കോഴിയും കുറുക്കനും

പഞ്ചവൻ കാട്ടിലെ ചിണ്ടൻ കുറുക്കൻ ഇരതേടി നടക്കുകയായിരുന്നു. കാടായ കാടൊക്കെ അരിച്ചുപെറുക്കിയിട്ടും ഒരു തവളക്കുഞ്ഞിനെപ്പോലും കിട്ടിയില്ല.
‘കാടുവിട്ട് നാട്ടിലേക്കിറങ്ങിയാലോ?’ അവൻ കുറെ നേരം അലോചിച്ചു.
കൂനമ്മാവിലെ കുട്ടന്റെ വീട്ടിൽ കമ്പിവല കെട്ടി കോഴികളെ വളർത്തുന്നത് ചിണ്ടൻ കണ്ടിട്ടുണ്ട്. ‘അവിടെ ചെന്ന് എന്തെങ്കിലും വിദ്യ പ്രയോഗിച്ച് ഒരു കോഴിയെ പിടിച്ച് ശാപ്പിടം.’ ചിണ്ടൻ പതുക്കെ കൂനമ്മാവിലേക്ക് പുറപ്പെട്ടു.
കോഴിക്കൂട് അകലെവച്ചുകണ്ടതും ചിണ്ടന്റെ വായിൽ വെള്ളമൂറി. ‘ഹായ്!’ കൂടുനിറയെ തടിച്ചുകൊഴുത്ത കോഴികൾ….. ഒരെണ്ണത്തിണ കിട്ടിയെങ്കിൽ! ചുറ്റും കണ്ണോടിച്ച് അപകടമില്ലെന്ന് ഉറപ്പുവരുത്തി. അവൻ കമ്പിക്കൂടിന്റെ അടുത്തെത്തി.
”എയ്, പൂവൻകോഴി, പറന്ന് ഈ മാവിൻചോട്ടിലേക്കൊന്ന് വരാമോ? ഒരു കാര്യം പറയാനുണ്ട്.” കമ്പിവലയിലെ പൂവൻകോഴിയോട് കുറുക്കൻ ചോദിച്ചു.
പൂവൻകോഴി അവനെ സൂക്ഷിച്ചുനോക്കി. ” എടാ കളളക്കുറുക്കാ, നിന്റെ സൂത്രം എനിക്ക് മനസ്സിലായി. എന്നെ പിടിച്ചു തിന്നാനുള്ള വേലയല്ലേ ഇത്?” പൂവൻ കോഴി ചോദിച്ചു.
പെട്ടെന്ന് കുറുക്കൻ പൊട്ടിച്ചിരിച്ചു. ” ഹ ഹ ഹ.. ശ്ശെടാ, നീയിത്ര മരത്തലയനായിപ്പോയല്ലോ..! ഈ കോഴികളുടെ കൂട്ടത്തിൽ ഏറ്റവും ബുദ്ധിമാൻ നീയാണെന്നു കരുതിയാ ഞാൻ നിന്നെ വിളിച്ചത്. പിടിച്ചു തിന്നാനാണെങ്കിൽ വേറെ ഏതെങ്കിലും ബുദ്ധിയില്ലാത്ത കോഴികളെയല്ലേ ഞാൻ വിളിക്കൂ!”
കുറുക്കന്റെ വാക്ക് കേട്ടപ്പോൾ പൂവൻ കോഴിക്ക് ആശങ്കയായി. ‘എന്തെങ്കിലും കാര്യമായ സംഗതി പറയാനാവും കുറുക്കൻ വിളിച്ചത്. ഏതായാലും ഒന്നുചെന്നു നോക്കാം.’ പൂവൻ കോഴി കമ്പിവലയ്ക്ക് പുറത്തെത്തി.
പെട്ടെന്ന് കുറുക്കൻ കോഴിയെ വായ്ക്കത്താക്കി കാട്ടിലേക്കൊരോട്ടം!
“കൊക്കരക്കോ..” എന്ന് ഉറക്കെ കരഞ്ഞുകൊണ്ട് പൂവൻ കോഴി പറഞ്ഞു: “എടാ പരമദുഷ്ടാ, നീ എന്നെ ചതിക്കുകയായിരുന്നല്ലേ? ഏതായലും ഞാൻ എന്റെ ബുദ്ധിയൊന്ന് പ്രയോഗിച്ചു നോക്കട്ടെ.”
“ന്ദേ.. എന്ത് ബുദ്ധിയായിരിക്കും ഇവൻ പ്രയോഗിക്കുക?”കുറുക്കൻ അന്തംവിട്ടു.
പെട്ടെന്ന് പൂവൻകോഴി മൂന്നുവട്ടം ഉറക്കെ കൂവി. പിന്നെ ശബ്ദിച്ചില്ല.
കുറുക്കന് അമ്പരപ്പായി. “ശ്ശെടാ.. ഇനി എന്താണാവോ സംഭവിക്കുക!’ പെട്ടെന്ന് കുറുക്കൻ ചോദിച്ചു: “അല്ല പൂവൻകോഴി, നീയെന്തിനാ മൂന്നുവട്ടം കൂവിയത്?” ഇത് ചോദിക്കാൻ വായ്തുറന്നതും പൂവൻകോഴി മേലോട്ട് പറന്നതും ഒപ്പമായിരുന്നു!
” ചതിയൻ കുറുക്കാ, ഇപ്പോൾ നിനക്ക് ബോദ്ധ്യമായില്ലേ, ഞാനെന്തിനാണ് കൂവിയതെന്ന്? ഇനി വേഗം കാട്ടിലേക്ക് വിട്ടോ. അതാ, യജമാനന്റെ വേട്ടനായ്ക്കൾ പാഞ്ഞുവരുന്നുണ്ട്.”
തനിക്ക് പിണഞ്ഞ മണ്ടത്തരം അപ്പോഴാണ് കുറുക്കന് മനസ്സിലായത്. നാണിച്ചുപോയ അവൻ കാട്ടിലേക്ക് വലിഞ്ഞുനടന്നു.

 

ആർഷ്യ സഹീഷ് വി വി
13 വയസ്

ആമ്പൽ ഒന്നാം വർഷം
മലയാളം പാഠശാല
ബഹ്‌റൈൻ കേരളീയ സമാജം
ബഹ്‌റൈൻ

0 Comments

Leave a Comment

FOLLOW US