നവംബര്‍ 12 ,സലിംഅലിയുടെ ജന്മദിനം
പക്ഷികളുടെ കൂട്ടുകാരന്‍ എന്നറിയപ്പെടുന്ന സലിംഅലിയുടെ ജന്മദിനമാണ് നവംബര്‍ 12. ഇന്ത്യയിലെ വൈവിധ്യമാര്‍ന്ന പക്ഷിലോകത്തിലേയ്ക്കും അവിടത്തെ കൌതുകമാര്‍ന്ന ജീവിതങ്ങളിലേയ്ക്കും കണ്ണുപായിയ്ക്കുകയും ആ വിവരങ്ങള്‍ തലമുറകള്‍ക്ക് വേണ്ടി ശേഖരിക്കുകയും ചെയ്ത പക്ഷിസ്നേഹിയായിരുന്നു സലിംഅലി.
അഞ്ച് ആണ്‍കുട്ടികളും നാല് പെണ്‍കുട്ടികളും അടങ്ങുന്ന കുടുംബത്തില്‍ ആയിരുന്നു സലിംഅലി ജനിച്ചത്. അച്ഛന്‍ മൊയ്‌നുദ്ദീന്‍. അമ്മ സീനത്തുന്നീസ. സലിം ജനിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ അച്ഛനും മൂന്നു വര്‍ഷം തികയുന്നതിനു മുന്‍പ് അമ്മയും മരിച്ചു. അനാഥരായ ആ കുട്ടികളെ മക്കളില്ലാതിരുന്ന അമ്മാവനായിരുന്നു വളര്‍ത്തിയത്. അക്കാലത്ത് ഇന്ത്യയിലെത്തിയിരുന്ന വിദേശികളുടെ പ്രധാന വിനോദം നായാട്ടായിരുന്നു. അവരെ അനുകരിച്ച് നാട്ടുകാരും നായാട്ടിനിറങ്ങി. അവരോടൊപ്പം സലീമിന്റെ അമ്മാവനും കൂടുമായിരുന്നു. പഠനത്തില്‍ താല്‍പര്യമില്ലാതിരുന്ന സലിം അമ്മാവനോടൊപ്പം നായാട്ടിനിറങ്ങി.
നല്ലൊരു നായാട്ടുകാരനാകുക എന്ന മോഹം ഉടലെടുത്തു. പത്താംവയസ്സില്‍ അമ്മാവനില്‍ നിന്നും ലഭിച്ച എയര്‍ഗണ്‍ പ്രയോഗിച്ച് കുരുവികളെ കൊല്ലുന്നത് സലിം ഒരു വിനോദമാക്കി. വീട്ടിലെ തൊഴുത്തില്‍ വാസമുറപ്പിച്ച കുരുവികളെ വെടിവെച്ചിടുന്നതിനിടയില്‍ ഒരു പെണ്‍കുരുവി മുട്ടയിട്ട് അടയിരിക്കുന്നതായും ഒരു ആണ്‍കുരുവി അതിനു കാവലിരിക്കുന്നതായും സലിം കണ്ടെത്തി.
ആണ്‍കുരുവിയെ സലിം വെടിവെച്ചിട്ടു. പക്ഷെ പെണ്‍കുരുവി മറ്റൊരു ആണ്‍കുരുവിയെ കണ്ടുപിടിച്ച് അടയിരുന്ന മുട്ടകള്‍ക്ക് കാവലിരുത്തി.ദൂരെ മാറി നിന്ന് സലിം ഇതെല്ലം കാണുന്നുണ്ടായിരുന്നു. കണ്ടതൊക്കെ തന്റെ ഡയറിയില്‍ കുറിച്ചിട്ടിരുന്ന സലീമിന്റെ ആദ്യ നിരീക്ഷണരേഖകള്‍ ഇതായിരുന്നു. ഈ സംഭവം പക്ഷികളെ കൊന്നൊടുക്കുന്നതിനു പകരം അവയെ നിരീക്ഷിക്കാനുള്ള താത്പര്യം സലീംഅലിയില്‍ ഉണര്‍ത്തി. വീട്ടിനു ചുറ്റിലും നാട്ടിലും ഉള്ള പക്ഷികളെ കണ്ടെത്തി അവയുടെ സ്വഭാവങ്ങളും പെരുമാറ്റരീതികളും ജീവിതവും സൂക്ഷ്മമായി നിരീക്ഷിക്കാനും പഠിക്കാനും ആരംഭിച്ചു. ഇതോടെ അദ്ദേഹം പക്ഷികളുടെ മാംസം കഴിക്കുന്നത് ഉപേക്ഷിച്ചു. പിന്നീട് അമ്മാവന്‍ അദ്ദേഹത്തെ ബോംബെ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ സെക്രട്ടറി W.S.മില്ലാര്‍ഡിനെ പരിചയപ്പെടുത്തി. 1928- മുതല്‍ അദ്ദേഹത്തോടൊപ്പം ജോലിചെയ്യാന്‍ തുടങ്ങിയ സലിംഅലി കൂടുതല്‍ പരിശീലനത്തിനായി ജര്‍മ്മനിയിലേക്ക് പോയി. പ്രൊഫസര്‍ ഇര്‍വിന്‍ സ്‌ട്രെസ്മാന്‍ ആയിരുന്നു അവിടെ അദ്ദേഹത്തിന്റെ ഗുരുനാഥന്‍. ഇര്‍വിന്‍ സ്‌ട്രെസ്മാനോടൊപ്പം അദ്ദേഹം സ്റ്റഫിംഗ് ജോലിയും പരീക്ഷിച്ചു.
പഠനങ്ങളും ഗവേഷണങ്ങളും നടത്തി പക്ഷിനിരീക്ഷണത്തില്‍ വൈദഗ്ധ്യം നേടിയ സലിംഅലിയെ വളരെ വൈകിയാണ് ലോകം തിരിച്ചറിഞ്ഞത്. ബ്രിട്ടീഷ് ഓര്‍ണിത്തോളജിക്കല്‍ സൊസൈറ്റിയുടെ യൂണിയന്‍ ഗോള്‍ഡ് മെഡല്‍ നേടിയ ബ്രിട്ടീഷുകാരന്‍ അല്ലാത്ത ആദ്യ പക്ഷിനിരീക്ഷകനായിരുന്നു അദ്ദേഹം.
1983 ഓഗസ്റ്റ് 27-ന് കേരളത്തില്‍ തട്ടേക്കാട് സ്ഥാപിച്ച പക്ഷിസങ്കേതം സലിംഅലിയുടെ പേരിലാണ് അറിയപ്പെടുന്നത്. 25.16 കി.മീ വിസ്തീര്‍ണ്ണമുള്ള ഈ പ്രദേശം പലവംശത്തിലുള്ള നാട്ടുപക്ഷികളുടെ ആവാസവ്യവസ്ഥയാണ് . കേരളത്തിലെ പ്രശസ്തമായ പക്ഷിസങ്കേതമാണിത്.പക്ഷിനിരീക്ഷണത്തിനായി തട്ടേക്കാട് എത്തിയിരുന്ന സലിം അലിയുടെ ശുപാര്‍ശ പ്രകാരമാണ് ഇവിടം പക്ഷിസങ്കേതമാക്കിയത്.