ലോക കേരള സഭ: മലയാളം മിഷന്‍ സെമിനാര്‍ സംഘടിപ്പിച്ചു

കേരളത്തിന്റെ ജനാധിപത്യ പ്രക്രിയയില്‍ പ്രവാസി മലയാളികളെക്കൂടി ഉള്‍പ്പെടുത്തുക എന്ന മഹത്തായ ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെയ്പാണ് 2018 ജനുവരി 12, 13 തീയതികളില്‍ നടന്ന ലോക കേരള സഭ. കേരളത്തിലെ ജനപ്രതിനിധികള്‍ക്കൊപ്പം ഇന്ത്യയ്ക്കകത്തു നിന്നും വിദേശങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രവാസി പ്രതിനിധികളും ചരിത്രത്തിലാദ്യമായി കേരള നിയമസഭാങ്കണത്തില്‍ യോഗം ചേര്‍ന്ന് കേരളത്തിന്റെ വികസന സ്വപ്‌നങ്ങള്‍ പങ്കുവച്ചു. അതിന് മുന്നോടിയായി ജനുവരി 10-ാം തീയതി തിരുവനന്തപുരം വി. ജെ. ടി. ഹാളില്‍ വെച്ച് മലയാളം മിഷന്റെയും കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും സംയുക്താഭിമുഖ്യത്തില്‍ സെമിനാര്‍ നടന്നു. ‘നവോത്ഥാനത്തിന്റെ പ്രവാസ സ്വധീനവും പ്രതി സംസ്‌കാര ധാരകളും’ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാറില്‍ ശ്രീ ബേബി ജോണ്‍ മോഡറേറ്ററായിരുന്നു. പ്രസ്തുത പരിപാടിയില്‍ പ്രശസ്ത സാഹിത്യകാരന്‍ പ്രൊഫ. കെ. സച്ചിദാനന്ദന്‍ ‘ കേരളത്തിലെ ഭക്തിപ്രസ്ഥാന പാരമ്പര്യം ‘ എന്ന വിഷയം പ്രബന്ധമായവതരിപ്പിച്ചു. തുടര്‍ന്ന് പ്രൊഫ. എം. എന്‍. കാരശ്ശേരി, ഡോ. സുനില്‍ പി. ഇളയിടം, ഡോ. മീര വേലായുധന്‍, ശ്രീ ബി. അരുന്ധതി, ശ്രീ റഫീക് ഇബ്രാഹിം തുടങ്ങിയവര്‍ യഥാക്രമം മലബാറിലെ നവോത്ഥാന ചരിത്രം, പത്തൊമ്പതാം നൂറ്റാണ്ടിലെ നവോത്ഥാന ധാരകള്‍, ചരിത്രത്തിലിടം കിട്ടാത്ത നവോത്ഥാന മുന്നേറ്റങ്ങള്‍, ഭക്തിപ്രസ്ഥാന ചരിത്രത്തിലെ അറിയാത്ത ഇടങ്ങള്‍, നവോത്ഥാന സൗന്ദര്യശാസ്ത്രം- ഘടനയും വൈരുദ്ധ്യങ്ങളും എന്നീ വിഷയങ്ങളെ അധികരിച്ച് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. മലയാളം മിഷന്‍ ഡയറക്ടര്‍ പ്രൊഫ. സുജ സൂസന്‍ ജോര്‍ജ് സ്വാഗതവും, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. കാര്‍ത്തികേയന്‍ നായര്‍ നന്ദിയും പറഞ്ഞു.

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content