റഷ്യന്‍ വിപ്ലവത്തിന്റെ രണ്ടാം ഘട്ടമാണ് ഒക്ടോബര്‍ വിപ്ലവം. 1917 നവംബറില്‍ അലക്സാണ്ടര്‍ കെറന്‍സ്കിയുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന താത്കാലിക ഗവണ്മെന്റില് നിന്ന് അധികാരം പിടിച്ചെടുക്കുവാനായി ബോള്‍ഷേവിക്കുകള്‍ റഷ്യയില്‍ സംഘടിപ്പിച്ച വിപ്ലവമാണിത്. ബോള്‍ഷേവിക് വിപ്ലവം എന്നും ഇതിനെ വിളിക്കാറുണ്ട്.
റഷ്യയില്‍ അന്ന് നിലവിലിരുന്ന ജൂലിയന്‍ കലണ്ടര്‍ അനുസരിച്ച് 1917 ഫെബ്രുവരി 27-ന് (ഇപ്പോള്‍ പൊതുവേ ഉപയോഗത്തിലുള്ള ജോര്‍ജ്ജിയന്‍ കലണ്ടര്‍ പ്രകാരം മാര്‍ച്ച് 2-ന്) സാര്‍ നിക്കോളാസ് രണ്ടാമന് അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെടുകയും തുടര്‍ന്ന് ജോര്‍ജി ലവേവിന്റെ നേതൃത്വത്തിലുള്ള താല്‍ക്കാലികസര്‍ക്കാര്‍ അധികാരത്തിലെത്തുകയും ചെയ്തു. സാര്‍ നിക്കോളാസ് നിയമിച്ച ലവേവിന് സര്‍ക്കാറില്‍ പിന്തുണ ഉറപ്പാക്കാനാവാതെ വന്നതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ കീഴില്‍ നിയമമന്ത്രിയായിരുന്ന സോഷ്യല്‍ റെവല്യൂഷനറി പാര്‍ട്ടിയിലെ അലക്സാണ്ടര്‍ കെറന്‍സ്കി താല്‍ക്കാലിക സര്‍ക്കാറിന്റെ ഭരണനേതൃത്വം ഏറ്റെടുത്തു. ഫെബ്രുവരി വിപ്ലവം എന്നറിയപ്പെടുന്ന ഈ വിപ്ലവം വ്ലാഡിമര്‍ ലെനിന്റെ നേതൃത്വത്തിലുള്ള ബോള്‍ഷെവിക് പാര്‍ട്ടിക്ക് വളരാന്‍ സാഹചര്യമൊരുക്കി. ഫെബ്രുവരി വിപ്ലവകാലത്ത് ലെനിന് പലായനം ചെയ്തിരിക്കുകയായിരുന്നു.
ഫെബ്രുവരി വിപ്ലവത്തിനു ശേഷം റഷ്യയിലാകെ ബോള്‍ഷെവിക്കുകളും താല്‍ക്കാലികസര്‍ക്കാറിന്റെ അനുയായികളും തമ്മില്‍ സംഘര്‍ഷം നിലനിന്നു. തുടക്കത്തില്‍ ഈ മുന്നേറ്റങ്ങളെ സൈനികശേഷി ഉപയോഗിച്ച് താല്‍ക്കാലികസര്‍ക്കാര്‍ തടഞ്ഞുനിര്‍ത്തി. എന്നാല്‍ ഓട്ടൊമന്‍ തുര്‍ക്കിയുടെ ആക്രമണത്തെ തടയാന്‍, കോക്കസസില്‍ 5 ലക്ഷത്തോളം പട്ടാളക്കാരെ സര്‍ക്കാറിന് വിന്യസിക്കേണ്ടി വന്നിരുന്നു. യുദ്ധം, റഷ്യന്‍ സര്‍ക്കാരില്‍ കടുത്ത രാഷ്ട്രീയസാമ്പത്തികപ്രശ്നങ്ങളും ഉണ്ടാക്കി. ഈ സ്ഥിതി മുതലെടുത്ത് ലെനിന്റെ നേതൃത്വത്തില്‍ ബോള്‍ഷെവിക്കുകള്‍ സായുധവിപ്ലവത്തിലൂടെ കെറന്‍സ്കിയുടെ താത്കാലികസര്‍ക്കാരിനെ അട്ടിമറിച്ചു. ജൂലിയന്‍ കലണ്ടര്‍ 1917 ഒക്ടോബര്‍ 24,25 തിയതികളിലാണ് (ജോര്‍ജ്ജിയന്‍ കലണ്ടര്‍ പ്രകാരം നവംബര്‍ 6,7) ബോള്‍ഷെവിക് വിപ്ലവം നടന്നത്. അതുകൊണ്ടാണ് നവംബറില്‍ നടന്ന ഈ വിപ്ലവത്തെ ഒക്ടോബര്‍ വിപ്ലവം എന്നും പറയുന്നത് 20-ാം നൂറ്റാണ്ടില്‍ രൂപം കൊണ്ട സ്വതന്ത്ര്യ സമര പ്രസ്ഥാനങ്ങളില്‍ ഇതിന് ആഴത്തിലുള്ള സ്വാധീനം ചെലുത്താന്‍ കഴിഞ്ഞു എന്ന് മാത്രമല്ല, കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തില്‍ ഉറച്ച രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് വ്യക്തമായ ദിശാബോധം നല്‍കാനും ഈ വിപ്ലവത്തിനു കഴിഞ്ഞു. ഒക്ടോബര്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ മാനവരാശിക്ക് ഈ വിപ്ലവ മാതൃക നല്കിയ സംഭാവനകള്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.