1984 എപ്രിൽ 3. ഇന്ത്യൻ സമയം വൈകീട്ട് 6.38-ന് മോസ്കോയിൽനിന്ന് 2000 കിലോമീറ്റർ അകലെ സോവിയറ്റ് കസാഖിസ്താനിലെ ബൈക്കനൂർ കോസ്മോഡ്രാമിൽ നിന്നായിരുന്നു ആ ബഹിരാകാശപ്പറക്കൽ. ഇന്ത്യയും സോവിയറ്റ് യൂണിയനും തമ്മിലുള്ള സംയുക്ത കരാറിന്റെ തുടർച്ചയായി ആദ്യമായി ബഹിരകാശത്തെത്തുന്ന ഒരു ഇന്ത്യക്കാരന്‍ .രാകേഷ് ശര്‍മ്മ  ഇന്ത്യന്‍ ബഹിരാകാശചരിത്രത്തിന്റെ ഭാഗമാവുകയായിരുന്നു,

1.7 കോടി രൂപയായിരുന്നു ആദ്യമായി ഒരാളെ ബഹിരാകാശത്ത് അയയ്ക്കാനുള്ള ഇന്ത്യയുടെ ചെലവ്. റഷ്യൻ നിർമിത ബഹിരാകാശ വാഹനമായ സോയുസ് -T11-ൽ യാത്ര തി രിച്ച അദ്ദേഹം സല്യൂട്ട് 7 എന്ന ബഹിരാകാശ നിലയത്തിൽ എട്ടു ദിവസം (7 ദിവസവും 21 മണിക്കൂറും 40 മിനിറ്റും) ചെലവഴിച്ചു. റഷ്യൻ ബഹിരാകാശ യാത്രികരായ യൂറി മാലിഷേവ്, ഗെന്നഡി സ്ട്രക്കലോവ് എന്നിവരും രാകേഷ് ശർമയോടൊപ്പമുണ്ടായിരുന്നു.

300 ടൺ ഭാരമുള്ള സോയുസ് -T11-ൽ രാകേഷ് ശർമ ആകാശത്തേക്ക് കുതിക്കുമ്പോൾ, അദ്ദേഹത്തോടൊപ്പം യാത്രയ്ക്ക് സർവ തയ്യാറെടുപ്പുകളും നടത്തിയ വിങ് കമാൻഡർ രവീഷ് മൽഹോത്ര മോസ്കോയിൽ പകരക്കാരനായി സർവസജ്ജനായി ഇരിപ്പുണ്ടായിരുന്നു. രാകേഷ് ശർമയ്ക്ക് ഏതെങ്കിലും കാരണവശാൽ ബഹിരാകാശ യാത്ര സാധ്യമല്ലാതെ വന്നാൽ, അതേ സ്ഥാനത്തു ചരിത്രത്തിലൊരു നക്ഷത്രത്തിളക്കുമാവേണ്ടിയിരുന്ന ആളായിരുന്നു രവീഷ്. ഏപ്രിൽ 11 വരെ ബഹിരാകാശത്തു തങ്ങിയ രാകേഷും കൂട്ടരും 120 തവണ ഭൂമിയെ ചുറ്റിയത്രെ. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാകേഷിനോടു യാത്രയെക്കുറിച്ച് സംസാരിച്ചപ്പോൾ ചോദിച്ചു: ”മുകളിൽ നിന്ന് ഇന്ത്യയെക്കാണാൻ എങ്ങനെയുണ്ട് ?” കാവ്യാത്മകമായിരുന്നു രാകേഷിൻറ മറുപടി. ”സാരേ ജഹാംസെ അച്ഛാ” (എല്ലാ ദേശങ്ങളെ ക്കാളും സുന്ദരം ).

1949 ജനുവരി 13-ന് പഞ്ചാബിലെ പട്യാലയിൽ ആണ് രാകേഷ് ജനിച്ചത്. 1961-ൽ റഷ്യൻ ബഹിരാകാശ സഞ്ചാരി യൂറി ഗഗാറിൻ ആദ്യ ബഹിരാകാശയാത്ര നടത്തുമ്പോൾ കേവലം 12 വയസ്സായിരുന്നു രാകേഷിന്. ആ പത്രവാർത്ത വായിച്ചപ്പോഴെ ബഹിരാകാശ യാത്ര എന്ന സ്വപ്നം സാകേഷിന്റെ മനസ്സിലുദിച്ചു. ഹൈദ്രാബാദിൽ വളർന്ന രാകേഷ് 1970-ൽ വ്യോമസേനയിൽ ടെസ്റ്റ് പൈലറ്റായി ജീവിതം ആരംഭിച്ചു. ബംഗ്ലാദേശ് യുദ്ധകാലത്ത് വിമാനത്തിൽ 21 ദൗത്യങ്ങളിൽ പങ്കാളിയായി.

1984 -ൽ വ്യോമസേനയിൽ സ്ക്വാഡ്രൺ ലീഡർ പദവിയിലിരിക്കെയാണ് അദ്ദേഹം ബഹിരാകാശ ദൗത്യത്തിന് തിരഞ്ഞടുക്കപ്പെട്ടത്. ബഹിരാകാശ ചരിത്രത്തിൽ ഇന്ത്യയുടെ സ്ഥാനം ഉയരങ്ങളിൽ എത്തിച്ച രാകേഷ് ശർമയ്ക്ക് അശോകചക്രം ബഹുമതി നൽകി രാജ്യം ആദരിച്ചു. ഹീറോ ഓഫ് സോവിയറ്റ് യൂണിയൻ നൽകി റഷ്യൻ സർക്കാരും രാകേഷ് ശർമയെ ആദരിച്ചു. രാകേഷ് ശർമയ്ക്കൊപ്പം സോവിയറ്റ് യൂണിയൻ ബഹിരാകാശ യാത്രികരായ യൂറി മാലിഷേവിനും ഗെന്നഡി സ്ട്രക്കലോവിനും അശോക ചക്രം നൽകി ഭാരതം ആദരിച്ചു. യു.എസ്.എസ്.ആറിൻറ ഓർഡർ ഒാഫ് ലെനിൻ ബഹുമതിയും രാകേഷ് ശർമയെ തേടിയെത്തി. രാകേഷ് ശർമയുടെ ചരിത്രനേട്ടത്തിനു 18 വർഷം കഴിഞ്ഞ് ആദ്യമായി ഒരു വനിതയിലൂടെ ഇന്ത്യ വീണ്ടും ബഹിരാകാശത്തെ നക്ഷത്രത്തിളക്കമായി. 1997-ൽ കല്പന ചൗളയുടെ ബഹിരാകാശ യാത്രയിലൂടെയായിരുന്നു ഈ മികവ്. രാകേഷിൻറത് റഷ്യൻ സഹകരണത്തോടെയുള്ള യാത്രയായിരുന്നുവെങ്കിൽ, അമേരിക്കയുടെ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയിൽ നിന്നായിരുന്നു കല്പനയുടെ യാത്ര. ബഹി രാകാശ യാത്ര കഴിഞ്ഞ് കുറച്ചുകാലത്തിനകം പൈലറ്റ് ഉദ്യോഗം ഉപേക്ഷിച്ച രാകേഷ് ശർമ പിന്നീട് ബാംഗ്ലൂരിലെ ഐടി സ്ഥാപനത്തിൽ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായും പ്രവർത്തിച്ചിരുന്നു.

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content