തന്ത്രം അറിയാത്ത മന്ത്രി
വാമദേവമഹാരാജാവിന് ശത്രുക്കൾ അനവധി. ഒരു ദിവസം രാജാവ് പ്രധാനമന്ത്രിയെ വിളിച്ചു പറഞ്ഞു. ”പ്രിയ മന്ത്രീ, നമുക്ക് ശത്രുക്കൾ എറെയുണ്ടെന്ന് താങ്കൾക്കും അറിവുള്ളതല്ലേ? എങ്ങനെയെങ്കിലും അവരെ നമ്മുടെ വശത്താക്കണം അതിനുള്ള വഴികണ്ടു പിടിക്കണം. ഇത് രാജ കല്പനയാണ് .”
പ്രധാനമന്ത്രി രാജാവിന്റെ കല്പന കാര്യമാക്കിയില്ല. എങ്കിലും രാജാവ് ഇക്കാര്യം ദിവസേന മന്ത്രിയെ ഓർമ്മിപ്പിച്ചുകൊണ്ടിരിന്നു.
ഏത് ദിവസവും രാജാവ് അയൽരാജ്യങ്ങളോട് യുദ്ധം പ്രഖ്യാപിച്ചേക്കുമെന്ന ഭയം പ്രധാനമന്ത്രിയെ അലട്ടി.
മന്ത്രി ഓരോ ദിവസവും പല പല തന്ത്രങ്ങൾ പറഞ്ഞു നോക്കി ഒന്നും രാജാവിന് ഇഷ്ടായില്ല.
മന്ത്രി ഭയന്നു തന്ത്രം അറിയാത്ത മന്ത്രിയായി ഇനിയുള്ള കാലം കൊട്ടാരത്തിൽ കഴിയേണ്ടിവരുമോ… മന്ത്രി ഭയന്നു .
ഒരുദിവസം മഹാരാജാവ് ശത്രുരാജാക്കന്മാരെയെല്ലാം തന്റെ കൊട്ടാരത്തിൽ ക്ഷണിച്ചു വരുത്തി. അതിഥികൾക്ക് അതിഗംഭീരമായ സദ്യ ഏർപ്പാടുചെയ്തിരുന്നു.
‘കുറെ ദിവസം അവരെ കൊട്ടാരത്തിൽ താമസിപ്പിക്കണം.’ അതായിരുന്നു രാജാവിന്റെ ആഗ്രഹം. പ്രധാനമന്ത്രിക്കാകട്ടെ രാജാവിന്റെ പെരുമാറ്റത്തിൽ സംശയമായി.
‘അതിഥികളെ ഉറക്കത്തിൽ കൊല്ലാനുള്ള ഗൂഢശ്രമമാണ് രാജാവ് നടത്തുന്നത്… തീർച്ച.’ പ്രധാനമന്ത്രി കണക്കുകൂട്ടി. ദിവസങ്ങൾ അഞ്ച് കഴിഞ്ഞു. അതിഥികൾക്ക് ആപത്തൊന്നുമുണ്ടായില്ല. ശത്രുക്കളായവരുമായി രാജാവ് ചൂതുകളിയും ചിരിയുമായി ദിവസങ്ങൾ കടന്നുപ്പോയി
ഒരു ദിവസം ദിവസം പ്രഭാതം. എല്ലാവരും രാജസദസ്സിൽ എത്തി രാജാവിനെ മുഖം കാണിച്ചിട്ടു പറഞ്ഞു
..” മഹാരാജാവേ, അങ്ങയുടെ സൽക്കാരത്തിന് നന്ദി. ഈ സ്നേഹം ഞങ്ങളൊരിക്കലും മറക്കില്ല.” എല്ലാവരും സന്തോഷത്തോടെ യാത്രയായി.
പ്രധാനമന്ത്രിക്കുമാത്രം രാജാവിന്റെ പെരുമാറ്റത്തിന്റെ പൊരുൾ പിടികിട്ടിയില്ല. അദ്ദേഹം രാജാവിനെ സമീപിച്ചു. ” പ്രഭോ, എനിക്കൊന്നും മനസ്സിലാകുന്നില്ല. ശത്രുക്കളെ കീഴടക്കണമെന്ന് അവിടുന്ന് നിത്യവും പറയാറുണ്ട്. പക്ഷേ, കൊട്ടാരത്തിലെത്തിയ ശത്രുക്കളോട് പെരുമാറിയതോ..? അടുത്ത സുഹൃത്തുക്കളോടെന്ന പോലെയും. യഥാർത്ഥത്തിൽ അവർ നമ്മുടെ മിത്രങ്ങളോ ശത്രുക്കളോ?”
പൊട്ടിച്ചിരിച്ചുകൊണ്ട് രാജാവ് പറഞ്ഞു: “മന്ത്രീ, ശരിയല്ലേ? ഞാൻ ശത്രുക്കളെയെല്ലാം കീഴടക്കിക്കഴിഞ്ഞല്ലോ.”
”ങേ.. എന്ത് ! എനിക്കൊന്നും മനസ്സിലാകുന്നില്ല പ്രഭോ..”
”പ്രിയ മന്ത്രീ, നമ്മൾ ഭീകരമായൊരു യുദ്ധം കൂടാതെ സ്നേഹം കൊണ്ട് എല്ലാവരേയും കീഴടക്കിയെന്നാണ് ഞാൻ പറഞ്ഞതിന്റെ അർത്ഥം. നല്ല പെരുമാറ്റത്തിലൂടെ നാം ശത്രുക്കളെ മിത്രങ്ങളാക്കുകയായിരുന്നു.
റിവിൻ രിജിഷ്
13 വയസ്
ആമ്പൽ, ഒന്നാം വർഷം
മലയാളം പാഠശാല
ബഹ്‌റൈൻ കേരളീയ സമാജം
ബഹ്‌റൈൻ