ലോകത്തിലെ ആദ്യ ബഹിരകാശ സഞ്ചാരിയാണ് യൂറി ഗഗാറിന്‍. 1934 മാര്‍ച്ച് ഒന്‍പതിനാണ് അദ്ദേഹം ജനിച്ചത്. ഇന്ന് ഏറ്റവുമധികം പരീക്ഷണങ്ങള്‍ നടക്കുന്ന ബഹിരാകാശ ശാസ്ത്ര രംഗത്തെ മനുഷ്യന്‍റെ ആദ്യ കാല്‍വയ്പ്പ് ആയിരുന്നു സോവിയറ്റ് യൂണിയന്‍റെ 1961 ലെ യൂറി ഗഗാറിന്‍റെ ബഹിരാകാശ യാത്ര.

ഗഗാറിന്‍ സോവിയറ്റ് യൂണിയനിലെ ക്ലുഷിനോ എന്ന ഗ്രാമത്തിലാണ് ജനിച്ചത്. മദ്ധ്യ വര്‍ഗ്ഗ കുടുംബമായിരുന്നു ഗഗാറിന്‍റേത്. അച്ഛനും അമ്മയും ആ കാലഘട്ടത്തില്‍ സോവിയറ്റ് യൂണിയനില്‍ ഉണ്ടായിരുന്ന കൂട്ടുകൃഷി സമ്പ്രദായത്തിലെ കര്‍ഷകരായിരുന്നു. നാലു മക്കളില്‍ മൂന്നാമനായിരുന്ന ഗഗാറിന്‍ പഠിക്കാന്‍ മിടുക്കനായിരുന്നു.

രണ്ടാം ലോകമഹായുദ്ധ കാലത്ത് തന്‍റെ കണക്ക് അദ്ധ്യാപിക യുദ്ധവിമാനം പറപ്പിച്ചത് ഗഗാറിനില്‍ ആവേശം ഉണര്‍ത്തി. സ്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം സാങ്കേതിക വിദ്യാഭ്യാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പടിപടിയായി ഗഗാറിന്‍ പഠിച്ച് മുന്നേറി.

1955 റേന്‍ബെര്‍ഗ് പൈലറ്റ് സ്കൂളില്‍ ഗഗാറിന്‍ തെരഞ്ഞെടുക്കപ്പെട്ടു. മിഗ് 15 പറപ്പിക്കാനുള്ള കഴിവ് ഗഗാറിന്‍ നേടി. സര്‍ക്കാര്‍ ഗഗാറിനെ ഏറ്റവും ദുഷ്കരമായ യുര്‍മസാക് മേഖലയില്‍ നിയമിച്ചു. 1959 ല്‍ അദ്ദേഹം വലന്‍റീന ഗോറിയചേവിനെ പരിചയപ്പെടുകയും വിവാഹം കഴിക്കുകയും ചെയ്തു.

1960 ല്‍ സോവിയറ്റ് യൂണിയനില്‍ ബഹിരാകാശ സഞ്ചാരിക്ക് അനുയോജ്യനായ വ്യക്തിക്കു വേണ്ടി വന്‍ തെരച്ചില്‍ നടന്നു. കഴിവും ബുദ്ധിശക്തിയുമുള്ള ഗഗാറിന്‍ അവസാനം തെരഞ്ഞെടുക്കപ്പെട്ടു. 1961 ഏപ്രില്‍ 12ന് അങ്ങനെ യൂറി ഗഗാറിന്‍ ലോകത്തിലെ ആദ്യ ബഹിരാകാശ സഞ്ചാരിയായി.

തിരിച്ചെത്തിയ ഗഗാറിന് വന്‍ വരവേല്‍പ്പാണുണ്ടായത്. ലെഫ്റ്റനന്‍റ് റാങ്കില്‍ നിന്നും മേജറായി ഉയര്‍ത്തി. റഷ്യന്‍ പ്രസിഡന്‍റ് നികിതാ ക്രുഷ്ചേവ് നേരിട്ട് ഗഗാറിനെ അനുമോദിച്ചു.

ഗഗാറിന്‍ പിന്നീട് ബഹിരാകാശ ശാസ്ത്ര ഗവേഷണങ്ങളില്‍ മേല്‍നോട്ടം വഹിച്ചു. 1968 ല്‍ മിഗ് 15 പറപ്പിച്ചപ്പോള്‍ അതിലെ യന്ത്രത്തകരാറു മൂലം വിമാനം തകര്‍ന്നുവീണ് ഗഗാറിന്‍ മരിച്ചു.

എന്തായാലും മദ്ധ്യവര്‍ഗ്ഗ കുടുംബത്തില്‍ ജനിച്ച് രാജ്യത്തിന്‍റെ മാത്രമല്ല ലോകത്തിന്‍റെ തന്നെ അഭിമാനമായി മാറി ഗഗാറിന്‍.

 

0 Comments

Leave a Comment

Skip to content