യുദ്ധം
ചാലിശേരിക്കുന്നിനടുത്തുള്ള കാഞ്ഞങ്ങാട്ടിൽ ഭയങ്കര മല്ലയുദ്ധം നടക്കുകയായിരുന്നു. പൊണ്ണത്തടിയന്മാരായ രണ്ടു കാട്ടുപോത്തുകൾ തമ്മിലാണ് പോരാട്ടം. കാട്ടിലെ മറ്റു മൃഗങ്ങൾ ഇതിലൊന്നും ഇടപെടാതെ ഭയന്ന് മാറി നിൽക്കുകയാണ്. പോരാട്ടത്തിൽ നിന്ന് അവരെ പിന്തിരിപ്പിക്കാൻ ധൈര്യമുള്ള ഒരു മൃഗവും അവിടെ ഉണ്ടായിരുന്നില്ല. മൃഗരാജാവായ സിംഹം പോലും അകന്നുമാറി നിന്നതേയുള്ളു.
കുറെ നേരം കൂടി ഈ പോരാട്ടം തുടർന്നാൽ രണ്ടുപേരും ചത്തുവീഴുകയേയുള്ളൂ. ഇവരെ ആ സാഹസത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ കാട്ടിൽ ആരുമില്ലെന്നോ!
സഹികെട്ട് കുറ്റിക്കാട്ടിലെ കുഞ്ഞൻ മുയൽ ധൈര്യപൂർവ്വം മുന്നോട്ടുവന്നു. കാട്ടുപോത്തുകളുടെ അടുത്തുചെന്ന് തൊഴുകൈയോടെ കുഞ്ഞൻ പറഞ്ഞു: “പൊന്നു ചങ്ങാതിമാരേ, ഈ ക്രൂര വിനോദം വേഗം നിർത്തൂ. നെറ്റി പൊട്ടി ചോര വാർന്നൊലിക്കുന്നല്ലോ! ഈ വഴക്ക് പറഞ്ഞുതീർക്കാവുന്നതല്ലേയുള്ളു!”
ഇതുകേട്ടപ്പോൾ രണ്ട് കാട്ടുപോത്തുകളും ദേഷ്യപ്പെട്ടു. അവർ കൊമ്പുകുലുക്കിക്കൊണ്ട് ഏകസ്വരത്തിൽ അലറി.
” ആരെടാ നീ? ഇത്തിരിപ്പോന്ന നീയാണോ ഞങ്ങളെ ഉപദേശിക്കാൻ വന്നിരിക്കുന്നത്? നിന്റെ വാക്ക് കേൾക്കുന്നതിനേക്കൾ നല്ലത് തമ്മിലടിച്ചു ചാകുന്നതല്ലേ?”
നിങ്ങൾ സഹോദരങ്ങളല്ലേ .. ഇങ്ങനെ തമ്മിൽ തല്ലുകൂടുന്നതെന്തിനാണ് …ആരെങ്കിലും ചത്തു വീഴുന്നതിനു മുൻപ് ഒന്ന് നിർത്തൂ… കുഞ്ഞൻ മുയൽ ആവർത്തിച്ചു പറഞ്ഞു കൊണ്ടേയിരുന്നു …
കാട്ടുപോത്തുകൾ കൂടുതൽ ശൗര്യത്തോടെ പിന്നെയും പോരാട്ടം തുടർന്നു. കുറെ കഴിഞ്ഞപ്പോൾ രണ്ടു വീരന്മാരും ചോരയിൽ മുങ്ങി ചത്തുവീണു.
കാറ്റാടിച്ചില്ലയിലിരുന്ന പൊന്മാൻ പറഞ്ഞു :” കുഞ്ഞൻ മുയലിന്റെ വാക്കുകേട്ടിരുന്നെങ്കിൽ ഈ ദുരന്തം സംഭവിക്കുമായിരുന്നോ!
കണ്ടോ ഇന്നത്തെ അവസ്ഥ ഇതാണ് പരസ്പരം പോരാടുന്നു .. സഹോദരങ്ങൾ തമ്മിൽ വെട്ടി മരിക്കുന്നു … നന്മ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു
നല്ലവരുടെ ഉപദേശം കേൾക്കുന്നത് എപ്പോഴും നല്ലതാണ്.”
ഗൗരി. വി. കർത്ത
13 വയസ്സ്
ആമ്പൽ ഒന്നാം വർഷം
മലയാളം പാഠശാല
ബഹ്‌റൈൻ കേരളീയ സമാജം
ബഹ്‌റൈൻ