ഇന്ത്യയിലെ ആദ്യത്തെ വനിതാ ജഡ്ജിയാണ് ജസ്റ്റിസ് അന്ന ചാണ്ടി. 1937 ൽ ജില്ലാ കോടതിയിൽ ജഡ്ജി ആയി. 1959 ഫെബ്രുവരി 9 ന് ഹൈക്കോടതി ജഡ്ജിയായും അധികാരമേറ്റു. ഇന്ത്യയിലെ ആദ്യത്തെ വനിതാജഡ്ജി എന്നതിനു പുറമേ, ലോകത്തിലെ തന്നെ രണ്ടാമത്തെ വനിതാജഡ്ജിയും അന്നയാണെന്ന് കണക്കാക്കപ്പെടുന്നു.
കേരളത്തിൽ നിയമബിരുദം നേടിയ ആദ്യ വനിത. മുൻസിഫ് പദവിയിലെത്തിയ ആദ്യത്തെ സ്ത്രീ. കേരളത്തിലെ ആദ്യകാല സ്ത്രീവാദി. അക്കാലത്തെ പേരെടുത്ത ക്രിമിനൽ വക്കീൽ.

1905 മേയ് 4ന് തിരുവിതാംകൂറിൽ ജനിച്ചു. തിരുവിതാംകൂറിൽ ആദ്യമായി ബിരുദാനന്തരബിരുദം നേടിയ (1926) വനിതകളിൽ ഒരാളായിരുന്നു അന്നാ ചാണ്ടി. 1927ൽ നിയമപഠനം തുടങ്ങിയ അന്ന ബി.എൽ. ബിരുദം നേടിയ ആദ്യ മലയാളി വനിതയുമായിരുന്നു. 1929ൽ ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്യുവാൻ ബാറിൽ സന്നതെടുത്തു.

തിരുവിതാംകൂർ സർക്കാരിന്റെ നാമനിർദ്ദേശം ചെയ്യപ്പെട്ട നിയമോപദേശസഭയായ ശ്രീമൂലം പ്രജാസഭയ്ക്കകത്തും പുറത്തും അവർ 1934 മുതൽ 1936 വരെയുള്ള രണ്ടുവർഷം സ്ത്രീകളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തി. ഇക്കാലത്തു ശ്രീമതി എന്ന പേരിൽ സ്ത്രീകളുടെ ശാക്തീകരണം ലക്ഷ്യമാക്കി ഒരു പ്രസിദ്ധീകരണവും അവർ പുറത്തിറക്കിയിരുന്നു. 1937ൽ ഫസ്റ്റ് ഗ്രേഡ് മുൻസിഫ് ആയും 1943ൽ അഡീഷനൽ ജില്ലാ ജഡ്ജിയായും അവർ സ്ഥാനമേറ്റു. 1948ൽ ജില്ലാജഡ്ജിയായി. അന്നത്തെ ദിവാനായിരുന്ന സർ. സി.പി. രാമസ്വാമിഅയ്യർ ആണ് അന്നയെ നിയമിച്ചത്. 1967 ഏപ്രിൽ 5ന് വിരമിച്ചു.

സ്ത്രീസ്വാതന്ത്ര്യത്തിന്റെ കേരളത്തിൽ നിന്നുള്ള ആദ്യവക്താവായി കണക്കാക്കാവുന്ന അന്നാ ചാണ്ടി തിരുവിതാംകൂർ വിധാൻ പരിഷത്തിൽ അംഗമായിരുന്നു . ഉദ്യോഗത്തിൽ നിന്നും വിരമിച്ചതിനു ശേഷം അവർ ദേശീയ നിയമ കമ്മീഷനിൽ അംഗമായി. അന്നാ ചാണ്ടിയുടെ ഭർത്താവ്‌ കേരളാ പൊലീസിൽ ഐ.ജി. ആയിരുന്ന പി.സി. ചാണ്ടിയായിരുന്നു. അന്ന ചാണ്ടിയുടെ ആത്മകഥ 1971ൽ മലയാളമനോരമ ഖണ്ഡശഃ പ്രസിദ്ധീകരിക്കുകയുണ്ടായി. പിന്നീട് ഈ കൃതി തൃശ്ശൂർ കാർമൽ ബുക്സ് ‘ആത്മകഥ’ എന്ന പേരിൽ പുസ്തകമായി അച്ചടിച്ചു.

1 Comment

സബിത കെ October 27, 2021 at 6:46 pm

❤️

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content