ടോട്ടോചാന്‍ എന്നൊരു പുസ്തകത്തെക്കുറിച്ച് കേട്ടിരിക്കുമല്ലോ? ഉപേക്ഷിക്കപ്പെട്ട തീവണ്ടി ബോഗിയില്‍ കൊബായാഷി മാഷ് സ്‌കൂള്‍ നടത്തുകയാണ്. ഒരു വല്ലാത്ത സ്‌കൂള്‍ ! കൊബായാഷി മാഷ് കുട്ടികളുടെ ഭക്ഷണത്തിന് വളരെ പ്രാധാന്യം നല്‍കിയിരുന്നു. ഉച്ചക്ക് ഭക്ഷണപ്പൊതി തുറക്കുമ്പോള്‍ മാഷ് വിളിച്ചുപറയും “മലകളില്‍ നിന്നൊരു പങ്ക്, കടലില്‍ നിന്നൊരു പങ്ക്”. ഭക്ഷണത്തില്‍ മലക്കറികളും കടല്‍മീനും നിര്‍ബന്ധമാണ് എന്നര്‍ത്ഥം. നമ്മുടെ ജീവിതത്തില്‍, ഭക്ഷണത്തില്‍, കാലാവസ്ഥയില്‍ ഒക്കെ മലകള്‍ക്കും കടലിനും വലിയ പങ്കുണ്ട്. കിഴക്ക് പശ്ചിമഘട്ടവും പടിഞ്ഞാറ് അറബിക്കടലും ഉള്ളതുകൊണ്ടാണ് കേരളം ഇത്ര സുന്ദരമായത്.

നമ്മുടെ രാജ്യമായ ഇന്ത്യയുടെ ഭൂപടം നോക്കൂ. വടക്ക് ഹിമാലയപര്‍വതം. മറ്റ് മൂന്ന് ഭാഗത്തും നീലക്കടലാഴം. ഒരു ലോക ഭൂപടമെടുത്ത് വെറുതെ ഒന്നു നോക്കൂ. മലകള്‍ക്കും കടലിനുമിടയില്‍ നിങ്ങള്‍ ഏതെല്ലാം രാജ്യങ്ങള്‍ കാണുന്നുണ്ട്. ആല്‍പ്‌സ് പര്‍വതനിരയുടെ താഴെ ഏതൊക്കെ രാജ്യങ്ങളുണ്ടെന്ന് വെറുതെ ഒന്ന് കണ്ണോടിക്കൂ.

ഇത്തവണത്തെ ലോക പര്‍വതദിനം കടന്നു പോയത് ആരെങ്കിലും ശ്രദ്ധിച്ചിരുന്നുവോ? അത് ഡിസംബർ 11 ന് ആയിരുന്നു. പര്‍വതങ്ങള്‍ സമ്മര്‍ദത്തിലാണ് – കാലാവസ്ഥാ വ്യതിയാനവും പട്ടിണിയും പലായനങ്ങളും നമ്മെ കാത്തിരിക്കുന്നു എന്ന് ഓര്‍മിപ്പിച്ചുകൊണ്ടാണ് ഇത്തവണ പര്‍വതദിനം ലോകം ആചരിച്ചത്. പര്‍വതങ്ങളില്ലെങ്കില്‍ ഇന്ന് കാണുന്ന മനുഷ്യസംസ്‌കാരങ്ങളുണ്ടാവില്ല. പര്‍വതങ്ങള്‍ക്ക് നാശമുണ്ടാകുമ്പോള്‍ കാലാവസ്ഥയില്‍ മാറ്റമുണ്ടാകും. നമ്മള്‍ പട്ടിണിയിലാവും. ആളുകള്‍ കൂട്ടത്തോടെ ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് പലായനം ചെയ്യേണ്ടിവരും. അതാണ് ഈ പര്‍വതദിനം നമ്മളെ ഓര്‍മിപ്പിച്ചത്.

ഭൂപടം നോക്കിയല്ലോ. ഇനി ചുറ്റുപാടും ഒന്നു നോക്കൂ. ഉഷ്ണമേഖലാ പ്രദേശത്തെ പര്‍വതങ്ങളില്‍ വന്‍മരങ്ങളുണ്ട്. അവിടെ നല്ല മഴ കിട്ടുന്നതുകൊണ്ടാണ്. നമ്മുടെ പശ്ചിമഘട്ടത്തിൽ നിന്നാണ് കേരളത്തിലെ എല്ലാ നദികളും ഉദ്ഭവിക്കുന്നത്. ലോകത്തിലെ ചെറുതും വലുതുമായ എല്ലാ പര്‍വതങ്ങളും അതിന്റെ താഴ്‌വരകളെ ഇങ്ങനെ സമൃദ്ധമാക്കുന്നുണ്ട്. പശ്ചിമഘട്ടത്തില്‍ നിന്ന് ഉത്ഭവിക്കുന്നത് ചെറിയ നദികളാണെങ്കില്‍ ഹിമാലയത്തില്‍ നിന്ന് മഹാനദികളായിരിക്കും എന്ന വ്യത്യാസമേ കാണൂ. മലകളിലെ വനനശീകരണവും വന്‍തോതിലുള്ള ഖനനവും മലിനീകരണവും എല്ലാം നമ്മുടെ നിലനില്‍പ്പിനെ ബാധിക്കുന്നു. പര്‍വതങ്ങളിലെ മഞ്ഞുരുകുന്നതിനെക്കുറിച്ചുള്ള ആശങ്കയാണ് ഇന്ന് ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുന്നത്. ഇത് അത്ര നിസ്സാരമല്ല.

ഒന്നുകൂടി കേരളത്തിലേക്ക് വരൂ. ഓഖി വന്നുപോയിട്ട് നാളേറെയായില്ല. ഓഖി എത്രപേരുടെ ജീവൻ അപഹരിച്ചു എന്നത് ഇപ്പോഴും വ്യക്തമല്ല. കാലാവസ്ഥയില്‍ വരുന്ന വലിയ വ്യതിയാനങ്ങള്‍ അപ്രതീക്ഷിതമായ പ്രകൃതിദുരന്തങ്ങള്‍ക്ക് കാരണമാകുന്നു. മലകള്‍ അപകടത്തിലാകുമ്പോള്‍ സമുദ്രങ്ങളും സമുദ്രതീരങ്ങളും അപകടത്തിലാകും. എല്ലാം ഒന്നിനൊന്ന് ബന്ധപ്പെട്ട് കിടക്കുന്ന ഈ ചങ്ങലയിലെ കണ്ണികള്‍ ഓരോന്നും സംരക്ഷിക്കപ്പെടണം. ഈ തിരിച്ചറിവാണ് നമുക്ക് ഉണ്ടാകേണ്ടത്. അറിവില്‍ നിന്നാണ് തിരിച്ചറിവുണ്ടാകുക. അറിയാന്‍ ശ്രമിക്കൂ… മലകളെയും മണ്ണിനെയും പുഴകളെയും കടലാഴങ്ങളെയും….

ഐ ആര്‍ പ്രസാദ്

0 Comments

Leave a Comment

FOLLOW US