ഇത് കേരളത്തിന്റെ പിറന്നാള്‍ മാസമാണ്. മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ എന്നു മൂന്നായി പിരിഞ്ഞുകിടന്ന മലയാളദേശങ്ങളെ ഔദ്യോഗികമായി ഒന്നാക്കി കേരളസംസ്ഥാനമാക്കി തീര്‍ത്ത നവംബര്‍ മാസം നമ്മുടെ ചരിത്രത്തില്‍ സുപ്രധാനമായ സ്ഥാനം നേടിയിരിക്കുന്നു.

തിരുവിതാംകൂറും കൊച്ചിയും പഴയകാലംമുതല്‍ നാട്ടുരാജാക്കന്മാരുടെ അധീനതയിലായിരുന്നു. മലബാറാകട്ടെ സാമൂതിരിയുടെ ഭരണകാലത്തിനുശേഷം ബ്രിട്ടീഷുകാരുടെ കാല്‍ക്കീഴിലായി. മലബാര്‍ പിടിച്ചടക്കിയതിനുശേഷം കൊച്ചിയും തിരുവിതാംകൂറും കീഴ്പ്പെടുത്തുവാന്‍ ശ്രമിച്ച ഈസ്റ്റിന്ത്യാക്കമ്പനിയുമായി സന്ധിചെയ്തും കപ്പം കൊടുത്തുമാണ് കൊച്ചിയും തിരുവിതാംകൂറും അന്ന് നിലനിന്നത്. ഇന്ത്യയിലെ മറ്റു നാട്ടുരാജ്യങ്ങളുടെ അവസ്ഥയും അതുതന്നെയായിരുന്നു. വേണാട് എന്ന ചെറുരാജ്യത്തിന്റെ അധിപനായിരുന്ന ഉഗ്രപ്രതാപിയായ അനിഴംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ തന്റെ ബുദ്ധിയും ശക്തിയും ഉപയോഗിച്ച് കൊച്ചിവരെയുള്ള ചെറിയ രാജ്യങ്ങളെയെല്ലാം ചേര്‍ത്ത് തിരുവിതാംകൂറിനെ ശക്തമായ വലിയ രാജ്യമാക്കിത്തീര്‍ത്തിരുന്നു സൈന്യബലം കൊണ്ട് കൊച്ചിയെയും കീഴ്‌പ്പെടുത്തുമെന്നു വന്നപ്പോള്‍ കൊച്ചിരാജാവ് സന്ധിക്കൊരുങ്ങുകയും അങ്ങനെ കൊച്ചിയെ തിരുവിതാംകൂറിനോടു ചേര്‍ക്കാതെ നിലനിര്‍ത്തുകയും ചെയ്തു . ഇന്ത്യയിലെ രാജാക്കന്മാരുടെ പരസ്പര വിദ്വേഷങ്ങളും കലഹങ്ങളും മുതലെടുത്ത് ബ്രീട്ടീഷ് ഈസ്റ്റ് ഇന്ത്യാക്കമ്പനി എന്തെല്ലാം ഉപായങ്ങളും ഭീഷണികളും ചതികളും ക്രൂരതകളും ഉപയോഗിച്ചാണ് ഈ മഹാരാജ്യത്തെ തങ്ങളുടെ വരുതിയിലാക്കിയതെന്ന് ചരിത്രം പറയും.

ഒടുവില്‍ 1947 ല്‍ ബ്രിട്ടീഷുകാരില്‍നിന്നും സ്വാതന്ത്ര്യം ലഭിച്ചതിനുശേഷമാണ് നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിച്ച് ഇന്ത്യ എന്ന മഹാരാഷ്ട്രം ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ തലയുയര്‍ത്തി നിന്നത്. മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ എന്നിവ അപ്പോഴും മൂന്നു പ്രദേശങ്ങളായിത്തന്നെ തുടര്‍ന്നു. മലയാളഭാഷ സംസാരിക്കുന്ന ഈ മൂന്നു ദേശങ്ങളും ചേര്‍ത്ത് കേരളസംസ്ഥാനം രൂപീകരിക്കണമെന്ന രാജ്യസ്‌നേഹികളുടെ നിരന്തരമായ നിവേദനങ്ങളുടെ ഫലമായി തിരുവിതാംകൂര്‍ ,കൊച്ചി രാജ്യങ്ങള്‍ ആദ്യം ലയിപ്പിക്കപ്പെട്ടു. അതിനുശേഷം 1956 ലാണ് മലബാര്‍ കൂട്ടിച്ചേര്‍ത്ത് കേരളസംസ്ഥാനം രൂപീകരിക്കപ്പെട്ടത്. പക്ഷേ കേരളത്തിന്റെ വടക്കുഭാഗത്തുനിന്ന് കന്നടഭാഷാപ്രദേശമായ കുടകും (കൂര്‍ഗ്) തിരുവിതാംകൂറിന്റെ ഹൃദയഭാഗം തന്നെയായ കന്യാകുമാരി ജില്ലയും കേരളത്തിനു നഷ്ടപ്പെട്ടു. തമിഴ്ഭാഷാ പ്രദേശങ്ങളാണെങ്കിലും തിരുവിതാംകൂറിന് പത്മനാഭപുരവും കന്യാകുമാരിയും മാത്രമല്ല നമ്മുടെ നെല്ലറയായിരുന്ന നാഞ്ചിനാടന്‍ വയലുകളും നഷ്ടമായത് ഇന്നും വേദനയായി അവശേഷിക്കുന്നു. കേരളപ്പിറവിക്കും നാല്പതുവര്‍ഷത്തിനുമുമ്പു രചിക്കപ്പെട്ട കേരളഗാനത്തിലെ ചില വരികള്‍ ഇവിടെ ഉദ്ധരിക്കുന്നു.

പ്രേമദമാകും പ്രമദവനം താന്‍
ശ്യാമളസുന്ദരമെന്നുടെ രാജ്യം
കളകളമോതിയിണങ്ങിവരുന്നൊരു
സലിലസമൃദ്ധം മാമകരാജ്യം
ജാതിമതാന്ധ്യമതാന്തമെതിര്‍ക്കും
ബോധവിഭാവിതമെന്നുടെ രാജ്യം
ജയജയകോമള കേരള ധരണീ
ജയജയമാമക പൂജിത ജനനി.

ഇതുവായിക്കുന്ന കുട്ടികള്‍ നമ്മുടെ കേരളത്തിന്റെ ഇന്നത്തെ അവസ്ഥ ഇങ്ങനെയൊക്കെയാണോ എന്ന് ആലോചിക്കുന്നത് നന്നായിരിക്കും. നമ്മുടെ നാടിന് നന്മവരട്ടെ എന്നു പ്രാര്‍ത്ഥിക്കുകയും അതിനുവേണ്ടി പ്രയത്‌നിക്കുകയും വേണം.

അവലംബം : തളിര്‍, നവംബര്‍ ലക്കം

1 Comment

s santhosh kumar November 18, 2017 at 5:47 am

Respected all,
Vert good iniative and very informative to Malayalm Mission students,teachers and all malayalees. It is very created in very adaptive subjects and pictures. All the very best to who has worked behind pookalam.
S.Santhosh kumar
Chennai Malayalam Mission – Chapter.

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content