നാട് കാണലും നാടിനെക്കുറിച്ചറിയലും കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെട്ട കാര്യമാണ്. യാത്ര ഒരു പഠനം കൂടിയാണ്, വിദ്യാഭ്യാസമാണ്. ഓരോ യാത്രയിലും നമ്മൾ നാടിന്റെ ചരിത്രവും സംസ്കാരവുമാണ് കണ്ടറിയുന്നത്. N P ഹാഫിസ് മുഹമ്മദ് എഴുതിയ കട്ടിപ്പട്ടാളത്തിന്റെ കേരള ചര്യടനം എന്ന പുസ്തകത്തിലെ ചില ഭാഗങ്ങളാണ് ഈ ലക്കം മുതൽ ഈ പംക്തിയിൽ ചേർക്കുന്നത്. ഈ പര്യടനം കൊച്ചു കേരളത്തെ അറിയാനുള്ള ശ്രമമാണ്. കേരള ചരിത്രത്തിൽ നിന്നും മലയാളികളുടെ സംസ്കാരത്തിൽ നിന്നും ഒഴിവാക്കാനാവാത്തവയെ കുറിച്ചുള്ള അന്വേഷണം കൂടിയാണ് കേരള പര്യടനം.

യാത്ര ചെയ്യാൻ ഇഷ്ടപ്പെടാത്ത കുട്ടികളുണ്ടാവില്ല. കുട്ടിപ്പട്ടാളവും മറിച്ചായിരുന്നില്ല. യാത്ര അവർക്ക് ഹരമായിരുന്നു. ഒരു നാടിന്റെ ചരിത്രവും സംസ്കാരവും മനസ്സിലാക്കാൻ ഇന്തരം യാത്രകൾ കുട്ടികളെ ഏറെ സഹായിക്കുന്നു. കേരളത്തിന്റെ ആത്മാവിനെ തൊട്ടറിയുവാൻ കുട്ടിപ്പട്ടാളം നടത്തുന്ന ഈ കേരള യാത്ര അവർക്ക് സ്വപ്ന സാക്ഷാത്കാരം മാത്രമായിരുന്നില്ല, വിജ്ഞാനപ്രദമായ ഒരു അനുഭവം കൂടിയായിരുന്നു.

‘മാവേലിത്തമ്പുരാന്റെ പൊന്നോണ നാട്’

എന്റെ സഹോദരങ്ങളുടെ മക്കളും, മകൾ യാരിയും മകൻ ബാസിമും അടങ്ങുന്ന സംഘമാണ് കുട്ടിപ്പട്ടാളം. സംഘത്തിലാരും പട്ടാളക്കാരല്ല. പട്ടാളത്തിൽ ചേരാൻ പോലുമാശിക്കുന്നോരല്ല. ആരുടെ കയ്യിലും ഒരായുധവുമില്ല. സംഘത്തിന് യൂണിഫോമുമില്ല.. യാത്ര പോകുന്ന കാര്യത്തിൽ കുട്ടികൾക്ക് ഏക മനസ്സാണ് പട്ടാളക്കാരെ പോലെ. കൊല്ലത്തിലൊരിക്കൽ നാലഞ്ച് യാത്രകളെങ്കിലും നടത്തണം. അതിനായി ഈ സംഘം പടപൊരുതും. എവിടെയോ പോകാൻ ഒരിക്കൽ അവർ പടപൊരുതുന്നത് കണ്ട് ഞാൻ വിളിച്ചു ‘കുട്ടിപ്പട്ടാളമെന്ന്.

കണ്ടില്ലേ, ഈ വരുന്ന ഓണക്കാലത്ത് ഒരു യാത്ര നടത്താൻ അവർ വാക്കുകൾ വാള് പോലെ വീശി, പരിച പോലെ ഉയർത്തിവെട്ടുകൾ തടുത്ത്, ചിലപ്പോൾ തോക്കെടുത്തൊരു വെടി പൊട്ടിച്ച് പടപൊരുതുകയാണ്. കുട്ടിപ്പട്ടാളത്തിനും വീട് വിട്ട് നാട് കാണാനിറങ്ങുക എന്നത് ഒരു ഹരമാണ്. ഓണാവധിക്കാലത്ത് രണ്ടു ദിവസത്തെ യാത്ര തരപ്പെടുത്താനാണ് യുദ്ധം.

എന്റെ അനിയൻ ഫൈസി അവർക്ക് ഐസ്ക്രീം വാങ്ങിക്കൊടുത്തു. ഐസ്ക്രീം കഴിച്ചപ്പോൾ എന്റെ ഒന്നാം നമ്പർ പെങ്ങളുടെ മകൻ അതുൽ പറഞ്ഞു: ‘നമുക്ക് ബീച്ചിലിരിക്കാം’. കുട്ടിപ്പട്ടാളം അനുവാദത്തിനോ കല്പനക്കോ നില്ക്കാതെ കടപ്പുറത്തേക്ക് മാർച്ച് ചെയ്തു. മണലിൽ വട്ടത്തിലിരുന്നു. അപ്പോഴാണ് രണ്ടാം നമ്പർ പെങ്ങളുടെ ഒന്നാം നമ്പർ മകൾ സെന പത്തുനാൾ കഴിഞ്ഞ് വരുന്ന ഓണക്കാല യാത്രയെ കുറിച്ച് ചർച്ച തുടങ്ങിയത്. മൂന്നാമത്തെ പെങ്ങളുടെ ഒന്നാമത്തെ സന്തതി മിയ തുടക്കമിട്ടു. ‘ദൂരത്തൊന്നും പോവ്വണ്ട, ഒരു പാട് തെരക്കുള്ള ഉവ്വാപ്പയെ ബുദ്ധിമുട്ടിക്കണ്ടാ! ‘ (എന്റെ മക്കളൊഴിച്ചുള്ള കുട്ടികൾ എന്നെ ഉവ്വാപ്പ എന്ന് വിളിക്കുന്നു. എന്റെ മക്കൾ ഉപ്പയെന്നും)

അപ്പോൾ സെനയുടെ പ്രതികരണം: ‘പോ പെണ്ണേ, ഉവ്വാപ്പയോടുള്ള സ്നേഹം! നിന്റെ ഉപ്പ ദൂരത്തേക്കൊന്നും വിടാഞ്ഞിട്ടല്ലേ’.

അത് ശരിയായിരുന്നു. മിയയുടെയും സയുവിന്റെയും ഉപ്പക്ക് മക്കളെ ഒരു ദിവസത്തിനപ്പുറം പിരിഞ്ഞിരിക്കാനാവില്ല. യാത്രക്കിടയിൽ വല്ല അപകടം പറ്റുമോ എന്ന പേടി വേറെയും. മിയ മിണ്ടിയില്ല. അവളുടെ അനിയൻ സയുവിന് എവിടെ പോയാലും മതി. അവന് വീട് വിട്ടിറങ്ങണം. നാടാകെ കറങ്ങണം. രണ്ടാമത്തെ അനിയത്തിയുടെ രണ്ടാമത്തെ മകൾ അയിഷക്ക് നല്ല ഭംഗിയുള്ള ഒരു സ്ഥലത്ത് പോയാൽ മതി. ഒന്നാമത്തെ അനിയത്തിയുടെ മകൾ താനിയക്കും അതാണിഷ്ടം. അവളുടെ അനിയൻ അതുൽ ആളൊരു ശാസ്ത്രജ്ഞനാണ്. ക്വിസ് മത്സരങ്ങളിൽ ഒന്നാമൻ, കൊച്ചു കൊച്ചു പരീഷങ്ങളാന്നവന്റെ ഹരം. അതുലിന് എവിടെ പോയാലും കുഴപ്പമില്ല. പക്ഷേ അവന് യാത്രയിൽ നിന്നെന്തെങ്കിലും പഠിക്കാനുണ്ടാവണം. എന്റെ മകൾ ഹാഷിയക്ക് ചരിത്രത്തിലിടം പിടിച്ച എവിടെയെങ്കിലും പോകുന്നതാണിഷ്ടം. എന്റെ മകൻ ബാസിമിന് എവിടെ പോകാനും ഇഷ്ടമാണ്. അവനൊരറ്റ ആവശ്യമേയുള്ളൂ. യാത്രയിലെ കാഴ്ചകൾ അവന്റെ സ്കെച്ച് ബുക്കിൽ പകർത്താൻ സമയം കൊടുക്കണം. അതാ, ചർച്ചക്കിടയിലും ബാസിം എന്റെ അനിയന്റ മകൾ ഫെദുവിന്റെ മുഖമാണ് വരയ്ക്കുന്നത്. ഫെദുവും അവളുടെ ചേച്ചി അലയും കുവൈത്തിലെ സ്കൂളിലാണ് പഠിക്കുന്നത്. കൊല്ലത്തിലൊരിക്കലെങ്കിലും രണ്ടു മാസ അവധിക്ക് അവർ നാട്ടിലെത്തും. അവരെത്തിയാൽ കുട്ടിപ്പട്ടാളത്തിന്റെ യാത്രകളുടെ എണ്ണവും കൂടും.

അന്നേരം മിയ അതുലിനോട് പറഞ്ഞു: ‘അതുൽക്ക അവതരിപ്പിക്ക് ‘. അതുൽ യാത്ര എങ്ങോട്ടെന്നതിന് വല്ല ഗവേഷണവും നടത്തിയിരിക്കും. അതുൽ ഒരു നോട്ട് ബുക്കെടുത്ത് തുറന്നു. അയിഷക്ക് അതുലിനെ അത്ര വലിയ ആളാക്കുന്നത് ഇഷ്ടമില്ല. അയിഷ കടലിലേക്കാണ് നോക്കുന്നത്. കണ്ണട മൂക്കോട് അടുപ്പിച്ച് അതുൽ പറത്തു. ഇക്കുറി നമ്മുടെ പ്രിയപ്പെട്ട രാജാവിന്റെ തലസ്ഥാനം എവിടെയാണെന്ന് കണ്ടെത്തി അവിടെപ്പോകാം.

എല്ലാവരും അതുലിനെ നോക്കി: ‘ആരാണീ രാജാധിരാജൻ?’ അതുൽ പ്രഖ്യാപിച്ചു: ‘നമ്മുടെ മഹാബലി’
അയിഷ വാ പൊത്തിച്ചിരിച്ചു. ” വടക്ക് ഗോകർണം തൊട്ട് തെക്ക് കന്യാകുമാരി വരെ നടന്നാലും അങ്ങോരുടെ തലസ്ഥാനം കണ്ട് പിടിക്കാൻ കഴിയോ? ‘
ഞാൻ അയിഷയുടെ കൈ പിടിച്ചു.’ അതുൽ പറയട്ടെ ‘..
അതുലിന് സന്തോഷമായി. അവൻ കണ്ണട മൂക്കോടമർത്തി പറഞ്ഞു.’ മഹാബലി കേരളം ഭരിച്ച മഹാരാജാവായിരുന്നുവെന്ന് ഐതീഹ്യം. എവിടെയാണ് മഹാബലിയുടെ തലസ്ഥാനം? നാടുവാണ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങളെങ്കിലും ബാക്കിയിരുപ്പുണ്ടോ? ‘

(തുടരും)

1 Comment

Bindu jayan April 11, 2018 at 5:36 am

കുട്ടികളെക്കൊണ്ട് വായിപ്പിച്ചു

നന്നായി

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content