ലോകമാതൃഭാഷാ ദിനമാണ് ഫെബ്രുവരി 21. ലോകമാതൃഭാഷയോ ? അങ്ങനെ ഒന്നുണ്ടോ? ഇല്ല. ലോകത്തിനാകെ ഒരു മാതൃഭാഷയില്ല. അപ്പോള്‍ ലോകമാതൃഭാഷാ ദിനം എന്നതുകൊണ്ട് എന്താവാം ഉദ്ദേശിക്കുന്നത്?

ലോകത്തിലെ മുഴുവന്‍ ജനവിഭാഗങ്ങളും അവരുടെ മാതൃഭാഷയെക്കുറിച്ചു ചിന്തിക്കുന്ന, ഇതര ഭാഷകളെ സ്‌നേഹത്തോടെയും ബഹുമാനത്തോടെയും കാണുന്ന, ഒരര്‍ത്ഥത്തില്‍ ഭാഷകളുടെ സമത്വത്തെ, സാഹോദര്യത്തെ പ്രഖ്യാപിക്കുന്ന ദിനമാണത്. അങ്ങനെ നോക്കുമ്പോള്‍ ലോകമാതൃഭാഷ എന്നത് ലോകത്തിലെ മാതൃഭാഷകളെയെല്ലാം ചേര്‍ത്ത് പറയുന്ന ഏകവചനമാണെന്നു വരുന്നു. രണ്ടായിരമാണ്ടിലാണ് ഐക്യരാഷ്ട്രസഭ ഇങ്ങനെയൊരു ദിനം പ്രഖ്യാപിക്കുകയും അംഗീകരിക്കുകയും ചെയ്തത്.

എന്താണ് ഫെബ്രുവരി-21 ന്റെ പ്രത്യേകത? 1952-ല്‍ കിഴക്കന്‍ പാക്കിസ്ഥാനില്‍ ഉര്‍ദു ഭരണഭാഷയായി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ നടന്ന കലാപത്തില്‍ ധാക്ക സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ രക്തസാക്ഷിത്വം വരിച്ച ദിനമാണ് ഫെബ്രുവരി 21. പാക്കിസ്ഥാന്‍ രൂപീകരിക്കപ്പെട്ടപ്പോള്‍ത്തന്നെ ഉര്‍ദു ഏക ഔദ്യോഗികഭാഷയായി പ്രഖ്യാപിക്കപ്പെട്ടു. അപ്പോള്‍ത്തന്നെ എതിര്‍പ്പുകളും അവിടെ ഉയര്‍ന്നുവന്നിരുന്നു. ബംഗാളി സംസാരിക്കുന്ന, ബംഗാളി മാതൃഭാഷയായ ജനതയാണ് കിഴക്കന്‍ പാക്കിസ്ഥാനില്‍ അതായതു ഇന്നത്തെ ബംഗ്ലാദേശ്, അവരുടെ ഭാഷയ്ക്കുവേണ്ടി ശബ്ദമുയര്‍ത്തിയത്.

മാതൃഭാഷയായ ബംഗാളിക്കുവേണ്ടി അവര്‍ ആവശ്യമുന്നയിച്ചു. മറുപടി പോലീസിന്റെ വെടിയുണ്ടകളായിരുന്നു. 1952 ഫെബ്രുവരി 21-നും പിറ്റേന്നുമായി പലവട്ടം വെടിവെപ്പു നടന്നു. നിരവധിപേര്‍ മരിച്ചു വീണു. മറ്റൊരു ഭാഷയ്‌ക്കെതിരായ സമരമായിരുന്നില്ല ഇത്. തങ്ങളുടെ മാതൃഭാഷ ഔദ്യോഗികഭാഷയായി അംഗീകരിച്ചു കിട്ടാനുള്ള സമരമായിരുന്നു. ഇവിടെ ഭാഷ ഒരു പൗരാവകാശ പ്രശ്‌നമായി മാറുന്നു എന്നു കാണാം. ഒരു പ്രദേശത്തെ, രാജ്യത്തെ ജനതയ്ക്ക് അവരുടെ ഭാഷയില്‍ വിനിമയങ്ങള്‍ നടത്താന്‍ കഴിയാത്ത സ്ഥിതി മൗലികാവകാശത്തിന്റെ ലംഘനമാണെന്ന തിരിച്ചറിവ് നമുക്കിപ്പോഴും കൈവന്നിട്ടില്ല.

1 Comment

റൂബിൻ ഡിക്രൂസ് February 21, 2019 at 9:43 am

ലോകമാതൃഭാഷാ ദിനത്തിൽ ഇന്ത്യയിലെ ഭാഷകളുടെ അതിജീവിനത്തിനായി അവിശ്രമം പ്രവർത്തിക്കുന്ന പ്രൊഫ. ഗണേഷ് ദേവിയുടെ സംഭാവനകളെക്കുറിച്ച് പറയണമെന്നാണ് എനിക്ക് തോന്നുന്നത്. ഇന്ത്യയിലെ മാതൃഭാഷകളുടെ സംരക്ഷണത്തിനായി പൊരുതുന്ന ഒരു ഒറ്റയാൾപ്പട്ടാളമാണ് ഡോ. ദേവി.

പീപ്പിൾസ് ലിംഗ്വിസ്റ്റിക് സർവേ ഓഫ് ഇന്ത്യയുടെ അധ്യക്ഷൻ എന്ന നിലയിൽ അദ്ദേഹം ചെയ്ത സംഭാവന ഒന്നു മാത്രം മതി മാതൃഭാഷകളെക്കുറിച്ച് ആലോചിക്കുമ്പോൾ പ്രൊഫ. ദേവിയെ ഓർക്കാൻ. ഇന്ത്യയിൽ ഇന്ന് നിലവിലുള്ള 780 ഭാഷകളെക്കുറിച്ചുള്ള വിപുലമായ ഈ സർവേ 50 വാല്യങ്ങളായാണ് ഓറിയൻറ് ബ്ലാക്ക്സ്വാൻ പ്രസിദ്ധീകരിക്കുന്നത്. എത്ര ബൃഹത്തായ പ്രസിദ്ധീകരണം! ഡോ. ദേവിയുടെ നേതൃത്വത്തിൽ ഈ 780 ഭാഷകളെക്കുറിച്ചും പഠിച്ച് പണ്ഡിതരെക്കൊണ്ട് ഭാഷയുടെ വിവിധ ഘടകങ്ങളെക്കുറിച്ച് എഴുതിച്ചാണ് ഈ വാല്യങ്ങൾ പ്രസിദ്ധീകരിക്കുന്നത്. (ഇതിൽ മലയാള പുസ്തകപ്രസാധനത്തെക്കുറിച്ച് എഴുതാൻ എന്നോട് ആവ്ശ്യപ്പെട്ടുവെങ്കിലും അത് ആസമയത്ത് ചെയ്യാനായില്ല. ആ കുറവോടെ ആ വാല്യം ഇറങ്ങിയതിന് ഉത്തരവാദി ഞാനാണ്. ?)

വഡോദരയിലെ ഭാഷാ ഗവേഷണ പ്രസിദ്ധീകരണ കേന്ദ്രത്തിൻറെ സ്ഥാപക ഡയറക്ടറായിരുന്നു അദ്ദേഹം. ആ കേന്ദ്രം സ്ഥാപിക്കുകയും നിരവധി ഗവേഷണങ്ങളും പ്രസിദ്ധീകരണങ്ങളും നടത്തുകയും ചെയ്തു എന്നതിലല്ല ദേവിയുടെ മാഹാത്മ്യം, ഇനി അടുത്ത നേതൃത്വം ഇത് മുമ്പോട്ട് കൊണ്ടു പോവണം എന്ന് പറഞ്ഞ് അതിലെ എല്ലാ സ്ഥാനങ്ങളിൽ നിന്നും ദേവി ഒഴിഞ്ഞു. ഇത്തരത്തിൽ പല സ്ഥാപനങ്ങളും ആരംഭിക്കുന്നവർ താനില്ലാതെ എങ്ങനെ എൻറെ സ്ഥാപനം നടക്കും എന്ന മട്ടുകാരാണ്. സ്ഥാപിക്കാനുള്ള ശേഷി പോലെ പ്രധാനമാണ് അവിടം വിടാനുള്ള കഴിവും. ദേവിക്കതുണ്ട്.

തികഞ്ഞ ഗാന്ധിയനായ പ്രൊഫ. ദേവി എളിമയുടെ ആൾരൂപവുമാണ്. അതുകൊണ്ടു കൂടെ ആയിരിക്കും അദ്ദേഹത്തെ ഇന്ത്യ വേണ്ടത്ര അറിയാത്തത്.

ഗുജറാത്തിലെ എം എസ് സർവകലാശാലയിൽ ഇംഗ്ലീഷ് പ്രൊഫസറായിരുന്ന പ്രൊഫ. ദേവി, ഇന്ത്യയിലെ അന്യം നില്ക്കുന്ന ഭാഷകൾ സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കായി 1996ൽ ജോലി ഉപേക്ഷിക്കുകയായിരുന്നു.

ദേവിയുടെ ശ്രമഫലമായി ലിപി ഇല്ലാതിരുന്ന, വായ്മൊഴി മാത്രമായിരുന്ന 11 ഭാഷകൾക്ക് ലിപി രൂപപ്പെടുത്തി അംഗീകാരം നേടി. 26 ഭാഷകളിൽ അദ്ദേഹം പുസ്തകപ്രസാധനം നടത്തിയിട്ടുണ്ട്. ഇന്ത്യയിലെ ആദിവാസി ജനങ്ങളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തിയ പ്രൊഫ. ദേവി കുറ്റവാളി ഗോത്രങ്ങൾ എന്നു വിളിക്കപ്പെട്ട ആദിവാസി വിഭാഗങ്ങൾക്കായി പ്രവർത്തിച്ചവരിൽ പ്രമുഖനാണ്.

മതനിരപേക്ഷ സമൂഹത്തിനായി നിലകൊള്ളുന്ന ദേവി വർഗീയതയ്ക്കെതിരെ ഗുജറാത്തിലാണ് ധീരമായി പ്രവർത്തിച്ചത്. നരേന്ദ്ര ധാബോൽക്കർ തുടങ്ങിയവരുടെ കൊലയ്ക്കുശേഷം കർണാടകയിലെ ഹൂബ്ലിയിലേക്ക് താമസം മാറ്റിയ ദേവി ഇപ്പോൾ ദക്ഷിണായൻ എന്ന സംഘടനയുടെ പ്രവർത്തനത്തിലാണ്. ഇന്ത്യൻ ഭാഷകളിലെ പുരോഗമന രചനകൾ ശേഖരിച്ച് പ്രസിദ്ധീകരിക്കുന്ന പദ്ധതിയാണ്. പുരോഗമന രാചനകൾ എന്നതുകൊണ്ട് ദേവി ഉദ്ദേശിക്കുന്നത് ഓരോ ഭാഷാ പ്രദേശത്തു നിന്നും നവോത്ഥാനത്തിനായി എഴുതപ്പെട്ട രചനകൾ എന്നതാണ്. കേരളത്തിൽ നിന്ന് നാരായണ ഗുരു, സഹോദരൻ അയ്യപ്പൻ എന്നിവരിൽ തുടങ്ങും. Dileep Raj ആണ് ഇക്കാര്യത്തിൽ മലയാളത്തിൽ നിന്ന് ഡോ. ദേവിയോട് സഹകരിക്കുന്നത്.

ഇന്ത്യയിലെ ഒട്ടനേകം ഭാഷകൾ മരണത്തിലേക്ക് പോകാതിരിക്കുന്നതിന് ഔഷധമേകിയ ഭിഷഗ്വരനാണ് ഡോ. ഗണേഷ് ദേവി.

ചിത്രം- കൊച്ചിയിൽ നടന്ന പബ്ലിഷിംഗ് നെക്സ്റ്റ് കോൺഫറൻസിൽ ഗണേഷ് ദേവി ഇന്ത്യൻ ഭാഷകളിലെ പ്രസാധനത്തെക്കുറിച്ചുള്ള സെഷനിൽ സംസാരിക്കുന്നു.

Leave a Comment

FOLLOW US