മാപ്പില്ലാത്ത കൂട്ടക്കുരുതി
ഇന്ത്യൻ ചരിത്രത്തിലെ കറുത്ത ഏടാണ് ജാലിയൻവാലാ ബാഗ് കൂട്ടക്കുരുതി നടന്ന ദിനം. രക്തരൂഷിതമായ ആ സംഭവത്തെക്കുറിച്ച്..
ബ്രിട്ടീഷ് അധികാരികൾക്കെതിരായ ഗൂഢാലോചന തടയാനും ഇന്ത്യൻ സ്വാതന്ത്ര്യപ്രക്ഷോഭങ്ങളെ നിയന്ത്രിക്കാനും ലക്ഷ്യമിട്ട് 1919 മാർച്ച് 17-ന് ബ്രിട്ടീഷുകാർ ഇന്ത്യ യിൽ റൗലറ്റ് നിയമം  നടപ്പിലാക്കി. ബ്രിട്ടീഷ് ജഡ്ജിയായിരുന്ന സിഡ്നി റൗലറ്റിൻറ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെതായിരുന്നു നിർദേശങ്ങൾ. വാറൻറ് കൂടാതെ ആരെയും അറസ്റ്റ് ചെയ്യാനും വിചാരണ കൂടാതെ രണ്ടു വർഷംവരെ തുറുങ്കിലടയ്ക്കാനും ഈ നിയമം ഭരണകൂടത്തിന് അനുമതി നൽകി.
1919 ഏപ്രിൽ 6-ന് വില്യം വിൻസെൻറ് ബ്രിട്ടീഷ് സാമ്രാജ്യ നിയമസഭയിൽ ആക്ട് അവതരിപ്പിച്ചതോടെ ഇന്ത്യയിലുടനീളം ഈ കരിനിയമത്തിനെതിരേ പ്രതിഷേധമുയർന്നു. പഞ്ചാബിലായിരുന്നു ബ്രിട്ടീഷ് വിരുദ്ധ സമരങ്ങൾ ഏറെ ശക്തിപ്പെട്ടത്. പഞ്ചാബിലെ ലെഫ്റ്റനൻറ് ഗവർണറായിരുന്ന സർ മൈക്കിൾ ഒ ഡയർ (Michael O’Dwyer) സമരം അടിച്ചമർത്തുന്നതിന് നേതൃത്വം നൽകി. ക്രമസമാധാന നിയമങ്ങൾ കർശനമാക്കുന്നതാണെന്ന് ഇദ്ദേഹം ഏപ്രിൽ 7-ന് പ്ര ഖ്യാപിച്ചു. ഇതനുസരിച്ച് ഏപ്രിൽ 9-ന് നേതാക്കളായ ഡോ. സത്യപാലിനെയും സെഫുദ്ദീൻ കിച്ച്‍ലൂവിനെയും അറസ്റ്റ് ചെയ്ത് അമൃത്സറിൽ നിന്ന് പുറത്താക്കി. ഇതിൽ പ്രതിഷേധിച്ചാണ് 1919 ഏപ്രിൽ 13-ന് പഞ്ചാബിലെ അമൃത്സർ ജില്ലയിലെ ജലിയൻവാലാ ബാഗ് എന്ന മൈതാനത്തിൽ യോഗം നടന്നത്. 
1919 ഏപ്രിൽ 13. സുദീർഘവും ശ്രമകരവുമായ കൃഷിപ്പണി അവസാനിപ്പിച്ചുകൊണ്ടുള്ള കൊയ്ത്തുത്സവമായ “വൈശാഖി’ പഞ്ചാബിലെങ്ങും ആഘോഷിക്കുന്ന സുദിനം. സ്വാഭാവികമായും സുവർണക്ഷേത്രത്തിന്റെ  നഗരമായ അമൃത്സറില്‍  ജില്ലയുടെ വിവിധ ഭാഗത്തു നിന്ന് വന്ന ജനങ്ങൾ തിങ്ങിക്കൂടി. അവർക്കിടയിൽ അനേകം കുട്ടികളുണ്ടായിരുന്നു. അവരുടെ കൈവശം ആയുധങ്ങളൊന്നുമുണ്ടായിരുന്നില്ല. നാലുമണിയോടെ അവരെല്ലാം ജലിയൻവാലാ ബാഗ് മൈതാനത്തെത്തി. യോഗം ആരംഭിച്ചു. റൗലറ്റ് നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട നേതാക്കളുടെ പ്രസംഗം ആരംഭിച്ചു.
ചുറ്റും കെട്ടിടങ്ങളും ഉയർന്ന മതിൽക്കെട്ടുമായിരുന്നു ജാലിയന്‍ വാലാ ബാഗ് സ്ക്വയറിനുണ്ടായിരുന്നത്. പുറത്തേക്ക് കടക്കാൻ ഒരു ഗേറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അമൃത്സർ നഗരത്തിൻറെ ഭരണച്ചുമതലയിലുണ്ടായിരുന്ന സൈനിക മേധാവി ജനറൽ ഡയർ , ഒരു ചെറിയ സായുധ സേനയുമായി മൈതാനം വളഞ്ഞു. മൈതാനത്തിലേക്കുള്ള വാതിലുകൾ തീരേ ഇടുങ്ങിയതും മിക്കതും സ്ഥിരമായി അടച്ചിരിക്കുന്നവയുമായിരുന്നു. പ്രധാന വാതിലാണ് താരതമ്യേന വലുപ്പം കൂടിയതെങ്കിലും ആ പ്രവേശനവാതിൽ ഡയർ സൈനികരെക്കൊണ്ടും വാഹനങ്ങൾകൊണ്ടും അടച്ചിട്ടിരുന്നു. വെളിയിലേക്ക് വഴി തടഞ്ഞ് നിന്നിരുന്ന സെന്യത്തോട് ജനക്കൂട്ടത്തിനുനേരെ വെടിവക്കാൻ ഡയർ നിർദേശിച്ചു. അതിനുമുൻപ് പിരിഞ്ഞുപോകാനുള്ള മുന്നറിയിപ്പൊന്നും നൽകിയിരുന്നില്ല.
സമാധാനപരമായി യോഗം ചേർന്നിരുന്ന നിരായുധരായ ജനങ്ങൾക്കുമേൽ പത്തുമിനിറ്റോളം വെടിവയ്പ് നടന്നു. മരണസംഖ്യ ആയിരത്തിൽപരമായിരുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. സംഘത്തിൽ 50 സൈനികരാണുണ്ടായിരുന്നത്. 90 പേരാണെന്നും പറയപ്പെടുന്നു. മരിച്ചവരിൽ സ്ത്രീകളും കുട്ടികളുമുണ്ടായിരുന്നു. ഭയന്നോടിയ ജനങ്ങൾ രക്ഷപ്പെടാനായി മൈതാനത്തിനുള്ളിലുള്ള കിണറ്റിൽ ചാടി. ഈ കിണറ്റിൽനിന്ന് മാത്രം 120 ശവശരീരങ്ങളാണ് ലഭിച്ചത്. വെടിവയിൽ 379 പേർ കൊല്ലപ്പെട്ടുവെന്നാണ് ബ്രിട്ടീഷ് സർക്കാരിന്റെ കണക്ക്.

0 Comments

Leave a Comment

FOLLOW US