ക്രിസ്തുമസ് വരികയാണ്.ആകാശം പൂത്തുലഞ്ഞതു പോലെ നക്ഷത്രങ്ങള്‍.

മിനിയുടെയും മിലിയുടെയും വീടിനു മുന്നിലെ ഏഴിലം പാല പൂത്തു.പാലപ്പൂവിന്‍റെ ഗന്ധം വീട്ടിനുള്ളിലേക്കും പരന്നു.

ഡിസംബറിന്‍റെ തണുപ്പ് വീട്ടിനുള്ളിലേക്കും അരിച്ചു കയറി.

കുഞ്ഞ് മിലി അമ്മ മിനിയുടെ ചിറക് പുതച്ചുറങ്ങി.

 

 

 

 

 

 

കുഞ്ഞ് മിലിക്ക് ക്രസ്തുമസ് മരം ഒരുക്കാന്‍ മോഹം. അതെങ്ങനെ നടക്കും.

അമ്മ മിനിക്ക് ഒരെത്തും പിടീം കിട്ടിയില്ല.

ഒരു മരക്കൊമ്പ് വേണം. അലങ്കാരങ്ങള്‍ വേണം.

താഴ്വാരത്തിലെ അനിതയുടെയും വിനീതിന്‍റേം വീട്ടില്‍ ഒരു ചൂളമരമുണ്ട്.

മിനി പുറപ്പെട്ടു.ഒരു ചെറിയ മരക്കൊമ്പ് മുറിച്ചെടുക്കണം.

 

 

 

 

 

 

 

 

മിനി ഒരു കൊമ്പ് കൊത്തി ഒടിക്കാന്‍ നോക്കി.

തൊലി ഉരിഞ്ഞതല്ലാതെ കൊമ്പ് മുറിഞ്ഞില്ല.മിനി

 

ആഞ്ഞാഞ്ഞ് കൊത്തി. മിനിയുടെ ചുണ്ട് മുറിഞ്ഞു.ചോര പൊടിഞ്ഞു.

 

 

 

 

 

അടുത്തവീട്ടിലെ കുട്ടികളായ വിനീതും അനിതയും ഓടി വന്നു.

മിനി കരയുകയാണ്.അനിത അടുക്കളയിലേക്കോടി. മഞ്ഞള്‍ ക്കുപ്പി തപ്പിയെടുത്തു.

ഒരു കഷണം തുണിയില്‍ മഞ്ഞള്‍ തട്ടിയിട്ട് മിനിയുടെ ചുണ്ടില്‍ കെട്ടിക്കൊടുത്തു.

മിനിക്ക് നല്ല വേദനയുണ്ട്.എന്നാലും മരക്കൊമ്പ് ഒടിച്ചെടുക്കാനാകാത്തതാണ് അവളെ കൂടുതല്‍ നൊമ്പരപ്പെടുത്തിയത്.

 

 

 

 

 

 

വിനീതും അനിതയും പലപ്രാവശ്യം എത്തിച്ചാടി നോക്കി.

വിനീത് മറിഞ്ഞടിച്ചു വീണതല്ലാതെ ഒന്നും സംഭവിച്ചില്ല.

അപ്പോള്‍ ദാ,ടക്,ടക് ശബ്ദം..

മരംകൊത്തി അപ്പൂപ്പ ന്‍ കൊമ്പ് കൊത്തിയൊടിച്ചു.

താങ്ക്സ് മരങ്കൊത്തി അപ്പൂപ്പാ..

മിനിയും അനിതയും വിനീതും കൈ കൂപ്പി.

 

 

 

 

 

 

അനിതയും വിനീതും മരക്കൊമ്പ് വലിച്ചെടുത്ത് മലമുകളിലേക്ക് ഓടി പോയി. മിനി മുന്നേ പറന്നു.

അമ്മയെക്കണ്ട് മിലി തുള്ളിച്ചാടി.

പക്ഷേ അമ്മയുടെ ചുണ്ടിൽ അതാ ഒരു കെട്ട്. മിലിക്ക് സങ്കടം വന്നു.

ഏയ് അത് സാരമില്ല. അതൊക്കെ വേഗം ശരിയാകുമെന്ന് അമ്മ മിനി.

 

 

 

 

 

മരക്കൊമ്പ് നാട്ടണം.മിനി കാല് കൊണ്ട് മാന്തി മണ്ണു മാറ്റി.

മിലി കുഞ്ഞിച്ചുണ്ടു കൊണ്ട് മണ്ണ് കുത്തി മാറ്റാന്‍ ശ്രമിച്ചു.

അമ്മയും മോളും കുഴഞ്ഞ് ഇരുന്നു പോയി.

ഛില്‍ ഛില്‍ ..ദാ വരുന്നു ചുണ്ടെലിക്കുട്ടന്‍.

മരം കുഴിച്ചിടാനുള്ള കുഴി റെഡി.

 

 

 

 

 

 

 

അണ്ണാന്‍കുഞ്ഞ് മനോഹരമായ ഒരു കുല ക്രിസാന്തമം പൂക്കള്‍ മരത്തില്‍ തൂക്കി.

കണ്ണു തിരുമ്മി ഉണര്‍ന്നു വന്ന മൂങ്ങാമൂപ്പന്‍ പറന്നു പോയി ഒരു കുല ചുവന്നു പഴുത്ത ചാമ്പക്ക കൊണ്ടുവന്ന് ട്രീ അലങ്കരിച്ചു.

കാക്കച്ചിയും ബുള്‍ബുളും കുഞ്ഞിക്കുരുവിയും പൂക്കളും പഴങ്ങളും കൊണ്ട് മരക്കൊമ്പ് നിറച്ചു.

കട്ടുറുമ്പുകള്‍ വരിവരിയായി വന്നു. ഓരോരുത്തരുടെയും ചുണ്ടില്‍ ഒാരോ ഇല.ഓരോ ഇലയ്ക്കും ഓരോ നിറം.

എന്തൊരു ജോറായി മിലിയുടെ ക്രിസ്തുമസ് മരം. കുഞ്ഞു മിലി മരത്തിന് ചുറ്റും പറന്നു കളിച്ചു കൊണ്ടിരുന്നു.

 

 

 

 

സന്ധ്യയായി ..

മാനം ഇരുണ്ടു.മിലിയുടെ മുഖം മങ്ങി. ക്രിസ്തുമസ് മരം കാണാന്‍ പറ്റുന്നില്ല.

അമ്മ അവളെ ചേര്‍ത്തു പിടിച്ചു ചൂണ്ടിക്കാട്ടി.

ഒരായിരം മിന്നാമിനുങ്ങുകള്‍ താഴ്വാരത്തില്‍ നിന്ന് പറന്നു വരുന്നു.

മിന്നാമിനുങ്ങുകള്‍ ഒാരോന്നായി ക്രിസ്തുമസ് മരത്തില്‍ പറന്നിറങ്ങി.

 

 

 

 

 

 

 

 

 

ഒരായിരം നക്ഷത്രങ്ങള്‍ പൂത്തിറങ്ങിയതു പോലെ മിലിക്കുഞ്ഞിന്‍റെ ക്രിസ്തുമസ് മരം ശോഭിച്ചു.

അമ്മമിനിയുടെ ചുണ്ടിലെ വേദന എങ്ങോ പോയി മറഞ്ഞു.

 

 

 

 

1 Comment

ppramachandran harithakam December 24, 2017 at 3:48 am

അമ്മു, സുസു
നന്നായിട്ടുണ്ട്!

Leave a Comment

FOLLOW US