കാട്ടുകുളിരില്‍ കനലിടരുതേ…

ഖാണ്ഡവവനത്തിന് കൃഷ്ണനും അര്‍ജുനനും തീവെച്ച കഥ കേട്ടിട്ടുണ്ടാകും. യമുനയുടെ പടിഞ്ഞാറ് ഭാഗത്തായിരുന്നു ഖാണ്ഡവവനം. ഇന്ദ്രപ്രസ്ഥം എന്ന തലസ്ഥാന നഗരമുണ്ടാക്കാനാണ് കാടെരിച്ചത്. ഇര തേടിപ്പറന്ന പക്ഷി തിരിച്ചെത്തുമ്പോള്‍ കാട് കത്തുന്ന കാഴ്ചയാണ് കണ്ടത്. ചിറകുമുളക്കാത്ത കുഞ്ഞുങ്ങള്‍ കാടിനുള്ളിലെ മരച്ചില്ലയില്‍ ഒരു കൂട്ടിലുണ്ട്. അമ്മക്കിളിക്ക് നോക്കിനില്‍ക്കാനാവില്ലല്ലോ ? പക്ഷി തൊട്ടടുത്ത അരുവിയില്‍ മുങ്ങുന്നു. പറന്നു വന്ന് കാടിനുമുകളില്‍ ചിറകുകുടഞ്ഞ് തീ കെടുത്താന്‍ നോക്കുന്നു. അപ്പോള്‍ ഇന്ദ്രന്‍ കിളിയെ ആവശ്യത്തിന് പരിഹസിക്കുന്നുണ്ട്. നീ വിചാരിച്ചാല്‍ ഈ തീ കെടുത്താനാകുമോ എന്നാണ് ഇന്ദ്രന്റെ ചോദ്യം. എന്നാല്‍ ഇന്ദ്രന്‍ വിചാരിച്ചാല്‍ ഒരു നിമിഷം കൊണ്ട് അത് കെടുത്താനാകും. മഴയുടെ ദേവനാണല്ലോ അദ്ദേഹം. ഇക്കാര്യം കിളി ഇന്ദ്രനോട് ചോദിക്കുന്നുമുണ്ട്. പക്ഷേ ഇന്ദ്രന്‍ അതിനു തുനിഞ്ഞില്ല. പക്ഷി തന്റെ പ്രവൃത്തി തുടര്‍ന്നു. ഒടുവില്‍ കാട്ടുതീയില്‍ വെന്ത് ദാരുണമായ മരണത്തിന് ആ അമ്മക്കിളി കീഴ്‌പെട്ടു.

നമുക്ക് ചുറ്റും ഇപ്പോഴും കാട് കത്തുന്നുണ്ട്. മഞ്ഞുകാലം തീരാറായി. ഇനി വേനല്‍ക്കാലമാണ്. കഠിനമായ ചൂട്, കുടിവെള്ള ക്ഷാമം എന്നിവയൊക്കെ നമ്മളെ കാത്തിരിക്കുന്നു. ഓരോ വേനലിലും ഹെക്ടര്‍ കണക്കിന് കാടുകളാണ് ലോകത്ത് കത്തിയെരിയുന്നത്. ഇന്ത്യയും മോശമല്ല. കഴിഞ്ഞ വര്‍ഷം ഉത്തരാഖണ്ഡില്‍ വനമേഖലയില്‍ പടര്‍ന്നു പിടിച്ച തീയില്‍ 8600 ഏക്കര്‍ കാടാണ് കത്തിയെരിഞ്ഞത്. തീയണക്കാന്‍ എല്ലാവിധ സന്നാഹങ്ങളും ഉപയോഗിച്ചു. എന്നിട്ടും മെയ് മാസത്തിന്റെ തുടക്കത്തില്‍ പെയ്ത പെരുമഴയിലാണ് കാട്ടുതീ പൂര്‍ണമായും അണഞ്ഞത്. കേരളത്തിലും കാട്ടുതീ വാര്‍ത്ത പുതുമയല്ലാതായിരിക്കുന്നു. വയനാട്ടില്‍ എല്ലാ വേനലിലും കാട് കത്തുന്നുണ്ട്. സൈലന്റ്‌വാലിയുടെ കരുതല്‍ വനമേഖലയില്‍ പോലും ഏതാനും വര്‍ഷം മുന്‍പ് തീപിടിത്തമുണ്ടായി.

എങ്ങനെയാണ് കാട്ടുതീ ഉണ്ടാകുന്നത് ? പ്രധാന കാരണം മനുഷ്യന്‍ തന്നെയാണ്. കാട്ടിലെത്തുന്ന മനുഷ്യര്‍ ഉണങ്ങിക്കരിഞ്ഞ് വീണുകിടക്കുന്ന ഇലകളില്‍ തീപ്പെട്ടി ഉരച്ചിടുകയോ സിഗരറ്റ് വലിച്ചെറിയുകയോ ഒക്കെ ചെയ്യാം. ആനന്ദനൃത്തത്തിന് ക്യാമ്പ് ഫയര്‍ ഒരുക്കാം. അതൊക്കെയാകും കാട്ടുതീയായി വളർന്ന് പടരുന്നത്. ഇടിമിന്നല്‍ കാരണം കാട്ടുതീയുണ്ടാകാം. ഉണങ്ങിയ മരങ്ങള്‍ തമ്മില്‍ കൂട്ടിയുരഞ്ഞ് തീയുണ്ടാകാം. പക്ഷേ, ഇതൊക്കെ വളരെ അപൂര്‍വമായി മാത്രമേ സംഭവിക്കാനിടയുള്ളൂ. പ്രത്യേകിച്ച് നമ്മുടെ നിത്യഹരിതവനങ്ങളില്‍.

എന്താണ് കാട്ടുതീ ഉണ്ടാക്കുന്ന നഷ്ടം ? ഹെക്ടര്‍ കണക്കിന് കാട് ഒന്നിച്ച് നശിച്ചുപോകുന്നു. ഒരു മരം വെട്ടി നശിപ്പിക്കുന്നതു പോലും പ്രകൃതിക്ക് വലിയ ആഘാതമാണുണ്ടാക്കുക. ഇത് അതിലും ഭീകരമാണ്. ഒരു ആവാസ വ്യവസ്ഥ ആകമാനം കരിഞ്ഞു പോകുകയാണ്. വന്‍ വൃക്ഷങ്ങള്‍, വള്ളികള്‍, വൃക്ഷങ്ങളില്‍ കൂടുവെച്ച പക്ഷികള്‍, പാമ്പുകള്‍, മറ്റ് ഇഴജന്തുക്കള്‍, നമുക്ക് പേരറിയുന്നതും അറിയാത്തതുമൊക്കെയായ ലക്ഷക്കണക്കിന് സൂക്ഷ്മ ജീവികള്‍. എല്ലാം മണിക്കൂറുകള്‍ക്കുള്ളില്‍ കനലും കരിയും ചാരവുമാകുന്നു.

കാട് വേനല്‍ക്കാലത്ത് ഒരു ചെക്ക് ഡാം പണിയുന്നുണ്ട്, ഒരു മഴവെള്ള സംഭരണി. കരിയിലകള്‍ പൊഴിച്ച് മലമുകളിലെ കാടിനടിയിലെ മണ്ണിന് പ്രകൃതി ഒരു ആവരണമൊരുക്കുന്നുണ്ട്. അത് സ്‌പോഞ്ച് പോലെയാണ്. വേനലിനു പിന്നാലെ വരുന്ന മഴയില്‍ നിന്ന് കിട്ടുന്ന വെള്ളം മുഴുവന്‍ ഈ ആവരണം പിടിച്ചുവെക്കുന്നു. ഒരു തരി പോലും മണ്ണൊലിച്ചുപോകാതെ. കാടിനും മലക്കും വേണ്ടി മാത്രമല്ല, താഴെ താമസിക്കുന്ന നാം ഓരോരുത്തര്‍ക്കും വേണ്ടിയാണ് ഈ കരുതിവെയ്പ്പ്. ഒപ്പം താഴ്‌വരയിലെ കൃഷിക്ക് വേണ്ടിയും. ഭൂമിക്ക് തണുപ്പും പുതപ്പും തരുന്നത് കാടാണ്. മഴമേഘങ്ങളെ തടഞ്ഞുനിര്‍ത്തി മഴ തരുന്നത് കാടാണ്. പെയ്യുന്ന മഴയെ കരുതിവെക്കുന്നതും കാടാണ്. ഇതാണ് അഗ്നി വിഴുങ്ങി ചാരമാക്കുന്നത്. ഈ ശാസ്ത്രമൊന്നും അറിയാത്തവരാണോ കാടുകളില്‍ അറിഞ്ഞോ അറിയാതെയോ തീയിടുന്നത് ? ശാസ്ത്രമറിയാത്തവര്‍ ഇതിഹാസത്തിലെ ആ അമ്മക്കിളിയുടെ രോദനമെങ്കിലും കേള്‍ക്കുമോ ആവോ…

ഐ.ആര്‍ പ്രസാദ്

 

0 Comments

Leave a Comment

FOLLOW US