കേരളത്തിന്റെ ആറ് പതിറ്റാണ്ട് നീളുന്ന പ്രവാസ സ്വാധീനം

കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിലും വികസനത്തിലും നിർണായക പങ്കുവഹിക്കുന്നവരാണ് പ്രവാസിമലയാളികൾ. അന്യനാടുകളിൽ ക്ലേശകരമായ സാഹചര്യങ്ങളിൽപ്പോലും തൊഴിൽ ചെയ്ത് കുടുംബം പോറ്റുകയും അവിടുത്തെ സമ്പാദ്യം കൊണ്ട് നാടിന്റെ വികസനത്തിൽ പങ്കാളികളാവുകയും ചെയ്യുന്ന പ്രവാസികൾ ഇന്ന് കേരളത്തിലെ ജീവിതത്തിന്റെ എല്ലാ തുറകളിലും ഒരു നിർണായക ഘടകമാണ്. അതായത് പ്രവാസജീവിതം ഒരു മെഴുകുതിരി പോലെയാണ്. മറ്റുള്ളവർക്ക് വെളിച്ചം നൽകുന്നതോടൊപ്പം സ്വയം ഉരുകിത്തീരുന്നു. കഴിഞ്ഞ ആറുപതിറ്റാണ്ടിനിടയ്ക്ക് കേരളത്തിൽ നിന്നും പ്രധാനമായി രണ്ടു തരത്തിലുള്ള വിദശ കുടിയേറ്റമാണ് ഉണ്ടായിട്ടുള്ളത്.

1950 കളിലും 1960 കളിലും മെച്ചപ്പെട്ട വിദ്യഭ്യാസ യോഗ്യതയും ജോലി പരിചയവുമുള്ള അദ്ധ്യാപകർ, ഡോക്ടർ, എഞ്ചിനീയർ, നഴ്സ്, ടെക്നീഷ്യൻ തുടങ്ങിയവർ യു.കെ, യു.എസ്.എ, കാനഡ, ആസ്ട്രേലിയ എന്നീ രാജ്യങ്ങളിലും ആഫ്രിക്കൻ രാജ്യങ്ങളിലും ‘വിദേശത്തു സ്ഥിരതാമസമാക്കുക’ എന്ന ലക്ഷ്യത്തോടെ കുടിയേറി. 1973 നു ശേഷം പെട്രോളിയം ഉത്പന്നങ്ങളുടെ വിലയിലുണ്ടായ വർദ്ധനവ് അവർ അടിസ്ഥാന ഘടകവികസനത്തിന് ചെലവഴിച്ചു. തന്മൂലം ഗൾഫ് രാജ്യങ്ങളിൽ ഏറെ വിദേശതൊഴിലാളികളെ ആവശ്യമായി വന്നു. തദവസരത്തിൽ കുശാഗ്രബുദ്ധിയും തൊഴിൽ നൈപുണ്യവും ആത്മാർത്ഥതയുമുള്ള കേരളീയർ തൊഴിലിനുവേണ്ടി ഗൾഫ് രാജ്യങ്ങളിലേക്കു കുടിയേറി.

എഴുപതുകളുടെ മദ്ധ്യത്തിൽ തുടങ്ങിയ കുടിയേറ്റം ചില വർഷങ്ങൾകൊണ്ട് പതിന്മടങ്ങ് വർദ്ധിച്ചു. അങ്ങനെ കേരളത്തിലെ തൊഴിൽമേഖലയിലും സമ്പദ്ഘടനയിലും ഏറ്റവും സ്വാധീനം ചെലുത്തുന്ന ഒരു ഘടകമായി ഈ കുടിയേറ്റവും തന്മൂലമുള്ള പണപ്രവാഹവും മാറി. ഇപ്പോഴത്തെ സ്ഥിതിവിവരക്കണക്കനുസരിച്ച് കേരളത്തിൽ നിന്നും വിദേശത്ത് കുടിയേറിയവർ 25 ലക്ഷം പേരും കുടിയേറ്റക്കാരിൽനിന്നും ലഭിക്കുന്ന പണം 27,000 കോടി രൂപയുമാണ്.

കേരളത്തിൽനിന്നും പ്രതിവർഷം ഗൾഫിലേക്ക് കുടിയേറിയവരിൽ തുടർച്ചയായ വർദ്ധനവാണ് 1983 വരെ ഉണ്ടായിട്ടുള്ളത്. 1983 ൽ അന്താരാഷ്ട്ര വിപണിയിലെ പെട്രോളിയം ഉത്പന്നങ്ങളുടെ വിലയിടിവ് ഗൾഫ് രാജ്യങ്ങളുടെ കുടിയേറ്റത്തെയും വരുമാനത്തെയും പ്രതികൂലമായി ബാധിച്ചു.

ഗൾഫ് പണപ്രവാഹം ഇന്ത്യയുടെ വിദേശനാണ്യലഭ്യത ഗണ്യമായി വർദ്ധിപ്പിച്ചു. കേരളത്തിന്റെ സമ്പദ്ഘടനയിലും സാമ്പത്തിക മേഖലകളിലും വൻതോതിലുള്ള മാറ്റങ്ങൾ സൃഷ്ടിച്ചു. ഗൾഫ് പണം ലഭിക്കുന്ന ഒരു വലിയ വിഭാഗം കുടുംബങ്ങളിലെ ഉപഭോഗം, സേവിംഗ്സ്, നിക്ഷേപം എന്നിവയിൽ മാറ്റങ്ങൾ ഉണ്ടായി. ദാരിദ്ര്യം കുറയ്ക്കുന്നതിലും വരുമാന വിതരണത്തിലും മാറ്റങ്ങൾ സൃഷ്ടിച്ചു. തൊഴിലില്ലാത്ത ലക്ഷകണക്കിന് ചെറുപ്പക്കാർക്ക് കുടിയേറ്റം മൂലം തൊഴിലവസരങ്ങൾ ലഭിച്ചു എന്നതാണ് ഏറ്റവും പ്രധാന നേട്ടം. അങ്ങനെ കുടുംബങ്ങളുടെ വരുമാനത്തിൽ വർദ്ധനയും തന്മൂലം മെച്ചമായ ജീവിതനിലവാരവും നേടാൻ കഴിഞ്ഞു.

ഗൾഫ് പണം ഭൂമി വാങ്ങാനും വീടുപണിയുന്നതിനും മറ്റു നിർമ്മാണ പ്രവർത്തനങ്ങൾക്കായും ചെലവാക്കിയതുമൂലം ഭൂമിയുടെയും റിയൽഎസ്റ്റേറ്റിന്റെയും വില തുടർച്ചയായി വർദ്ധിച്ചു. കെട്ടിടനിർമ്മാണവുമായി ബന്ധപ്പെട്ട ഉത്പാദനം, ഗതാഗതം, വിതരണം എന്നിവമൂലം തൊഴിൽരംഗങ്ങളിൽ അഭൂതപൂർവ്വമായ വളർച്ചയുണ്ടായി. കേരളത്തിലെ ദാരിദ്ര്യം കുറയ്ക്കുന്നതിനും ഗൾഫ് പണം സഹായിച്ചു. ഗൾഫ് പണം ബാങ്കിംഗ് മേഖലയിൽ വൻവികസനം ഉണ്ടാക്കി. ചുരുക്കത്തിൽ കേരള സമ്പദ്ഘടനയുടെ എല്ലാ മേഖലകളിലും ഏറ്റവും വലിയ സാമ്പത്തിക മാറ്റങ്ങൾ ഗൾഫ് കുടിയേറ്റവും പണപ്രവാഹവും മൂലം ഉണ്ടായി.

1990 ൽ ഇറാക്ക് കുവൈറ്റിനെ ആക്രമിച്ചതുമൂലം കുവൈറ്റിലുണ്ടായിരുന്ന കേരളീയർ നാട്ടിലേക്ക് മടങ്ങിയത് കേരളത്തിന്റെ സമ്പദ്ഘടനയിൽ രൂക്ഷമായ പ്രതിസന്ധിക്ക് കാരണമായി ഇറാക്കിൽനിന്നും കുവൈറ്റ് മോചിപ്പിക്കപ്പെട്ടതും തുടർന്ന് ഗൾഫ് മേഖലയിലെ രാഷ്ട്രീയ അനിശ്ചിതത്വം അവസാനിച്ചതും ഗൾഫ് മേഖല വീണ്ടും പൂർവ്വസ്ഥിതിയിലാകാൻ കാരണമായി. എണ്ണവില വർദ്ധിച്ചതോടെ ഗൾഫ് രാജ്യങ്ങളിൽ എണ്ണ വിലയിടിവ് മൂലം നിലനിന്നിരുന്ന സാമ്പത്തികമാന്ദ്യവും മാറി.

ചുരുക്കിപ്പറഞ്ഞാൽ കഴിഞ്ഞ ആറു ദശാബ്ദമായി കേരളത്തിലെ തൊഴിൽമേഖലയിലും സമ്പദ്ഘടനയിലും ഏറ്റവും സ്വാധീനം ചെലുത്തിയ ഘടകം ഗൾഫ് കുടിയേറ്റവും തന്മൂലമുള്ള പണപ്രവാഹവുമാണ്.

ആർച്ച. എ. എസ്
9 ഇ, ജി.വി.എച്ച്.എസ്.എസ്
ചാത്തന്നൂർ, കൊല്ലം

1 Comment

Bindu jayan April 11, 2018 at 5:40 am

nannai

Leave a Comment

FOLLOW US