രക്തസാക്ഷി ദിനവും രാഷ്ട്രപിതാവും

“നമ്മുടെ ജീവിതത്തിൽ നിന്ന് പ്രകാശം മാഞ്ഞുപോയിരിക്കുന്നു. എവിടെയും ഇരുട്ടാണ്‌…. പ്രകാശം പൊലിഞ്ഞെന്നാണോ ഞാൻ പറഞ്ഞത്‌? എനിക്കു തെറ്റുപറ്റി. പ്രകാശിച്ചിരുന്നത്‌ ഒരു സാധാരണ ദീപമായിരുന്നില്ല….. ഒരായിരം വർഷങ്ങൾക്കു ശേഷവും അതിവിടെ പ്രകാശം ചൊരിയും. നൂറ്റാണ്ടുകളിലൂടെ ആയിരമായിരം ഹൃദയങ്ങൾക്ക്‌ അത്‌ ആശ്വാസം പകർന്നുകൊണ്ടിരിക്കും” മഹാത്മാഗാന്ധിയുടെ മരണം അറിയിച്ചുകൊണ്ട്‌ രാഷ്ട്രത്തോടു നടത്തിയ പ്രഭാഷണത്തിൽ ജവഹർലാൽ നെഹ്‌റു പറഞ്ഞതാണ് മുകളിൽ കുറിച്ചത്.

ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയുമായിരുന്ന ഗാന്ധിജി മരിച്ചിട്ടു ഈ ജനുവരി 30 നു എഴുപതു വര്‍ഷം തികയുന്നു. അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും ശ്രദ്ധേയനായ ഗാന്ധിയെ കേവലമൊരു രാഷ്ട്രീയ നേതാവ് എന്നതിനേക്കാൾ ദാർശനികനായും ലോകനേതാവായുമാണ് നമ്മൾ ഇന്ന് അറിയുന്നത്.

ഭാഷ സ്നേഹത്തെ കുറിച്ച് ഗാന്ധിജി

ഭാഷ സ്നേഹത്തെ കുറിച്ച് ഗാന്ധിജി എന്താണ് പറഞ്ഞതെന്ന് കൂട്ടുകാർക്കറിയുമോ?
മാതൃഭാഷയും ഇംഗ്ലീഷും എന്ന ലേഖനത്തിൽ ഗാന്ധിജി ഇപ്രകാരം എഴുതിയിരിക്കുന്നു, “ഭാഷ നമ്മുടെ അമ്മയെപ്പോലെയാണ്. പക്ഷേ, നമുക്ക് അമ്മയോടുള്ള ആ സ്നേഹം ഭാഷയോടില്ല.”

വിദേശഭാഷയിലൂടെ നമുക്കാവശ്യമായ സ്വാതന്ത്ര്യം ലഭിക്കുകയില്ല. കാരണം, നമുക്കത് ഫലപ്രദമായ രീതിയിൽ പ്രയോഗിക്കാൻ കഴിയുകയില്ലെന്നതുതന്നെ.

അഭ്യസ്തവിദ്യരായ വിഭാഗക്കാർ, പണ്ഡിറ്റ് മാളവ്യജി അദ്ദേഹത്തിന്റെ കത്തിൽ സൂചിപ്പിച്ചതുപോലെ ദൗർഭാഗ്യവശാൽ ഇംഗ്ലീഷിന്റെ മായാവലയത്തിലകപ്പെട്ട് സ്വന്തം മാതൃഭാഷയോട് ഒരുതരം അരുചിതന്നെ പ്രദർശിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു. ആദ്യത്തേതിൽനിന്നു കിട്ടുന്ന പാല് വെള്ളം കൂടിയതും വിഷം കലക്കിയതുമാണെങ്കിൽ, രണ്ടാമത്തേതിൽനിന്നു കിട്ടുന്ന പാൽ പരിശുദ്ധമാണ്. ഈ ശുദ്ധമായ പാലില്ലാതെ എന്തെങ്കിലും പുരോഗതി സാധ്യമല്ല. പക്ഷേ, അന്ധർക്ക് കണ്ണുകാണാൻ കഴിയില്ല. അടിമകൾക്ക് അടിമച്ചങ്ങല പൊട്ടിച്ചെറിയാൻ അറിയുകയുമില്ല. നമ്മൾ കഴിഞ്ഞ അമ്പതുകൊല്ലമായി ഇംഗ്ലീഷിന്റെ മായാവലത്തിൽ അകപ്പെട്ടു കഴിയുകയായിരുന്നു.

ഇംഗ്ലീഷ് അന്താരാഷ്ട്ര വാണിജ്യത്തിന്റെ ഭാഷയാണ്, അതു നയതന്ത്രത്തിന്റെ ഭാഷയാണ്. അതിൽ സമ്പന്നമായ അനേകം സാഹിത്യനിധികളുണ്ട്, അതു പാശ്ചാത്യചിന്തയെയും സംസ്കാരത്തെയും നമുക്ക് പരിചയപ്പടുത്തിത്തരുന്നു.

അതുകൊണ്ട് നമ്മിൽ ചിലർക്ക് ഇംഗ്ലീഷ് പരിജ്ഞാനം ആവശ്യമാണ്. അവർക്കു ദേശിയവാണിജ്യം, അന്താരാഷ്ട്രീയനയതന്ത്രം എന്നീ വകുപ്പുകൾ നടത്തിക്കൊണ്ടുപോകാം, പാശ്ചാത്യസാഹിത്യം, ചിന്താശാസ്ത്രം എന്നിവയുടെ ഉത്തമമായ അംശങ്ങൾ രാഷ്ട്രത്തിനു പ്രദാനം ചെയ്യാനുള്ള പ്രവർത്തനവും അവർക്കു നടത്താം. അതായിരിക്കും ഇംഗ്ലീഷിന്റെ ന്യായമായ ഉപയോഗം. ഇന്നാകട്ടെ, ഇംഗ്ലീഷ് നമ്മുടെ ഹൃദയത്തിലെ ഏറ്റവും പ്രിയപ്പെട്ട ഭാഗം അപഹരിക്കുകയും നമ്മുടെ മാതൃഭാഷകളെ സിംഹാസന ഭ്രഷ്ടമാക്കുകയും ചെയ്തിരിക്കുന്നു. ഇംഗ്ലീഷറിയാതെതന്നെ ഇന്ത്യാക്കാരുടെ മനസ്സിന് ഉന്നതമായ വളർച്ച ഉണ്ടാകണം . ഇംഗ്ലീഷറിയാതെ ഏറ്റവും നല്ല സമൂഹത്തിലേക്കു പ്രവേശം ലഭിക്കുക അസാധ്യമാണെന്നു കരുതാൻ നമ്മുടെ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നത് ഭാരതീയരോട് ചെയ്യുന്ന ഹിംസയാണ്.അത് അസഹ്യമാംവണ്ണം അപമാനകരമായൊരു ചിന്തയാണ്. ഇംഗ്ലീഷ് ഭ്രമത്തിൽനിന്നു വിടുതി ലഭിക്കുകയെന്നത് സ്വരാജ്യത്തിന്റെ അവശ്യഘടകങ്ങളിലൊന്നാണ്”. സ്വതന്ത്രമായ മാതൃരാജ്യവും മാതൃ ഭാഷയുമാണ് ഗാന്ധിജിയുടെ സ്വരാജ് സങ്കൽപത്തെ പൂർത്തീകരിക്കുന്നത്.

പിശുക്കനായ ഗാന്ധിയപ്പൂപ്പൻ

ഈ ഗാന്ധിയപ്പൂപ്പൻ വലിയൊരു പിശുക്കനായിരുന്നു എന്ന് കുട്ടികൾക്കറിയാമോ? അദ്ദേഹം എഴുതാൻ വേണ്ടി ഒരു പെൻസിൽ ഭംഗിയായി മുനചെത്തി മിനുക്കി ഉപയോഗിച്ചുതുടങ്ങും. എഴുത്തോടെഴുത്താണ്. വരുന്ന കത്തുകളുടെയും കടലാസുകളുടെയുമൊക്കെ മറുപുറം ഒഴിഞ്ഞു കിടക്കുന്നവയെല്ലാമെടുത്ത് അടുക്കി സൂക്ഷിക്കും. അവയിലൊക്കെയാണ് കുത്തിയിരുന്ന് എഴുതുന്നത്. അങ്ങനെ എഴുതിയെഴുതി പെൻസിൽ ചെറുതാകുമ്പോഴൊന്നും കളയുമെന്നു വിചാരിക്കേണ്ട. തേഞ്ഞു തേഞ്ഞ് കുറ്റിയാകുംവരെ ഉപയോഗിക്കും. തീരെ കൈയിൽ പിടിക്കാൻ വയ്യാതാകുമ്പോൾ ഒരു പേനയുടെ അടപ്പോ മറ്റോ എടുത്ത് അതിൽ ആ കുറ്റി തിരുകി വെച്ച്  എഴുതിത്തുടങ്ങും…! അതിന്റെ അവസാനത്തെ തരിവരെ പ്രയോജനപ്പെടുത്തും.

ഇതിനു കാര്യമെന്ത്? ഗാന്ധിജി പറയും ഇന്ത്യ ഒരു ദരിദ്രരാജ്യമാണ്. പാവപ്പെട്ടവരാണ് ഇവിടെ അധികവും. നാം ഒന്നും എറിഞ്ഞുകളയാൻ പാടില്ല. അതുപോലെ ഭൂമിയും ഒരുപാടു മക്കളുള്ള പാവപ്പെട്ട ഒരമ്മയാണ്. മക്കൾക്കു വേണ്ടതൊക്കെ അമ്മ കൊടുക്കും. പക്ഷേ അവർക്ക് എറിഞ്ഞുകളയാൻ തക്കവിധത്തിൽ അമ്മയുടെ പക്കൽ അത്രയ്ക്കൊന്നുമില്ല. എല്ലാമെല്ലാം നിങ്ങൾ ഏറ്റവും സൂക്ഷിച്ചേ ഉപയോഗിക്കാവൂ.

നിങ്ങൾ ആലോചിച്ചു നോക്കൂ. നിങ്ങൾ ഡോട്പേന ഉപയോഗിക്കുന്ന വിധം. കടലാസോ? നോട്ടുബുക്കോ? എത്ര നിസ്സാരമായി നാം എല്ലാം എറിഞ്ഞുകളയുന്നു! നാളെ ഭൂമിയുടെ പക്കൽ ഇതെല്ലാം ഉണ്ടാക്കാനുള്ള വിഭവങ്ങളുണ്ടാവുമോ?

0 Comments

Leave a Comment

FOLLOW US