ചൊല്ലിപ്പഠിക്കാം പഴഞ്ചൊല്ലുകൾ

ഭാഷയും സംസ്കാരവും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന് മലയാളം മിഷനിൽ പലവട്ടം പലേടത്തും പറയേണ്ടിവന്നു. ഭാഷയുടെ ഉള്ളറകളിലേക്ക് കടക്കുന്നതിനുള്ള രഹസ്യ വാതിലുകളെക്കുറിച്ച് ക്ലാസിൽ കുട്ടികളോടും അധ്യാപന പരിശീലനവേളയിൽ അധ്യാപകരോടും പ്രവേശനോത്സവങ്ങളിൽ രക്ഷാകർത്താക്കളോടും ഭാഷാസ്നേഹികളോടുമൊക്കെ സോദാഹരണം, സുദീർഘം സംസാരിക്കേണ്ടിവന്നപ്പോൾ ഒരു കാര്യം ബോധ്യമായി. ഭാഷയിലെ പഴഞ്ചൊല്ലുകളും ശൈലികളും കുട്ടികൾക്ക് സ്വായത്തമാക്കാൻ കഴിഞ്ഞാൽ, കേരള സംസ്കാരത്തിന്റെ വൈവിധ്യവും മിഴിവും മേന്മയുമൊക്കെ അവർക്ക് പെട്ടെന്ന് മനസ്സിലാക്കാം. ഒരിക്കലും മറന്നുപോകാതെ മനസ്സിൽ സൂക്ഷിക്കാനുമാകും.

പഴഞ്ചൊല്ലിൽ പതിരില്ല എന്നതിൽതന്നെ തുടങ്ങിയാൽ പഴമ, ചൊല്ല്, പതിര് എന്നീ മൂന്നു വാക്കുകൾ കുട്ടികൾക്ക് വിശദീകരിച്ചുകൊടുക്കാം. പതിരിനെപ്പറ്റി ഒരുപാട് പറയാനുണ്ടാവും നമുക്ക്. നെൽകൃഷി, കൊയ്ത്ത്, മെതി ഇതൊക്കെ കഴിഞ്ഞിട്ട് ആണ്ടോടാണ്ട് ഉണ്ണാനുള്ള നെല്ലു മാറ്റിവെച്ചിട്ടേ പതിരിനെപ്പറ്റി പറയാവൂ. ക്ലാസ് കഴിയുമ്പോൾ, ഇന്ന് കിട്ടിയതിൽ ‘നെല്ലെത്ര, പതിരെത്ര’ എന്ന് കുട്ടികൾ സ്വയം തിരിച്ചറിയുകയും ചെയ്യും. കൃഷിയുമായി ബന്ധപ്പെട്ട്, മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ലെന്നും വിത്തുഗുണം പത്തു ഗുണമാണെന്നും വിളഞ്ഞ കണ്ടത്തിലേക്ക് വെള്ളം തിരിക്കല്ലേ എന്നുമൊക്കെ സന്ദർഭോചിതമായി കുട്ടികളോട് പറഞ്ഞ് അവരെ ചിരിപ്പിക്കാം.

കുട്ടികൾക്ക് ഒരിക്കലും മാതൃകയല്ലെങ്കിലും കള്ളനെ കുട്ടികൾക്കൊക്കെ ഇഷ്ടമാണ്. രാത്രിഞ്ചരനായതുകൊണ്ട് കുറച്ച് പേടിയുമുണ്ടാകാം. ‘മീശ മാധവൻ’ മൂന്നുതവണയെങ്കിലും കാണാത്ത കുട്ടികളുണ്ടാവില്ല. അവരോടാണ് നമ്മൾ കള്ളനെ താക്കോൽ ഏല്പിക്കുന്നതിലെ കുസൃതിയും കള്ളന് കഞ്ഞിവെയ്ക്കാതിരിക്കുന്നതിലെ ഔചിത്യവും കൈയിൽ കൊടുത്താൽ കള്ളനും കക്കും എന്ന ഉപദേശവും കൊടുക്കുന്നത്. കൂട്ടത്തിൽ കഞ്ഞി എന്തെന്ന് എത്ര കുട്ടികൾക്കറിയാം, എത്രപേർ കഞ്ഞി കുടിച്ചിട്ടുണ്ട് എന്നൊക്കെ അന്വേഷിക്കുന്നത് രസകരമായിരിക്കും.

ആദ്യ ചോദ്യത്തിനുതന്നെ തെറ്റായ ഉത്തരം നൽകിയ കുട്ടിയെ അവഹേളിക്കാതെ ഗണപതിക്കവെച്ചത് കാക്ക കൊണ്ടുപോയല്ലോ എന്ന് അധ്യാപികയ്ക്ക് സങ്കടപ്പെടാം. ഗണപതിക്കുവെക്കുന്നതിന്റെ പിന്നിലെ വിശ്വാസം, ശുഭാപ്തിവിശ്വാസം എന്തിനും നല്ലതാണെന്നും കുട്ടികൾക്ക് പറഞ്ഞുകൊടുക്കാം.

കാച്ചിക്കുറുക്കിയ ജീവിതാനുഭവങ്ങ ളും നിരീക്ഷണങ്ങളുമാണ് പഴഞ്ചൊല്ലുകൾ, പരത്തിപ്പറയേണ്ട ഗഹനമായ കാര്യങ്ങൾ ഒതുക്കി, അർഥഗർഭമായി പ്രാസത്തിന്റെ അകമ്പടിയോടെ വേണ്ടിടത്ത് വേണ്ടപോലെ പറയുമ്പോൾ അത് കുറിക്ക് കൊള്ളുന്നു. ഉദ്ദേശിച്ച ഫലവും ഉണ്ടാകുന്നു.

കുന്നുണ്ടായാൽ കുഴിയുമുണ്ടാകും.
മല കുലുങ്ങിയാലും മനം കുലുങ്ങരുത്.
നാടോടുമ്പോൾ നടുവെ ഓടണം.
തീയും നുണയും കുറച്ചുമതി.
വെള്ളത്തിൽ വരച്ച വരപോലെ.

എന്നൊക്കെ നമ്മെ സാന്ത്വനിപ്പിക്കുകയും മനുഷ്യാവസ്ഥയെപ്പറ്റി പഠിപ്പിക്കുകയും ചെയ്യുന്നു പഴഞ്ചൊല്ലുകൾ.

കുടം കമിഴ്ത്തി വെള്ളമൊഴിച്ചപോലെ.
വെള്ളത്തിലെ പോളപോലെ.
കുളത്തിൽ ഇട്ടിട്ട് കിണറ്റിൽ തപ്പുക.
കുടത്തിൽ വെച്ച വിളക്കുപോലെ.

എന്നിങ്ങനെ മൂന്നും നാലും വാക്കുകൾ കൊണ്ട് നമ്മുടെ മനക്കണ്ണിൽ മിഴിവാർന്ന ഒരു ദൃശ്യപ്രപഞ്ചം തന്നെ സൃഷ്ടിക്കുന്നുണ്ട് പഴഞ്ചൊല്ലുകൾ.

മുന്നിൽ അലഞൊറിയുന്ന പഴഞ്ചൊല്ലുകളുടെ മഹാസമുദ്രം. എന്തുചെയ്യാം, ഇനിയിപ്പൊ നടുക്കടലിൽ ചെന്നാലും നായക്ക് നക്കിയല്ലേ കുടിക്കാനാകൂ!

പണ്ടുള്ളത് മാത്രമാണ് പഴഞ്ചാല്ലുകൾ എന്നാണോ നിങ്ങളുടെ ധാരണ? അത് ശരിയല്ല. ഭാഷ എന്ന വൃക്ഷത്തിന്റെ നാനാ ശിഖരങ്ങൾപോലെ പഴഞ്ചൊഞ്ചാല്ലുകൾ എന്ന ചിന്തയും വളർന്നു കൊണ്ടേയിരിക്കുന്നു. ഒന്ന് ഓർത്തുനോക്കൂ. ഈയിടെ സിനിമയിലോ, സീരിയലിലോ പുതുചൊല്ലുകൾ വല്ലതും കേട്ടിരുന്നോ? എനിക്കൊരെണ്ണം ഓർമവരുന്നു. അയ്യപ്പസ്വാമീടെ മുമ്പിലാ നിന്റെ പുലികളി? പഴഞ്ചൊല്ലുകളും കടങ്കഥകളും ശേഖരിക്കുന്നത് നല്ലൊരു ഹോബിയാണ്. എന്താ നമുക്കും തുടങ്ങിയാലോ?

 

ജയരാമൻ കടമ്പാട്ട്,

ചീഫ് കോ-ഓർഡിനേറ്റർ,

മലയാളം മിഷൻ,

ഗുജറാത്ത്

 

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content