസിം പറഞ്ഞു: “ഞങ്ങൾ നാല് പേർക്ക് മറ്റൊരു പരിപാടിയുണ്ട്.”
“അതെന്താ?’ ഞാൻ ചോദിച്ചു.
“ഇവരൊക്കെ പോട്ടേ, എന്നിട്ട് പറയാം.” അതുൽ ചിരിച്ചു.
മറ്റുള്ളവർ ഫൈസിയുടെ കൂടെ നടന്നു. അതുലും ഫെദുവും ജുനുവും ബാസിമും ബാക്കിയായി. ഫെദു പറഞ്ഞു: “ഉവ്വാപ്പാ… ഞങ്ങൾ ഒരു അടിപൊളി സ്കിറ്റ് അവതരിപ്പിക്കാൻ പോവ്വാ.”
“വെരിഗുഡ്. ഇറ്റ്സ് റിയലി എ ഗ്രേറ്റ് ഐഡിയാ.’ ഞാൻ പറഞ്ഞു. ബാസിം പറഞ്ഞു: “പഴയ കേരളത്തെക്കുറിച്ചൊരു സ്കിറ്റ് അവതരിപ്പിക്കാനാണ് ഞങ്ങളുടെ പരിപാടി.”
“സൈനത്താത്തേം താനിയത്താത്തേം ഞെട്ടും’ ഫെദു പറഞ്ഞു.
നാൽവർസംഘം റിഹേഴ്സൽ തുടങ്ങി.

ഞാനൽപ്പം മാറിയിരുന്നു. കോട്ടയ്ക്ക് താഴെ വന്നടിച്ച് തകരുന്ന തിരമാലകളെ നോക്കി. നുരയുന്ന തിരമാലകളിൽ സാഹസങ്ങളുടേയും വിസ്മയങ്ങളുടേയും ചരിത്ര നിമിഷങ്ങൾ.

ചുറ്റിക്കറങ്ങി കുട്ടിപ്പട്ടാളം നീലൂസിനൊപ്പം തിരിച്ചെത്തി. അപ്പോഴേക്ക് ബാസിമും സംഘവും സ്കിറ്റവതരിപ്പിക്കാൻ തയ്യാറായിക്കഴിഞ്ഞിരുന്നു. മറ്റുള്ളവർ കോട്ടയുടെ അരച്ചുമരിൽ കേറിയിരുന്നു.

ബാസിമിന്റെ സംഘം അവതരണത്തിന് തയ്യാറായി. നീലാകാശം അവർക്ക് പിന്നിൽ തിരശ്ശീലയായി, സംഘാംഗങ്ങൾ വശം ചേർന്ന് നിൽപ്പായിരുന്നു. അവരുടെ ശബ്ദം : ‘ടക്… ടക്.. ടക്… ടക്…’ അതുൽ തലയിലൊരു കെട്ട് കെട്ടി മുന്നോട്ട് വന്നു: “നാട്ടുകാരേ… കൂട്ടുകാരേ.. മാന്യ മഹാജനങ്ങളേ… ആഫ്രിക്കയിലെ മൊറോക്കയിൽ ജനിച്ച്, ഇരുപത്തിരണ്ടാം വയസ്സിൽ ലോകപര്യടനത്തിനിറങ്ങി, ഇരുപത്തൊമ്പത് കൊല്ലം അറിയാവുന്ന ദേശങ്ങളിലെല്ലാം ചുറ്റിക്കറങ്ങി സഞ്ചാരികളിൽ മഹാസഞ്ചാരിയായി മാറിയ… മഹാനായ… ‘ അതുൽ ആദരം തുളുമ്പുന്ന മുഖത്തോടെ പറഞ്ഞു നിർത്തി. കുട്ടിപ്പട്ടാളം ആകാംക്ഷയോടെ അതുലിനെ നോക്കി. അതുൽ തലതാഴ്ത്തി ശബ്ദം ഉയർത്തി പറഞ്ഞു: “മഹാനായ ലോകസഞ്ചാരിയിതാ യാത്രയ്‌ക്കൊടുവിൽ നിങ്ങൾക്ക് മുന്നിൽ…”

അതുൽ വീണ്ടും അഭിവാദനം നടത്തി ഒരു വശത്തേക്ക് മാറി. പെട്ടെന്ന് മിന്നുന്ന നീളക്കുപ്പായവും തലേക്കെട്ടുമണിഞ്ഞ ബാസിം മുന്നോട്ട് വന്നു. പിന്നിൽ കറുത്ത മുഖം മൂടിയും കരിന്തൊപ്പിയുമിട്ട് തല കുനിച്ച് നില്ക്കുന്ന ഫെദു വെളുത്തു തുടുത്ത അവളുടെ മുഖം ഒരടിമയുടെ നിർജീവ ഭാവമായി. കുട്ടിപ്പട്ടാളത്തിന് അവളുടെ ഭാവമാറ്റം ഇഷ്ടമായി. അപ്പോൾ തലേക്കെട്ടഴിച്ച് അരയിൽ കെട്ടി അതുൽ മുന്നോട്ട് വന്ന് ബാസിമിനെ വണങ്ങി: ‘അസ്സലാമുഅലൈക്കും ഇബ്‌നുബത്തൂത്താ സാബ്.’

ബാസിമും ഫെദുവും പ്രതിവചിച്ചു: “വ അലൈക്കും മുസ്സലാം വഹ്മത്തുള്ളാഹി വബറ കാത്തു ഹു.’

“ബത്തൂത്താ സാബ്… രാജ്യങ്ങളായ രാജ്യങ്ങളൊക്കെയും താങ്കൾ സഞ്ചരിച്ചു കണ്ടിരിക്കുന്നു. അനേകം രാജ്യങ്ങളും അവിടത്തെ രാജാവും ജനങ്ങളും അങ്ങയെ സ്വീകരിച്ചു.” അതുലിന്റെ വാക്കുകൾ കേട്ട് ബാസിം അഭിമാനത്തോടെ തലയുയർത്തി. പുഞ്ചിരി പൊഴിച്ചു. ഫെദു എന്ന സേവകൻ തല കുലുക്കി.

അതുൽ ചോദിച്ചു: “അങ്ങുന്നിന്റെ നീണ്ട യാത്രയ്ക്കിടയിൽ ചുറ്റിക്കറങ്ങിയ രാജ്യങ്ങളിൽ ഏറ്റവും വിശേഷപ്പെട്ട രാജ്യമേത് ബത്തൂത്താ സാബ്?’ – ”

പല രാജ്യങ്ങളും വിശേഷപ്പെട്ടത് തന്നെ. എന്നാൽ എല്ലാം ഓർത്തു നോക്കുമ്പോൾ ഒരു രാജ്യം എന്റെ ഓർമയിലുയരുന്നു. പല രാജ്യക്കാർ ഒത്തു ചേരുകയും ഏത് നേരത്തും എവിടെയും സഞ്ചരിക്കാനാവുകയും ചെയ്ത ഒരു സുവർണദേശം.’ ഇബ്‌നുബത്തൂത്ത അങ്ങോട്ടുമിങ്ങോട്ടും നടന്ന് ഓർമകളിൽ മുങ്ങിത്തപ്പുന്നു.

പിന്നാലെ നടന്ന് അതുൽ അന്വേഷിച്ചു: “ഏതാണാദേശം?’
സുഗന്ധ ദ്രവ്യങ്ങളുടെ നാട്, കറുത്ത പൊന്നിന്റെ ദേശം, കേര വൃക്ഷ ങ്ങളുടെ രാജ്യം.
“സാബ്… ഏതാണാനാട്!’
“1333 ൽ ഹിന്ദുക്കുഷ് പർവ്വതം കടന്ന് ഇന്ത്യാ രാജ്യത്ത് പ്രവേശിച്ച ഞാൻ വർഷങ്ങൾ കൊണ്ടാണ് ആ നാട്ടിലെത്തിയത്. തെക്കെ അറ്റത്തൊരു രാജ്യം. അവിടെയെത്തി ഗോകർണത്ത് നിന്ന് കൊല്ലത്തേക്ക് സഞ്ചരിക്കാൻ രണ്ട് മാസത്തെ വഴി ദൂരമുണ്ട്. മംഗലാപുരം, ഏഴിമല, കോഴിക്കോട്, ചാലിയം, കൊടുങ്ങല്ലൂർ, കൊല്ലം തുടങ്ങിയ പട്ടണങ്ങളിലെല്ലാം ഞാൻ സഞ്ചരിച്ചു.’ ബത്തൂത്ത പറഞ്ഞു നിർത്തി. ഈ പ്രദേശങ്ങളുടെ പഴയ പേരുകൾ ബാസിമിനറിയില്ലെന്നുണ്ടോ? അതോ മറ്റുള്ളവർക്ക് മനസ്സിലാകുവാൻ പറഞ്ഞതോ?

ബത്തൂത്ത ഓർത്തു: “വഴികളിലൊക്കെയും വൃക്ഷങ്ങൾ, ഓരോ അര നാഴികയിലും വിശ്രമിക്കാൻ വഴിയമ്പലങ്ങൾ. വഴിയമ്പലങ്ങളിൽ കുടി വെള്ളം കോരിക്കൊടുക്കാൻ ആളുകൾ…’
“ഇബ്നു ബത്തൂത്താ സാബ്, ഏതാണീ മനോഹരദേശം?’
“ജനവാസമോ കൃഷിയോ ഇല്ലാത്ത ഒരിടവുമില്ലിവിടെ. ഇവിടത്തുകാർ മൃഗങ്ങളെ വാഹനമാക്കുന്നില്ല. രാജാക്കന്മാർക്ക് മാത്രമേ കുതിരസ്സവാരി പാടുള്ളൂ. അടിമകൾ പേറി നടക്കുന്ന മഞ്ചൽ എന്ന വാഹനത്തിൽ തമ്പുരാക്കന്മാരും തമ്പുരാട്ടികളും സഞ്ചരിക്കുന്ന ദേശം.

“എന്റെ ക്ഷമ പരീക്ഷിക്കുകയാണോ സാബ്?” അതുൽ ബത്തൂത്തയുടെ മുന്നിലേക്ക് വന്നു. ഫെദു തടഞ്ഞു. ബത്തൂത്ത് തുടർന്നു: “ആ രാജ്യത്ത് പന്ത്രണ്ട് രാജാക്കന്മാർ. ഓരോ രാജാവിനും അമ്പതിനായിരത്തോളം പടയാളികൾ. ഈ ദേശക്കാർ പിന്തുടരുന്ന സമ്പ്രദായം വിശേഷപ്പെട്ടതാണ്, നാടുവാഴികളുടെ പിൻവാഴ്ച്ചക്കാർ മക്കളല്ല, ആൺമക്കളല്ല, സഹോദരീമക്കളാണ്. മരുമക്കൾ. ഈ സമ്പ്രദായം മരുമക്കത്തായം എന്നറിയപ്പെടുന്നു. ആഫ്രിക്കയിലെ നൈഗർ നദീ തീരത്തല്ലാതെ മരുമക്കത്തായ സമ്പ്രദായം ഞാൻ മറ്റൊരിടത്തും കണ്ടിട്ടില്ല.’

“എന്റുമ്മോ… വിശേഷപ്പെട്ട ഈ നാടേതെന്ന് പറഞ്ഞാട്ടേ?’
“ഏത് രാജ്യത്തേക്ക് എനിക്കിനിയും പോകാനാഗ്രഹമുണ്ടോ ആ മഹാ രാജ്യം.” കണ്ണുതുറിച്ച് നില്ക്കുന്ന അതുൽ എന്ന വഴിപോക്കനെ നോക്കി ബത്തൂത്ത പറഞ്ഞു: “മലബാർ എന്ന ദേശമടങ്ങുന്ന കേരളനാട്.”

കുട്ടിപ്പട്ടാളം അറിയാതെ കൈമുട്ടിപ്പോയി. അത്ഭുതപ്പെട്ട് നില്ക്കുന്ന വഴി പോക്കൻ താണുവണങ്ങി അപേക്ഷിച്ചു: “ബത്തൂത്താ സാബ് അങ്ങിനി അവിടെ പോകുമ്പോൾ ഈ പാവത്താനെയും കൊണ്ട് പോകണേ…”

“നാം പരിഗണിക്കാം. ഇരുപത്തൊമ്പത് വർഷത്തെ നീണ്ട യാത്ര കഴിഞ്ഞ് വന്നെത്തിയതല്ലേയുള്ളൂ. ഇപ്പോഴൽപ്പം വിശ്രമിക്കട്ടെ.’ ബത്തൂത്ത തലയുയർത്തി വശത്തേക്ക് നടന്നു. സേവകൻ പിന്നാലെയും.

അല്പം കഴിഞ്ഞ് അതുൽ സ്റ്റേജിന് നടുവിലെത്തി. വായയാലൊരു ചെണ്ടകൊട്ട്: “ടക്… ടക്… ടക്… ടക്…”
അതുൽ പറഞ്ഞു: “ഇത് കെട്ടുകഥയല്ല. ചരിത്രരേഖയാണ്. ഇബ്‌നുബത്തൂത്ത ‘തഹ്ഫത്തു നന്നാർ’ എന്ന ഗ്രന്ഥത്തിൽ എഴുതിവെച്ച കാര്യങ്ങൾ. ചീനയിൽ നിന്നും അറബ് നാടുകളിൽ നിന്നും യൂറോപ്പിൽ നിന്നും വന്നെത്തിയ സഞ്ചാരികൾ കേരളത്തെക്കുറിച്ച് മറിച്ചൊന്ന് പറഞ്ഞിട്ടില്ല. രാഷ്ട്രങ്ങളുടെ സംഗമ കേന്ദ്രം. സത്യത്തിന്റെ തുറമുഖം. മതമൈത്രിയുടെ സുവർണ ദേശം. നമ്മുടെ കേരളം.” വീണ്ടും ചെണ്ട കൊട്ട്: ‘ടക്… ടക. ടക്… ടക്…’

അതുൽ സദസ്സിനെ കുമ്പിട്ട് വണങ്ങി. കുട്ടിപ്പട്ടാളം കൈയടിച്ചഭിനന്ദിച്ചു. കടലലകളുടെ നിർത്താത്ത കരഘോഷം. ഞാൻ പറഞ്ഞു: “വെരിഗുഡ് ” അൽപ്പനേരം പതിനഞ്ചാം നൂറ്റാണ്ടിലെ കേരളത്തിലേക്ക് പോയ കുട്ടിപ്പട്ടാളത്തോട് ഞാൻ ചോദിച്ചു: “പതിനഞ്ചാം നൂറ്റാണ്ടിന് ശേഷമുള്ള കേരളത്തെക്കുറിച്ചും നിങ്ങൾക്കറിയാമല്ലോ? ”

”1498 ൽ വാസ്‌ക്കോഡ ഗാമ കോഴിക്കോട്ടെത്തുമ്പോൾ കേരളം പല നാട്ടു രാജാക്കന്മാർ ഭരിക്കുകയായിരുന്നു. അവർക്ക് പിന്നാലെ ഡച്ചുകാരും ഫ്രെഞ്ചുകാരുമെത്തി. ഇംഗ്ലണ്ടിലെ ഈസ്റ്റിന്ത്യാ കമ്പനിക്കാരും വന്നെത്തി.

നാട്ടുരാജ്യങ്ങളെ തമ്മിലടിപ്പിച്ച് അവരധികാരം ഉറപ്പിച്ചു. നമ്മുടെ സമ്പത്തെല്ലാം കൊള്ളയടിച്ചു കൊണ്ടുപോയി.’ അതുൽ ഒരൊറ്റ വീർപ്പിൽ ചരിത്രം പറഞ്ഞു.

അയിഷയ്ക്ക് അതുലിന്റെ ആളാകൽ ഇഷ്ടമല്ല. അവൾ പറഞ്ഞു: “ഇതാർക്കാണറിയാത്തത്? രാജാക്കന്മാരും നാടുവാഴികളും ഇംഗ്ലീഷുകാർക്ക് അടിയറവ് പറഞ്ഞു. ഒരു നൂറ്റാണ്ടിലധികം കാലം അവർ ഇന്ത്യ ഭരിച്ചു. പിന്നെ ഇംഗ്ലീഷുകാർക്കെതിരായ ദേശീയ സമരം. നാൽപ്പത്തിയേഴിൽ ഇന്ത്യക്ക് സ്വാതന്ത്ര്യം. അപ്പോൾ മലബാർ മദിരാശി രാജ്യത്തിന്റെ ഭാഗമായിരുന്നു. തിരുകൊച്ചി മഹാരാജ്യം.” അയിഷ ഒന്ന് നിർത്തി വീണ്ടും തുടർന്നു: “പിന്നെ ആയിരത്തിത്തൊള്ളായിരത്തി അമ്പത്താറ് നവംബർ ഒന്നിന് കേരള സംസ്ഥാനത്തിന്റെ പിറവി. തിരുകൊച്ചിയും മലബാറുമൊക്കെ ഒന്നായി ഒരൊറ്റ കേരളം.’

“വെരി വെരി ഗുഡ്. കേരളത്തിന്റെ ചരിത്രം നിങ്ങൾക്കറിയാമെന്നർത്ഥം?’ ഞാൻ പറഞ്ഞു.
അപ്പോൾ യാരിയുടെ ചോദ്യം: “കേരള കഥ പറഞ്ഞിരുന്നാൽ വിശപ്പടങ്ങ്വോ ?”
നീലൂസ് താഴെ ഹോട്ടലിൽ ഭക്ഷണം പറഞ്ഞ് വെച്ചിരുന്നു. രാത്രി താമസിക്കാനിടവും ഒരുക്കിയിരുന്നു. കുട്ടിപ്പട്ടാളം കോട്ടയിറങ്ങിത്തുടങ്ങി.
കടൽക്കാറ്റിനപ്പോൾ വലിയ ആവേശമായിരുന്നു. കാറ്റ് കുട്ടിപ്പട്ടാളത്തോട് മൗനം മൊഴിഞ്ഞു: “ഈ കാറ്റിൽ നിങ്ങളുടെ പ്രിയപ്പെട്ട നാടിന്റെ കഥകൾ നിറഞ്ഞ് നില്ക്കുന്നു.”
ആവേശമേറ്റുവാങ്ങി കുട്ടിപ്പട്ടാളം താഴെ നിരത്തിൽ നിർത്തിയിട്ട, ബസ്സിലേക്കോടുന്നു. ഏറ്റവും മുന്നിൽ പറക്കുന്ന മഴുപോലെ സയു.

0 Comments

Leave a Comment

FOLLOW US