അച്ഛന്റെ മുറിയില്‍ എപ്പോഴും എന്തെങ്കിലും കൌതുകകരമായ കാഴ്ച അവന്‍ കാണുമായിരുന്നു. അങ്ങനെയാണ് അച്ഛന്റെ മേശപ്പുറത്തിരുന്ന മനോഹരങ്ങളായ ആ രണ്ട് ഫൌണ്ടന്‍പേനകള്‍ അവന്റെ ശ്രദ്ധയില്‍പ്പെട്ടത്. അതവനെ വല്ലാതെ ആകര്‍ഷിച്ചു. ആരും കാണാതെ അവയിലൊന്ന് അവന്‍ കൈക്കലാക്കി. പേന കാണാതായപ്പോള്‍ അച്ഛന്‍ എല്ലായിടവും തിരക്കി. അച്ഛന്റെ മുഖത്തെ കോപഭാവം കണ്ട് ആ അഞ്ചുവയസ്സുകാരന്‍ പേടിച്ചുവിറച്ചു. അതുകൊണ്ടുതന്നെ അവന്‍ കുറ്റം സമ്മതിച്ചില്ല. അലഹബാദ് കോടതിയിലെ ഏറ്റവും പ്രധാനപ്പെട്ട വക്കീലായിരുന്നു അച്ഛന്‍. അങ്ങനെയൊരാള്‍ക്ക് ഒരു ചെറിയ മോഷണക്കുറ്റം തെളിയിക്കുവാനാണോ വിഷമം. അവരുടെ വീടായ ആനന്ദ്ഭവനിലെ എല്ലാ ജീവനക്കാരെയും വിളിച്ച് അദ്ദേഹം ചോദ്യം ചെയ്തു. ഒടുവില്‍ സത്യം പുറത്തായി. അതിനുള്ള ശിക്ഷയും അവനു കിട്ടി. ശരീരത്തിനേറ്റതിനെക്കാള്‍ മനസ്സിലേറ്റ മുറിവുണങ്ങാന്‍ ഒരുപാടു ദിവസങ്ങള്‍ വേണ്ടിവന്നു. പക്ഷേ ഇതിന്റെ പേരില്‍ അച്ഛനോട് ആ മകനു ദേഷ്യം തോന്നിയില്ല. കാരണം തനിക്കു കിട്ടിയത് ന്യായമായ ശിക്ഷയായിരുന്നു എന്ന ബോധ്യം അവനുണ്ടായിരുന്നു എന്നതുതന്നെ.
ആരായിരുന്നു ഈ അച്ഛനും മകനും. അച്ഛന്‍, കര്‍ക്കശക്കാരനാണെങ്കിലും ഉള്ളില്‍ സ്‌നേഹവും കരുതലും മാത്രമുണ്ടായിരുന്ന മോത്തിലാല്‍ നെഹ്‌റുവും മകന്‍, കുഞ്ഞുങ്ങളെയും പുഷ്പങ്ങളെയും ഏറെ സ്‌നേഹിച്ച പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവും.
പുരോഗമനചിന്ത പുലര്‍ത്തിയിരുന്ന ആളായിരുന്നു മോത്തിലാല്‍ നെഹ്‌റു. ആദ്യമായി അദ്ദേഹം യൂറോപ്പില്‍ പോയി തിരിച്ചുവന്നപ്പോള്‍ സമുദായാചാരമനുസരിച്ച് പുണ്യാഹകര്‍മ്മങ്ങള്‍ ചെയ്യുവാന്‍ സമുദായക്കാര്‍ നിര്‍ബന്ധിച്ചു. എന്നാല്‍ അദ്ദേഹം അതിനു വഴങ്ങിയില്ല. ഈ കാലഘട്ടത്തിലായിരുന്നു നെഹ്‌റുവിന്റെ ജനനം. കര്‍ക്കശക്കാരനായ അച്ഛനോടു മകന് അങ്ങേയറ്റം സ്‌നേഹവും ബഹുമാനവുമായിരുന്നു. പലകാര്യങ്ങളിലും അച്ഛനായിരുന്നു മകനു മാതൃക. പില്‍ക്കാലത്ത് നെഹ്‌റുവിന്റെ സ്വഭാവരൂപീകരണത്തിനും ആ മഹത് വ്യക്തിത്വത്തിന് അടിത്തറപാകിയതും അച്ഛന്റെ സ്വാധീനം തന്നെയായിരുന്നു.
ഗാന്ധിജിയെ പരിചയപ്പെട്ടപ്പോള്‍ അതു തന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവാകുമെന്ന് നെഹ്‌റു ഒരിക്കലും കരുതിയതേയില്ല. ഗാന്ധിജിയുടെ സ്‌നേഹവും വാത്സല്യവും ആവോളം അനുഭവിച്ചറിഞ്ഞ വ്യക്തിയായിരുന്നു അദ്ദേഹം. ‘ബാപ്പു’ എന്നായിരുന്നു അദ്ദേഹം ഗാന്ധിജിയെ വിളിച്ചിരുന്നത്.
ഗാന്ധിജിയുടെ സത്യാഗ്രഹസഭയില്‍ ചേരാന്‍ യുവാവായ നെഹ്‌റു അതിയായി ആഗ്രഹിച്ചു. അതില്‍ ചേരാനായി അച്ഛന്റെ അനുവാദം തേടി. അദ്ദേഹം വിസമ്മതിച്ചുവെന്നുമാത്രമല്ല അങ്ങനെ ചെയ്താല്‍ വീടുവിട്ട് ഇറങ്ങിക്കൊള്ളണമെന്ന് കല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ നെഹ്‌റു തന്റെ അഭിപ്രായത്തില്‍ ഉറച്ചുനിന്നു. ഇതിന്റെ പേരില്‍ അച്ഛനുമായി പിണങ്ങി. ഭാര്യ കമലയെയും കൂട്ടി വീടുവിട്ടിറങ്ങാന്‍ വരെ തുനിഞ്ഞു. കാര്യത്തിന്റെ ഗൌരവം മനസ്സിലായപ്പോള്‍ മോത്തിലാല്‍ അയഞ്ഞു.
ഈ കാലത്തായിരുന്നു ലോകമനസാക്ഷിയെ ഞെട്ടിച്ച ജാലിയന്‍ വാലാബാഗ് സംഭവം നടന്നത്. ഇതു മിതവാദികളെപ്പോലും ക്ഷുഭിതരാക്കി. മോത്തിലാലിനെപ്പോലുള്ള മിതവാദികള്‍ പലരും ഇതോടെ ക്രിയാത്മക രാഷ്ട്രീയത്തിലേക്കിറങ്ങി. പഞ്ചാബിലുടനീളം ബ്രിട്ടീഷുകാര്‍ നടത്തിയ ക്രൂരതകള്‍ നേരിട്ടു കണ്ട് മനസ്സിലാക്കിയ മോത്തിലാലിന് അതോടെ മാനസാന്തരം ഉണ്ടായി. ഇതേത്തുടര്‍ന്നാണ് ഗാന്ധിജിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ അദ്ദേഹം തീരുമാനിച്ചത്.
മകനെക്കാള്‍ ആവേശത്തോടെ അദ്ദേഹം സമരരംഗത്തേക്കിറങ്ങി. അക്കാലത്തു പോലും ലക്ഷങ്ങള്‍ വരവുണ്ടാക്കിയിരുന്ന കോടതിപ്രാക്ടീസ് അദ്ദേഹം ഉപേക്ഷിച്ചു. പരുത്തി ഖാദി ധരിച്ചു. നിരോധന ഉത്തരവുകള്‍ ലംഘിച്ച് അദ്ദേഹം അദ്ദേഹം ജയില്‍ശിക്ഷയും അനുഭവിച്ചു. എല്ലാം സ്വന്തം രാജ്യത്തിനുവേണ്ടി – ഒടുവില്‍ അച്ഛന്‍ മകന്റെ പാതയാണ് തിരഞ്ഞെടുത്തത്. അതുവരെ തികച്ചും രാജകീയമായി ജീവിച്ച ആ വലിയ മനുഷ്യന്റെ ദുസ്സഹമായ ജയില്‍ജീവിതത്തെപ്പറ്റി മകള്‍ നയന്‍താര ഹൃദയസ്പര്‍ശിയായി എഴുതിയിട്ടുണ്ട്.
ഒന്നാം വട്ടമേശസമ്മേളനത്തിന്റെ അവസാന നാളുകളില്‍ മോത്തിലാലിന്റെ ആരോഗ്യസ്ഥിതി മോശമായി. ഈ സമയം നെഹ്‌റു നയിനി ജയിലില്‍ ആയിരുന്നു. പിതാവിനെ കാണുന്നതിനായി ജയില്‍ അധികൃതര്‍ അദ്ദേഹത്തെ വിട്ടയയച്ചു. ജയില്‍മോചിതനായ മകനെ കണ്ടപ്പോള്‍ മോത്തിലാലിന്റെ മനസ്സ് സന്തോഷത്താല്‍ നിറഞ്ഞു. ഈ സാഹചര്യത്തില്‍ ഗാന്ധിജിയുടെ സാമീപ്യം കൂടിയുണ്ടായിരുന്നെങ്കില്‍ എന്ന് അദ്ദേഹം ആഗ്രഹിച്ചു. യര്‍വാദാ ജയിലില്‍നിന്നും മോചിതനായ ഗാന്ധിജി വളരെ വൈകിയാണെങ്കിലും മോത്തിലാലിനെ കാണാന്‍ അലഹബാദിലെത്തി. ആ സാന്നിധ്യവും അദ്ദേഹത്തിന്റെ വാക്കുകളും മോത്തിലാലിനു വളരെ വലിയ സാന്ത്വനമായിരുന്നു. അദ്ദേഹം ഗാന്ധിജിയോടു പറഞ്ഞു.
”ഞാന്‍ താമസിയാതെ പോകയാണ് മഹാത്മജി. സ്വരാജ് കാണുവാന്‍ ഞാനിവിടെയുണ്ടാവില്ല. പക്ഷേ അങ്ങത് നേടിക്കഴിഞ്ഞുവെന്നും താമസിയാതെ അതു രാജ്യത്തിന് കൈവരുത്തുമെന്നും എനിക്കറിയാം.”
വിദഗ്ദചികിത്സയും സ്‌നേഹനിര്‍ഭരമായ പരിപാലനവും ഒന്നും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ചില്ല. അങ്ങനെ സ്വാതന്ത്ര്യലബ്ധിക്കു മുമ്പുതന്നെ അദ്ദേഹം യാത്രയായി.
ഗാന്ധിജിയുടെ അഭിപ്രായത്തില്‍ മോത്തിലാലിന്റെ ഏറ്റവും വലിയ ദൌര്‍ബല്യം മകനായിരുന്നു. അദ്ദേഹത്തിന് നെഹ്‌റുവിനോടുള്ള സ്‌നേഹത്തില്‍നിന്നും ഉടലെടുത്തതാണ് ഇന്ത്യയോടുള്ള സ്‌നേഹം എന്ന് ഗാന്ധിജി പറയുമായിരുന്നു . മകന്‍ രാജ്യത്തിനുവേണ്ടി ത്യാഗം അനുഷ്ഠിക്കുമ്പോള്‍ താന്‍ എങ്ങനെ സുഖമായിരിക്കും എന്ന ചിന്തയാണ് പല സൌഭാഗ്യങ്ങളും വേണ്ടെന്നു വയക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
അച്ഛന്റെ മരണവുമായി പൊരുത്തപ്പെടാന്‍ നെഹ്‌റുവിന് വളരെക്കാലം വേണ്ടിവന്നു. മോത്തിലാലിന്റെ മരണത്തിന് മൂന്നുമാസങ്ങള്‍ക്കുശേഷം കമലയോടും മകള്‍ ഇന്ദിരയോടുമൊപ്പം നെഹ്‌റു സിലോണിലേക്കു പോയി. മനോഹരമായ ആ സ്ഥലം അദ്ദേഹത്തിനു വളരെ ഇഷ്ടപ്പെട്ടു. അച്ഛന് ഈ കാലാവസ്ഥ രോഗശമനത്തിനു സഹായിക്കും എന്നു ചിന്തിച്ച് അലഹബാദിലേക്കു പെട്ടെന്നു കമ്പിയടിക്കാന്‍ ഒരുങ്ങിയ ആ മകന്‍, ഒരുവേള അച്ഛന്‍ മരിച്ചുപോയി എന്ന വസ്തുതതന്നെ മറന്നുപോയി.
സിലോണില്‍നിന്നും അലഹബാദില്‍ തിരച്ചെത്തിയ അദ്ദേഹത്തെ സ്വീകരിച്ചത് വര്‍ഷങ്ങള്‍ക്കുമുമ്പ് അച്ഛന്‍ അയച്ച ഒരു കത്തായിരുന്നു. പല സ്ഥലങ്ങളും സന്ദര്‍ശിച്ച ആ കത്ത് വളരെ വൈകിയാണ് മകന്റെ കൈയില്‍ കിട്ടിയത്. അതും ആ സൂര്യന്‍ അസ്തമിച്ചശേഷം.മകന്റെ ഭാവി ഇത്രയേറെ കാംക്ഷിച്ച ഒരു പിതാവ് ചരിത്രത്തില്‍ വിരളമല്ലേ ?. മകനോടുള്ള അഗാധമായ വാത്സല്യമല്ലേ അദ്ദേഹത്തെ സ്വാതന്ത്ര്യസമരത്തില്‍ അണിചേരുവാന്‍ പ്രേരിപ്പിച്ചത്? അച്ഛന് മകനോടുള്ള സ്‌നേഹമായിരുന്നില്ലേ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു എന്ന ലോകനേതാവിനെ സൃഷ്ടിച്ചത്? ഇതുപോലെ ഒരച്ഛനെയും മകനെയും ഭാരതത്തിന് ഇനി എന്നാണ് ലഭിക്കുക?.