ലോകാത്ഭുതങ്ങൾ എത്ര എന്ന് ആരെങ്കിലും ചോദിച്ചാൽ “എഴ് ” എന്ന് ഉത്തരം പറയാൻ ഒന്ന് മടിക്കണം. കാരണം, സ്റ്റീഫൻ  ഹോക്കിംഗ്(8 January 1942 ) ഉള്ളിടത്തോളം “എട്ട്” എന്ന് പറയാതെ വയ്യല്ലോ. നമ്മുടെ വിധി നിശ്ചയിക്കേണ്ടത് നമ്മൾ തന്നെയാണ്. ചെറിയ ഒരു ബുദ്ധിമുട്ടില്‍ എല്ലാം അവസാനിച്ചു എന്ന മട്ടിൽ തളര്ന്നിരിക്കുന്നവരുണ്ട്. ശരീരത്തിന്റെ തളർച്ചയെക്കാളേറെ ഭയപ്പെടെണ്ടത് മനസ്സിന്റെ തളർച്ചയെ ആണ്. മനസ്സിൽ ഒരു ജീവിത ലക്ഷ്യവും അതു നേടണമെന്ന നിശ്ചയ ധാർഡ്യവും അണയാതെ ജ്വലിച്ചു നിൽക്കുന്നവരുടെ ഡിക്ഷനറിയിൽ “അസാധ്യം” എന്ന ഒരു വാക്കില്ലെന്നു പറഞ്ഞത് നെപ്പോളിയനാണ്. ഇനി എന്തെങ്കിലും ഒരു പ്രതിസന്ധിക്ക് മുന്നിൽ നിരാശയോടെ തളർന്നിരിക്കുമ്പോൾ വീൽ ചെയറിൽ പ്രതീക്ഷ കൈവിടാത്ത കണ്ണുകളോടെ പ്രപഞ്ച രഹസ്യങ്ങളിലേക്ക് ഉറ്റു നോക്കിയിരിക്കുന്ന ഈ മനുഷ്യന്റെ മുഖം ഓർത്താൽ മതി.

മനസ്സു നിറയെ പൂർത്തിയാക്കാത്ത ഒരുപിടി സ്വപ്നങ്ങൾ. ബിരുദ പഠനം പൂർത്തിയാക്കിയത് ഏതൊരു വിദ്യാർഥിയുടെയും സ്വപ്നമായ ഒക്സ്ഫർഡിൽ. തുടർന്ന്, പ്രശസ്തമായ കേംബ്രിഡ്ജ് യുനിവെർസിറ്റിയിൽ ഡോക്ടറൽ ഗവേഷണം തുടങ്ങിയതെയുള്ളു. അപ്പോഴാണ്‌, ശരീരത്തിൽ ചില മാറ്റങ്ങൾ അനുഭവപ്പെട്ടു തുടങ്ങിയത്. നടക്കുമ്പോൾ വേച്ചു പോകുന്നു, സംസാരത്തിൽ തടസ്സം അനുഭവപ്പെടുന്നു, കയ്യിലേയും കാലിലെയും മസിലുകൾക്ക് കോച്ചിപ്പിടുത്തം പോലെ തോന്നുന്നു. വെറുതെ ഒരു ഡോക്ടറെ കണ്ടു കളയാം എന്ന് കരുതി പോയതാണ്. അയാൾ കൂടുതൽ പരിശോധനകൾക്കായി മറ്റൊരു നല്ല ഹൊസ്പിറ്റലിലേക്കയച്ചു.
അവിടെ വച്ചാണ് അത് കണ്ടെത്തിയത്. സ്റ്റീഫനെ “ALS” എന്ന ഒരു രോഗം ബാധിച്ചിരിക്കുന്നു. “മോട്ടോർ ന്യൂറോണ്‍ ഡിസീസ്” എന്ന പേരിലും അറിയപ്പെടുന്ന ഈ അത്യപൂർവ്വ രോഗം ശരീരത്തിന്റെ ചലനങ്ങളെ നിയന്ത്രിക്കുന്ന കോശങ്ങളെയും മസിലുകളെയും ക്രമേണ തളർത്തിക്കളയുന്ന ഒരു തരം വൈകല്യമാണ്. ഇത് ബാധിക്കുന്നയാളുടെ സംസാരശേഷി, ചലന ശേഷി തുടങ്ങിയവ ക്രമേണ നഷ്ടപ്പെട്ട് ഒടുക്കം ശ്വാസകോശത്തിന്റെ മസിലുകളുടെ പ്രവർത്തനം പോലും നിലച്ച് മരണത്തിനു കീഴടങ്ങും. ഏറിയാല്‍ രണ്ടു കൊല്ലങ്ങള്‍ ഡോക്ടര്‍മാര്‍ വിധിയെഴുതി.

രോഗ വിവരമറിഞ്ഞ നാളുകളിൽ താൻ ആകെ തകർന്നു പോയെന്ന് സ്റ്റീഫൻ തന്റെ ഓർമ്മക്കുറിപ്പുകളിൽ സമ്മതിക്കുന്നു:എന്നാല്‍ ആശുപത്രിക്കിടക്കിയില്‍ പരിചയപ്പെട്ട ക്യാന്‍സര്‍ ബാധിതനായ ഒരു പത്തുവയസുകാരന്‍ അദ്ദേഹം ത്തിന് പ്രചോദനമായി .
സ്റ്റീഫൻ ഒന്നും സംഭവിക്കാത്തവനെപ്പോലെ വീണ്ടും യൂനിവേർസിറ്റിയിൽ തിരിച്ചെത്തി ഗവേഷണം തുടർന്നു. സ്റ്റീഫൻ തന്റെ ഗവേഷണം തുടരുന്നതിനിടയിൽത്തന്നെ മോട്ടോർ ന്യൂറോണ്‍ രോഗം അദ്ധേഹത്തിന്റെ ശരീരത്തിൽ തന്റെ വിക്രിയകളും തുടരുന്നുണ്ടായിരുന്നു. സ്റ്റീഫനു നടക്കാൻ വടിയുടെ സഹായം വേണമെന്നായി. നാക്ക് കുഴഞ്ഞു പോകുന്നതിനാൽ പറയുന്നത് ആർക്കും മനസ്സിലാകുന്നില്ലെന്നായിത്തുടങ്ങി. പലപ്പോഴും നടക്കുന്നതിനിടെ കുഴഞ്ഞു വീണു തുടങ്ങി. എന്നാൽ, പരസഹായം സ്വീകരിക്കുന്നത് എന്ത് കൊണ്ടോ അയാൾക്കിഷ്ടമില്ലായിരുന്നു. വീൽ ചെയർ ഉപയോഗിക്കാൻ ഡോക്ടർമാർ നിര്ദ്ദേശിച്ചുവെങ്കിലും അയാൾ അതിനു തയ്യാറായില്ല.
1965-ൽ എല്ലാവരെയും അത്ഭുതപെടുത്തിക്കൊണ്ട് തന്റെ രോഗാവസ്ഥക്കിടയിൽത്തന്നെ മൂന്ന് വർഷങ്ങൾക്കുള്ളിൽ പ്രശസ്തമായ രീതിയിൽ ഡോക്ടറൽ തീസിസ് പൂർത്തിയാക്കി അദ്ദേഹം ഡോ. സ്റ്റീഫൻ ഹോക്കിംഗ് ആയി മാറി. “വികസിക്കുന്ന പ്രപഞ്ചം” ആയിരുന്നു ഗവേഷണ വിഷയം. ശാസ്ത്ര ലോകത്ത് വളരെയേറെ ശ്രദ്ധിക്കപ്പെട്ട ഒരു പ്രബന്ധമായിരുന്നു അദ്ധേഹത്തിന്റെത്.

1985- ൽ ഫ്രാൻസിലെക്കുള്ള യാത്രാ മദ്ധ്യേ അദ്ദേഹത്തിന് മാരകമായ രീതിയിൽ ന്യൂമോണിയ പിടിപെട്ടു. ദിവസങ്ങൾ കൃത്രിമ ശ്വാസം സ്വീകരിച്ചു ജീവൻ നിലനിർത്തി വെന്റിലെറ്ററിൽ കിടക്കേണ്ടി വന്നു. ഇനിയൊരു തിരിച്ചു വരവില്ലെന്നു ഡോക്ടർമാർ പോലും കരുതിയെങ്കിലും സ്റ്റീഫൻ മരണത്തെ തോൽപ്പിച്ച് ജീവൻ നിലനിർത്തി.

എന്നാൽ, ന്യൂമോണിയ സ്റ്റീഫന്റെ ശരീരത്തെ പൂർണ്ണമായും തളർത്തിക്കളഞ്ഞു. ആകെ ചലന ശേഷി ഉണ്ടായിരുന്ന രണ്ടു വിരലുകൾ പോലും ചലിക്കില്ലെന്നായി. കൃത്രിമ ശ്വാസം നല്കാൻ തൊണ്ട തുളയ്ക്കേണ്ടി വന്നതിനാൽ സ്വന പേടകങ്ങൾ മുറിഞ്ഞു പോയതുകൊണ്ട് ഇപ്പോൾ ഒരു സ്വരം പോലും കേൾപ്പിക്കാൻ സാധിക്കാതെയായി. ചുരുക്കി പറഞ്ഞാൽ ഒരു ജീവഛവം.

കണ്ണുകൾ ചലിപ്പിക്കാം, പുരികവും , ചുണ്ടും കവിളും പതിയെ ഒന്നനക്കാം. അത്ര മാത്രം. മറ്റാരായിരുന്നാലും ഇനി ചിന്ത എങ്ങനെയെങ്ങിലും ഒന്ന് തീർന്നു കിട്ടിയാൽ മതിയെന്നായിരുന്നെനെ അല്ലേ? എന്നാൽ, അങ്ങനെ തന്റെ സ്വപ്നങ്ങൾ മുഴുവൻ വിധിക്ക് അടിയറവു വച്ച് കീഴടങ്ങാൻ സ്റ്റീഫൻ ഹോക്കിംഗ് തയ്യാറായിരുന്നില്ല. സഹായിയായ ഒരാൾ അക്ഷരങ്ങൾ തൊട്ടു കാണിക്കുമ്പോൾ പുരികം ചലിപ്പിച്ച് കാണിച്ച് അദ്ദേഹം ആശയ വിനിമയം നടത്താൻ ശീലിച്ചു.

അങ്ങനെയിരിക്കെ, അമേരിക്കയിലെ കാലിഫോർണിയയിലെ സിലിക്കോണ്‍ വാലിയിൽ ഒരു കമ്പ്യൂട്ടർ വിദഗ്ദ്ധൻ ശരീരം തളർന്നവർക്കായി വികസിപ്പിചെടുത്ത പ്രത്യേകതരം ഉപകരണത്തെക്കുറിച്ച് സ്റ്റീഫൻ അറിയാനിടയായി. തന്റെ വീൽ ചെയറിൽ അത് പിടിപ്പിച്ച് ആശയവിനിമയം അത് വഴിയാക്കി. കവിളിലെ മസിലുകളുടെ ചെറിയ ചലനങ്ങൾ തിരിച്ചറിഞ്ഞ് അവയെ വാക്കുകളാക്കി മാറ്റുന്ന ഒരു സെൻസർ ഘടിപ്പിച്ച അതിസങ്കീർണ്ണമായ ഒരു ഉപകരണമായിരുന്നു അത്. വളരെ പെട്ടന്ന് സ്റ്റീഫൻ അത് ഉപയോഗിക്കാൻ ശീലിച്ചു. ഒരു യന്ത്ര മനുക്ഷ്യൻ സംസാരിക്കും പോലെ അതിന്റെ സ്പീക്കറിലൂടെ അദ്ദേഹത്തിന് പറയാനുള്ള കാര്യങ്ങൾ വിനിമയം ചെയ്യാമെന്നായി. 1988-ൽ “A Brief History of Time ” എന്ന പേരിൽ തന്റെ ആദ്യ ഗ്രന്ഥം സ്റ്റീഫൻ പുറത്തിറക്കി. അഭൂത പൂർവ്വമായ പ്രതികരണമാണ് ഈ പുസ്തകത്തിന്‌ വായനക്കാരിൽ നിന്ന് ലഭിച്ചത്. വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ഈ ശാസ്ത്ര ഗ്രന്ഥം ഏറ്റമധികം കോപ്പികൾ വിറ്റഴിക്കപ്പെട്ടതിനുള്ള ഗിന്നസ് റിക്കോർഡ് നേടി!

സ്റ്റീഫൻ ഹോക്കിങ്ങിനെ ലോകം മുഴുവൻ അറിഞ്ഞു. തന്റെ കണ്ടു പിടുത്തങ്ങൾ ശാസ്ത്ര ലോകത്ത് അദ്ധേഹത്തെ ന്യൂട്ടൻ, ഐൻസ്റ്റയിൻ എന്നിവർക്ക് തുല്യരാക്കിയതായി ലോകം വിലയിരുത്തി. അങ്ങനെ, ചെറുപ്പത്തിൽ കളിയാക്കിയാണെങ്കിലും കൂട്ടുകാർ വിളിച്ചത് യാധാർധ്യമായി.

ഇന്ന്, സ്റ്റീഫൻ ഹോക്കിങ്ങിന് എഴുപത്തി ആറ് വയസ്സുണ്ട്. രോഗം കണ്ടു പിടിച്ചപ്പോൾ ഡോകര്മാർ പ്രവചിച്ചതിനേക്കാൾ 50 വർഷങ്ങൾ അദ്ദേഹം ജീവിച്ചു തീർത്തിരിക്കുന്നു. അതും, വെറുതെയങ്ങു ജീവിക്കുകയായിരുന്നില്ല, ശരീരം മുഴുവൻ നിശ്ചലമായപ്പോഴും തളരാത്ത മനസ്സ് കൈമുതലാക്കി തന്റെ സ്വപ്നങ്ങളും അതിനപ്പുറവും ഹോക്കിംഗ് സാക്ഷാത്കരിച്ചു .

1 Comment

Bindu jayan April 11, 2018 at 5:48 am

സ്റ്റീഫൻ ഹോക്കിങ്

പ്രണാമം

Leave a Comment

FOLLOW US