ഏപ്രില്‍ 26 ലോകപുസ്തകദിനമായി ഐക്യരാഷ്ട്രസഭ ആചരിക്കുന്നു. വിശ്വനാടകകൃത്തും കവിയുമായിരുന്ന ഷേക്‌സ്പിയറിന്റെയും ഡോണ്‍കിക്‌സോട്ട് എന്ന ഒരൊറ്റ ചെറു നോവല്‍ കൊണ്ട് സാഹിത്യ ചരിത്രത്തില്‍ ഇടം നേടിയ സെര്‍വാന്റെസിന്റെയും ജന്മദിനമാണിത്. വിശ്വസാഹിത്യത്തിലെ നിത്യവിസ്മയങ്ങളാണ് ഇരുവരും. ഈ ദിനത്തില്‍ നമ്മുടെ ജീവിതത്തില്‍ പുസ്തകങ്ങള്‍ക്കുള്ള പ്രാധാന്യത്തെക്കുറിച്ചും അവയുടെ അമൂല്യതയെക്കുറിച്ചും നാം ചര്‍ച്ചകളും സംവാദങ്ങളും നടത്തേണ്ടതുണ്ട്. ഡിജിറ്റല്‍ സംസ്‌കാത്തിന്റെ കാലത്ത് പുസ്തകങ്ങള്‍ക്ക് എങ്ങനെയാണ് നമ്മെ പ്രചോദിപ്പിക്കാന്‍ ആകുന്നതെന്ന് നമ്മള്‍ തിരിച്ചറിയണം.
ഒരു കേവല മനുഷ്യന്‍ എന്നതിനപ്പുറം വിശ്വമാനവികതയിലേക്കും സാര്‍വലൗകികതയിലേക്കും സ്വയം തുറക്കാനും സഞ്ചരിക്കാനുമുള്ള താക്കോലാണ് പുസ്തകം. ഓരോ പുസ്തകവും ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആയ അനേകം മനുഷ്യരുടെയും ജനസമൂഹങ്ങളുടെയും സംസ്‌കാരങ്ങളുടെയും അടയാളമാണ്.
ലോകപുസ്തകദിനം പുസ്തകങ്ങളുടെ അപൂര്‍വതകളെപ്പറ്റി ചിന്തിക്കാനുള്ള ദിനമായിരിക്കേ തന്നെ നാട്ടിലെ ഒട്ടേറെ ഗ്രാമീണ വായനശാലകളെക്കുറിച്ച് ഓര്‍ക്കാനുള്ള വേള കൂടിയാണ്. അവയില്‍ നിന്നും പുസ്തകം എടുത്തുതന്ന, കൃത്യമായ മറ്റു ജോലിയോ വരുമാനമോ ഇല്ലാത്ത ലൈബ്രേറിയന്മാരായിരുന്ന പാവം ഗ്രാമീണ മനുഷ്യരായിരുന്നു എന്റെ ഗുരുക്കന്മാര്‍. അവരുടെ, പുസ്തകങ്ങള്‍ തെരഞ്ഞെടുത്ത് തരാനുള്ള കഴിവാണ് ഞാനെന്ന വ്യക്തിയെ രൂപപ്പെടുത്തിയത്. ഓരോ കുട്ടിയുടെയും അഭിരുചി മനസ്സിലാക്കി പ്രായത്തിനനുസരിച്ച് പുസ്തകങ്ങള്‍ വായനയ്ക്കു നല്‍കുക എന്നതായിരുന്നു അത്.
– പി.എ.നാസിമുദ്ദീന്‍, കവി