വീട് വിട്ടവർ – ഒരു സ്വപ്നകഥ

ഇന്നത്തെ ദിവസം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി. ഞാൻ ഉറങ്ങാൻ കിടന്നു. പതുക്കെ നിദ്രയിലേക്ക് ആഴ്ന്ന് ഇറങ്ങി. പിന്നീട് ചെന്നെത്തിയത് സ്വപ്നമെന്ന മായാലോകത്താണ്. എനിക്കിപ്പോൾ ചിറക് വെച്ചതുപോലെ ഒരു തോന്നൽ. ശരിയാണ് എനിക്ക് ചിറകില്ലെങ്കിൽപ്പോലും ഞാൻ വിചാരിച്ചാൽ എനിക്ക് പറക്കാൻ കഴിയും. ഒന്നു ശ്വാസം പിടിച്ചാൽ മാത്രം മതി. ശ്വാസം വിടുമ്പോൾ വീണ്ടും പഴയ പടി ഭൂമിയിലേക്ക് എത്താം. ചുറ്റും കൂടെ നിൽക്കുന്നവർ എന്റെ ഈ സാഹസികത കണ്ട് അതിശയത്തോടെ നോക്കുന്നു. ഞാൻ മുകളിലേക്ക് കുതിക്കുമ്പോൾ എനിക്ക് പലരേയും കാണാൻ സാധിക്കുന്നു.

എന്റെ ചെറുപ്പത്തിൽ എന്നെ കൈപ്പിടിച്ച് നടത്തി അമ്പലത്തിലേക്കും, പാടവരമ്പത്ത് കൂടെ കഞ്ഞുണ്ണിപറിച്ചും, ഞണ്ടിന്റെ മാളത്തിൽ കൈയ്യിട്ടും, റെയിൽപാളത്തിലൂടെ ബാലൻസ് തെറ്റാതെ നടന്നും, മഴക്കാലത്ത് തോട്ടിൽ വെള്ളം നിറയുമ്പോൾ കളിക്കാനും എന്നെ കൂടെ കൊണ്ടുപോയ പിന്നെ ഇന്ന് കൂടെ ഇല്ലാത്ത മുഖങ്ങൾ മിന്നിമറയുന്നു. എല്ലാവർക്കും എന്നെ കാണുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം. അവരെ കാണുമ്പോൾ എനിക്ക് ആനന്ദാശ്രുക്കൾ പൊഴിയുന്നു. അവർ എന്റെ മുടിയിഴകളിൽ തഴുകുന്നു. ഒപ്പം മോളേ എന്നുള്ള മധുരമായുള്ള വിളിയും. പതുക്കെ പതുക്കെ എല്ലാവരിൽനിന്നും ഞാൻ അകലാൻ തുടങ്ങി. ആ അകൽച്ച ഞാനറിഞ്ഞു. പിൻതിരിഞ്ഞ് നിൽക്കുമ്പോൾ ഞാൻ തനിച്ചായി.

ആ ലാളിത്യമാർന്ന ഓർമ്മകൾ!. ഇതെല്ലാം കാണുന്നത് നീലഗിരിയുടെ തണുപ്പിൽ കമ്പിളിപുതപ്പിൽ കിടന്ന് കൊണ്ടാണ്. നാട്ടിൽനിന്ന് വെക്കേഷൻ കഴിഞ്ഞ് വന്ന് ഒരാഴ്ച ആയതേയുള്ളൂ. പല മധുരകാഴ്ചകളും അനുഭവങ്ങളും എപ്പോഴും അലട്ടിക്കൊണ്ടിരിക്കുന്നു. ഇനി സ്കൂളായി പഠിക്കണം, ഹോംവർക്ക് ചെയ്യണം ഒത്തിരിയുണ്ട്. മേഘങ്ങൾ പഴയതുപോലെ എന്നോടധികം സംസാരിക്കാറില്ല. മുൻപൊക്കെ ഉരുണ്ടും നിവർന്നും പുതിയ രൂപങ്ങൾ മെനഞ്ഞ് പഴയകഥകൾതന്നെ വീണ്ടും വീണ്ടും പറന്ന് താഴെ ജനലരികിൽ കിടന്ന എന്റെ കണ്ണുകളിലേയ്ക്ക് കിനാവ് കോരിയിടലായിരുന്നു പതിവ്. ഇനി അടുത്ത വെക്കേഷനിൽ നാട്ടിൽ പോകുമ്പോൾ എന്റെ വസന്തകാലമാണ്. അന്നത്തേക്ക് കാണാനും ചെയ്യാനും ഒരുപാട് കാര്യങ്ങൾ മനസ്സിൽ കോർത്ത് വെച്ചിട്ടുണ്ട്.

അച്ഛനും അമ്മയും പറഞ്ഞുതന്ന അവരുടെ ആ പഴയകഥകൾ സ്കൂളിൽ പോകുമ്പോൾ ഗ്രാമീണഭംഗിയിൽ സ്കൂളിലേക്ക് പോകുന്ന വഴിയിൽ രസകരമായ എത്രയെത്ര കാര്യങ്ങൾ, കളികൾ, ഇന്ന് അങ്ങനെ ആസ്വദിച്ച് സ്കൂളിൽ നമ്മൾ പോകാറില്ല. അതിനാൽ അന്യനാട്ടിൽ താമസിക്കുന്നവർക്ക് നമ്മുടെ ഗ്രാമം. സ്വന്തം വീടുതന്നെ.

നയന . എസ്. എൻ
4 – ബി, കേന്ദ്രീയ വിദ്യാലയ
ആരുവാൻകാടു
നീലഗിരി മേഖല

1 Comment

Bindu jayan April 11, 2018 at 5:42 am

നയന കുട്ടി നന്നായി എഴുത്തിട്ടോ.

നാലാം ക്‌ളാസിൽ അല്ലെ ?ഇനിയും എഴുതണം
അഭിനന്ദനങ്ങൾ

Leave a Comment

FOLLOW US