വീടുവിട്ടവർ

“എന്താ നാരായണേട്ടാ, തീർത്ഥാടനം കഴിഞ്ഞ് എത്തിയോ?”

ഗോവിന്ദന്റെ ചോദ്യത്തിന് ഒരു നെടുവീർപ്പോടെ,

“ഒരു യാത്ര കഴിയുമ്പോൾ മറ്റൊരു യാത്ര തുടങ്ങുന്നു. ജീവിതം തന്നെ ഒരു യാത്രയല്ലേ ഗോവിന്ദാ”

എന്നും പറഞ്ഞ് നാരായണേട്ടൻ കട്ടൻചായ മൊത്തി കുടിക്കുവാൻ തുടങ്ങി. ഭാസ്ക്കരന്റെ ചായക്കടയിൽനിന്നാണ് പല നാട്ടുക്കാർക്കും പ്രഭാതം തുടങ്ങുന്നതുതന്നെ. പത്രവായനയും ചർച്ചയും കഴിഞ്ഞ് പലവഴിക്ക് പിരിയും. വീണ്ടും സായാഹ്നചർച്ചയ്ക്കായി ഒത്തുചേരുന്നത് വായനശാലയിലോ ഭാസ്ക്കരന്റെ കടയിലോ ആയിരിക്കും. ഭാസ്ക്കരൻ എന്നാണ് പേരെങ്കിലും പാക്കരാ എന്നേ ഭൂരിഭാഗവും വിളിക്കാറുള്ളൂ. ഭാസ്ക്കരൻ ലോഭിച്ച് പാക്കരനായതുപോലെ ജാതിയിലുള്ള ഇളപ്പം കൊണ്ടോ, നാട്ടുകാരുടെ സ്നേഹക്കൂടുതലുകൊണ്ടോ എന്ന് അറിയില്ല. രണ്ടർത്ഥത്തിലായാലും അത് സത്യമാണ് താനും. നല്ല വായനാശീലമുള്ളവനായിരുന്നു ഭാസ്ക്കരൻ. നാരായണേട്ടൻ ഇടയ്ക്കിടെ പറയും കഷ്ടപ്പാടുകളുടെ നടുവിൽ ജനിച്ചതുകൊണ്ട് ചായക്കടയിലായി ജീവിതമെന്ന് മാത്രം. സ്വന്തം അന്നത്തിനുവേണ്ടി മറ്റുള്ളവരെ ഊട്ടുന്നു. അതിന്റെ തുച്ഛമായ വരുമാനം കൊണ്ട് ജീവിക്കുന്നു. ഒറ്റമുറി ചായക്കടയിൽ ഭാര്യ കാളിയോടൊത്ത് സന്തുഷ്ട ജീവിതം.

ചായക്കടയുടെ കോലായിൽ ചർച്ചകൾ നീളും. ഉൽപ്പത്തിൽ തുടങ്ങി ആനുകാലിക ചർച്ചകളും കടന്ന് ഭാവികാലത്തിലേക്ക്. ചർച്ചകൾക്ക് വഴിമരുന്ന് ഇടുന്നത് നാരായണേട്ടൻ സന്നിഹിതനായിട്ടുണ്ടെങ്കിൽ ജോസഫും, സുലൈമാനും, അച്ചുവും, സുരേന്ദ്രനുമെല്ലാം അവരുടെ അഭിപ്രായങ്ങൾ ന്യായീകരിക്കും. പാക്കരൻ അധികം അഭിപ്രായങ്ങൾ ഒന്നും പറയില്ല എങ്കിലും പറഞ്ഞാൽ മറ്റുള്ളവർക്ക് അത് അംഗീകരിച്ചുകൊടുക്കേണ്ടി വരും. അത്രയ്ക്കും ആധികാരികമായിരിക്കും പാക്കരന്റെ വാക്കുകൾ. പാക്കനാരെ വെല്ലുന്ന തത്ത്വശാസ്ത്രമുണ്ടായിരിക്കും അതിൽ. നാരായണേട്ടൻ അത് ശരിവച്ചാൽ ചർച്ചകൾ അവിടെ അവസാനിക്കും.
നാരായണേട്ടൻ തുടക്കമിടുന്ന ചർച്ചകൾ പലപ്പോഴും വഴിമുട്ടി നിൽക്കും. അതിന്റെ അർത്ഥവ്യാപ്തി പത്രത്താളുകളിൽ നിറയുമ്പോഴാകും അതിന്റെ അർത്ഥതലങ്ങളിലേക്ക് മറ്റുള്ളവർ ചിന്തിക്കുന്നതുപോലും. വായനയും, നാട്ടറിവും, കേട്ടറിവും, അനുഭവജ്ഞാനവും, യാത്രാനുഭവങ്ങളും ഉള്ള നാരായണേട്ടന് ജനം കൽപ്പിച്ചു നൽകിത് പല പേരുകളാണ്. നാരായണൻ മുതൽ നരൻ വരെ എത്തി നിൽക്കുമ്പോൾ നാരദനും കടന്നുവരുന്നത് അതുകൊണ്ടാണ്.

നാരായണേട്ടനെ ആരെങ്കിലും നാരദൻ എന്നു വിളിച്ചാൽ ഒറ്റവാക്കിൽ പാക്കരൻ അത് ഖണ്ഠിക്കും. സത്യം പറയുന്നവർ അല്ലെങ്കിലും നാരദൻ ആണല്ലോ എന്നും പറഞ്ഞ്. കേരളത്തിൽനിന്നും നാടുവിട്ടവർ സിറിയയിൽ കൊല്ലപ്പെട്ടു. അവരൊക്കെ എന്തിനാ ചാകാൻ വേണ്ടി സിറിയയിലേക്ക് പോണത്. സ്വർഗ്ഗം തേടി പോയവർ പടക്കളത്തിൽ മരിച്ചുവീഴും. വാളെടുത്തവർ വാളാൽ വീഴും. ജോസഫിന്റെ വാക്കുകൾ. ജോസഫേ വീടുവിട്ടവർ തിരിച്ചുവരുമ്പോഴാണ് കൂടുതൽ പ്രശ്നം. ഏതായാലും നടന്നത് നല്ലതിനെന്നു വിചാരിക്കുക. അത്രതന്നെ.
ഇതെല്ലാം ചരിത്രാതീതകാലം മുതലുള്ളതാണെടോ, വനവാസം കഴിഞ്ഞ് രാമൻ തിരിച്ചെത്തിയപ്പോൾ പ്രശ്നം, പാണ്ഡുവിന്റെ മരണശേഷം പാണ്ഡവർ ഹസ്തിനപുരത്തെത്തിയപ്പോൾ പ്രശ്നം. ഓരോ തിരിച്ചുവരവിനു ശേഷവും ഒരു യുദ്ധം അനിവാര്യമാണെന്നപോലെ ആണ് നമ്മുടെ കാവ്യങ്ങൾ പോലും. മണ്ണിനും പെണ്ണിനും വേണ്ടി വഴക്കുകൂടി കുലം മുടിച്ചവർ. കാലത്തിന് ഒരു നീതി ഉണ്ടെടോ. എത്രകാലം കഴിഞ്ഞാലും അത് മറ നീക്കി പുറത്തുവരും. മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി എന്ന ശ്രീനാരായണഗുരുവിന്റെ വചനങ്ങൾ അങ്ങിനെയാണ് പ്രശസ്തമാകുന്നത്. ഭാസ്ക്കരന്റെ ധർമ്മബോധം എല്ലാവരേയും നിശ്ശബ്ദരാക്കി. ചതിക്കു പിറകിൽ ഒരു യുദ്ധമുണ്ടെന്നും ലക്ഷ്യം വിജയമാണെന്നും, ചതിക്കു പകരമായി. കൊടുംചതിയുണ്ടെന്നും, എങ്കിലും അവസാനവിജയം ധർമ്മത്തിനായിരിക്കുമെന്നും സജ്ഞയൻ പറഞ്ഞു നിർത്തി.

യുദ്ധം കഴിഞ്ഞാൽ കൊടുംക്രൂരത അതല്ലേ ചരിത്രം. വിജയകാഹളം മുഴക്കി സുഷുപ്തിയിലാണ്ട പാണ്ഡവപുത്രരെ കാലപുരിക്കയച്ചത് മൂങ്ങയുടെ പരാക്രമം കണ്ടു ഭ്രമിച്ച അശ്വാത്ഥാമാവല്ലേ. യുദ്ധം ജയിച്ചവർക്കും പരാജിതർക്കും യുദ്ധാനന്തരം ചിരിക്കാൻ പോലും കഴിയാത്തൊരു വിജയം. നാടുവിട്ടവർ നാട്ടിലേക്ക് തിരിച്ചെത്തിയപ്പോൾ കണക്കുപുസ്തകം കണ്ണീരിൽ കുതിർന്നുപോയിരുന്നു.

പന്തിരുകുലത്തിൽ ഒരു കഥയുണ്ട്. പാക്കനാർ അഗ്നിഹോത്രിയെ കാണാൻ പോയ കഥ പന്തിരുകുലജാതർ ചാത്തമൂട്ടാനായിട്ട് ഒത്തുകൂടിയിരുന്നത്. അഗ്നിഹോത്രിയുടെ ഇല്ലത്താണ്. ചാത്തത്തിന്റെ അന്നും തലേന്നും അയിത്തമില്ല. അച്ഛനും അമ്മയും ഒത്താണെങ്കിലും വളർത്തിയ കൈകൾ വരച്ചു വെച്ച ജാതിയും, കുലവും, കുലത്തൊഴിലും. ചാത്തം കഴിഞ്ഞാൽ സമത്വം മാറും. പിന്നീടവർ കീഴാളർ. ഒരേ രക്തത്തിൽ പിറന്നവർ പന്ത്രണ്ട് തരം. രണ്ട് നാൾ അഗ്നിഹോത്രിയുടെ ഇല്ലത്തും മുന്നൂറ്ററുപത്തിമൂന്ന് (363) നാൾ ജാതിയുടെ വേലിക്കെട്ടിനകത്തും.
അതിനും ഒരു കഥയുണ്ട്. നാരായണേട്ടൻ തുടർന്നു. പതിവില്ലാതെ അഗ്നിഹോത്രിയെ കാണാൻ എത്തിയ പാക്കനാർ, അയിത്തക്കാരൻ ഇല്ലത്തിനു പുറത്ത് കാത്തുനിന്നു. ഓരോരോ പ്രാവശ്യം അന്വേഷിക്കുമ്പോഴും അഗ്നിഹോത്രി ഓരോരോ പൂജകളിൽ ആയിരിക്കും. ഓരോ തവണ അന്വേഷിക്കുമ്പോഴും പാക്കനാർ ഒരു കുഴി കുത്തും. അന്വേഷണങ്ങൾ കൂടിയപ്പോൾ ഇല്ലത്തെ മുറ്റത്തെ കുഴികളുടെ എണ്ണവും കൂടി. ഉച്ചയായപ്പോൾ അഗ്നിഹോത്രി പുറത്തുവന്നു. മുറ്റം നിറയെ കുഴികൾ കണ്ട് അഗ്നിഹോത്രി ചോദിച്ചു.. എന്തായിത്….
ജ്യേഷ്ഠനെ ഓരോ പ്രാവശ്യം അന്വേഷിക്കുമ്പോഴും ഞാൻ ഓരോ കുഴികൾ കുത്തി. ഒരു കുഴിതന്നെ കുഴിച്ചിരുന്നെങ്കിൽ ഇപ്പോൾ വെള്ളം കണ്ടേനെ. എല്ലാ പൂജകളും ഒരു ദൈവത്തിലേക്കു തന്നയല്ലേ എത്തുന്നത് എന്നേ പാക്കനാർ ഉദ്ദേശിച്ചുള്ളൂ.

പാക്കനാർ പതിവു തെറ്റിച്ചു പല പ്രാവശ്യം വന്നാൽ എല്ലാ കുഴികളിലും വെള്ളം കാണും. അഗ്നിഹോത്രി ചിരിച്ചുകൊണ്ട് പറഞ്ഞു. ഏതു കുഴിയായാലും ഉറവ ഒന്നാണെന്ന് അഗ്നിഹോത്രി പാക്കനാരെ കുറഞ്ഞ വാക്കിൽ ബോധിപ്പിച്ചു.

സുബൈദും, കാഞ്ചനയും തിരിച്ചു വന്നൂത്രേ. ഒരു കുട്ടിയും ആയീന്ന്. ഓൻ അല്ലെങ്കിലും നല്ലോന്നാ. ഓളെ മതം മാറ്റാനൊന്നും പോയില്ല കുട്ടീനെ ഏതു മതത്തിൽ ചേർക്കുംന്ന് അറിയില്ല. ഞാൻ ചോദിച്ചപ്പോ ക്രിസ്ത്യാനിയാക്കിയാലോന്ന് അവൻ തിരിച്ചു ചോദിക്ക്യ. സുലൈമാൻ പറഞ്ഞു. മതമില്ലാതെ മനുഷ്യർക്ക് ജീവിക്കാൻ പറ്റുന്ന ഒരു കാലം വരട്ടെടോ..കൂടുവിട്ടവരെല്ലാം തിരികെ ചേക്കേറട്ടെ. സൂര്യനെ നോക്കി ഇരതേടി പറന്ന്, അസ്തമനസൂര്യനെ നോക്കി തിരികെ ചേക്കേറുന്ന കിളികളെപോലെ ആകട്ടെടൊ മനുഷ്യരും.നാരായണേട്ടൻ പറഞ്ഞു നിർത്തി.

ചൈത്ര .എന്‍.ആര്‍

ചെന്നൈ

Sreejitha.as7@gmail.com

2 Comments

Hridhya January 21, 2018 at 6:05 pm

ചൈത്ര നന്നായിട്ടുണ്ട്
ഇനിയും എഴുതണം

പ്രജീഷ് February 24, 2018 at 9:20 am

കഥ നന്നായിട്ടുണ്ട് നന്നായി വായിക്കുക എഴുത്ത് തുടരുക

Leave a Comment

FOLLOW US