തിരുവിതാംകൂര്‍ ഭരിച്ചിരുന്ന ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ 1936 നവംബര്‍ 12 ന് പുറപ്പെടുവിച്ച പ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളമ്പരം നടന്നിട്ട് 81 വര്‍ഷമായിരിക്കുന്നു .തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ നിയന്ത്രണത്തില്‍ ഉണ്ടായിരുന്ന എല്ലാ ക്ഷേത്രങ്ങളിലും ജന്മം കൊണ്ടോ മതവിശ്വാസം കൊണ്ടോ ഹിന്ദുവായ ഏതൊരാള്‍ക്കും പ്രവേശനം അനുവദിക്കുന്നതായിരുന്നു വിളംബരം. ശ്രീനാരായണഗുരുവിന്റെ നേതൃത്വത്തില്‍ അധസ്ഥിത വര്‍ഗ്ഗം സാമൂഹിക നീതിക്കുവേണ്ടി ദീര്‍ഘകാലമായി നടത്തിയ സമരങ്ങള്‍ ചരിത്രപ്രസിദ്ധമാണ്. ഇവയുടെയെല്ലാം ഫലമായിരുന്നു ക്ഷേത്രപ്രവേശന വിളംബരം.
യാഥാസ്ഥിതിക വര്‍ഗ്ഗത്തെ അവഗണിച്ചുകൊണ്ട് ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ 1936 ല്‍ സ്വീകരിച്ച നടപടി സാമൂഹിക ദുരാചാരങ്ങള്‍ക്കെതിരെയുള്ള പരിഷ്‌കരണമായിരുന്നു.
ഈ പരിഷ്‌കരണ മുന്നേറ്റത്തിന് 81 വയസ്സ് തികയുമ്പോള്‍ പ്രസക്തമായ മറ്റൊരു കാര്യം വിശ്വാസികളായ അഹിന്ദുക്കള്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാം എന്ന് ഗുരുവായൂര്‍ ക്ഷേത്രതന്ത്രി അടുത്തിടെ നടത്തിയ പ്രസ്താവനയാണ്. ഈ പ്രസ്താവന മറ്റൊരു സാമൂഹികപരിഷ്‌കരണത്തിന് തുടക്കമാകുമെന്ന് പ്രത്യാശിക്കാം.ഭാരതത്തിലാകമാനം നടത്തിയ സാമൂഹികപരിഷ്‌കരണത്തില്‍ ഇത്രയും പുരോഗമനപരമായ മറ്റൊരു നടപടിയും ഉണ്ടായിട്ടില്ല. ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ അവിസ്മരണീയമായ മുഹൂര്‍ത്തങ്ങളില്‍ ഒന്നായാണ് ക്ഷേത്രപ്രവേശന വിളംബരം കരുതപ്പെടുന്നത്. ജനങ്ങളുടെ അധ്യാത്മിക വിമോചനത്തിന്റെ ആധികാരികരേഖ എന്ന് ഗാന്ധിജി വിശേഷിപ്പിച്ച ക്ഷേത്രപ്രവേശന വിളംബരം സമൂഹത്തിലെ ദുരാചാരങ്ങള്‍ക്കെതിരെ പ്രതികരിക്കാനുള്ള പുതിയ മാറ്റൊലിയായി മാറേണ്ടതുണ്ട്.
തയ്യാറാക്കിയത് : സുചിത്ര ,ASAP JCC വിദ്യാര്‍ത്ഥിനീ