വനം സംരക്ഷിക്കുക മാത്രമല്ല, പുതിയ മരങ്ങള്‍ നടുകയും, നിലവിലുള്ള മരങ്ങളെ സംരക്ഷിക്കുകയും, വനത്തെ പരിപാലിക്കുകയും, വനവുമായി ബന്ധപ്പെട്ട മറ്റ് പ്രകൃതി വിഭവങ്ങളെ കാര്യക്ഷമമായി ഉപയോഗിക്കുകയും കൈകാര്യം ചെയ്യുകയും ഒക്കെ ചെയ്യുന്ന ശാസ്ത്രവും കലയുമാണ് വനവല്‍ക്കരണം. വന വിഭവങ്ങള്‍ മനുഷ്യന്‍ ഉപയോഗിക്കുമ്പോള്‍ തന്നെ ഭാവി തലമുറയ്ക്ക് കൂടി ലഭ്യമാകുന്ന വിധം അതിന്റെ ഉപയോഗം ക്രമീകരിക്കുന്നതും ഇതിന്റെ പരിധിയില്‍ വരും. എന്നാല്‍ പൊതുജനത്തിന്റെ സഹകരണം ഉണ്ടായാലേ ഇത് സാധ്യമാവൂ എന്നാണ് ലോകത്ത്‌ പലയിടങ്ങളിലും നടന്നു വരുന്ന വനവല്‍ക്കരണങ്ങളില്‍ നിന്നും നാം പഠിച്ച പാഠം.

മനുഷ്യന്റെ ജീവിതത്തിനും നിലനില്‍പ്പിനും വനത്തിന്റെ പ്രസക്തിയും ആവശ്യവും പൊതുജനം മനസ്സിലാക്കണം എന്ന ഉദ്ദേശത്തോടെ 1971ല്‍ ഒരു കൂട്ടം ശാസ്ത്രജ്ഞന്മാരാണ് മാര്‍ച്ച് 21 ലോക വനവല്‍ക്കരണദിനമായി ആചരിക്കുവാന്‍ തുടങ്ങിയത്.

മുതിര്‍ന്ന തലമുറയില്‍ നിന്നും ഈ ഉത്തരവാദിത്തം യുവ തലമുറ ഏറ്റെടുക്കേണ്ട സമയമായിരിക്കുന്നു. പരിസ്ഥിതി പ്രവര്‍ത്തനം വികസന വിരുദ്ധമാണ് എന്നും, അപരിഷ്കൃതമാണ് എന്നും, പിന്തിരിപ്പനാണ് എന്നുമുള്ള ആരോപണങ്ങളെ അതിജീവിച്ച്, പ്രകൃതിയെ പറ്റി കവിതയും മറ്റും എഴുതി, അത് പാടി പാരിസ്ഥിതിക അവബോധം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ഒരു കൂട്ടം മനുഷ്യരുടെ ഇടപെടലുകള്‍ക്കപ്പുറം അവശേഷിക്കുന്ന പരിസ്ഥിതി എങ്കിലും സംരക്ഷിച്ച് തങ്ങള്‍ക്കും വരും തലമുറകള്‍ക്കും വേണ്ടി നിലനിര്‍ത്തുവാനുള്ള ദൌത്യം പുതിയ തലമുറ ഏറ്റെടുത്തേ മതിയാവൂ.

ഈ ലോക വനവല്‍ക്കരണ ദിനത്തില്‍ ഈ സന്ദേശം പ്രചരിപ്പിക്കുവാന്‍ നിങ്ങള്‍ക്ക്‌ എന്ത് ചെയ്യുവാന്‍ കഴിയും? ഏറ്റവും എളുപ്പമായി ചെയ്യാവുന്നത് നിങ്ങളുടെ കൂട്ടുകാരുമായി ചേര്‍ന്ന് അടുത്തുള്ള ഒരു വനത്തിലേക്ക് ഒരു ചെറു യാത്ര പോകുക എന്നതാണ്. വനത്തെ അടുത്തറിയുക. അതോടെ അത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത നിങ്ങള്‍ക്ക്‌ ബോധ്യമാകും.

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content