ഇന്ത്യന്‍ ഉരുക്കുവനിതയുടെ ജന്മശതാബ്ദി
ഇന്ത്യയിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഇതിഹാസവുമായിരുന്ന ഇന്ദിരഗാന്ധിയുടെ ജന്മശതാബ്ദി വര്‍ഷമാണിത്.1917 നവംബര്‍ 19-ന് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെയും കമലയുടെയും മകളായി അലഹബാദിലാണ് ഇന്ദിര ജനിച്ചത്.
1966- ല്‍ റഷ്യയിലെ താഷ്കെന്റില്‍ പാക്-ഇന്ത്യ സമാധാന ചര്‍ച്ചയ്ക്കുശേഷം പൊടുന്നനെ ഹൃദയാഘാതത്താല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രി മരിച്ചപ്പോള്‍ ഇന്ദിരയെയാണ് പുതിയ നേതാവായി തിരഞ്ഞെടുത്തത്. തുടക്കത്തില്‍ നേതാക്കന്മാര് അവരെ ഒരു പാവക്കുട്ടിയായി തെറ്റിദ്ധരിച്ചിരുന്നു.
ഉറച്ച നിലപാടുകളോ, തീരുമാനങ്ങളോ ഇല്ലാതെ, ഇന്ദിരയുടെ തുടക്കം മോശമായിരുന്നു. 1967-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ദിരക്കും പാര്‍ട്ടിക്കും വലിയ തിരിച്ചടിയാണ് നേരിടേണ്ടിവന്നത്. കോണ്‍ഗ്രസ് പാര്‍ട്ടി തകിടം മറിയുന്ന സ്ഥിതിയായിരുന്നു.
1969-ല്‍ അവര്‍ പാര്‍ട്ടിയെ പിളര്‍ത്തി, പഴയ നേതാക്കളെ പുറത്താക്കി, ഇന്ദിരയുടെ ജനപ്രിയ പ്രതിച്ഛായ ഉറപ്പിച്ച് കോണ്‍ഗ്രസ്സ് 1971-ല്‍ മികച്ച വിജയം നേടിയെടുത്തു.
സ്വന്തം നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയും, എതിരാളികള്‍ക്കു മുന്നില്‍ കീഴടങ്ങാന്‍ വിസമ്മതിക്കുകയും ചെയ്ത ധീരവനിത. അതുകൊണ്ടുതന്നെ അവര്‍ ഇന്ത്യയുടെ ”ഉരുക്കുവനിത”യെന്നു അറിയപ്പെട്ടു.
”ഇന്ദിര ഹഠാവെ” എന്ന മുദ്രാവാക്യം ഉയര്‍ത്തിയവര്‍ക്ക് ”ഗരീബി ഹഠാവേ”എന്ന് മറുപടി നല്‍കിയാണ് ഇന്ദിര തന്റെ രണ്ടാംഘട്ട രാഷ്ട്രീയയാത്ര തുടങ്ങിയത്. 1971-ലെ യുദ്ധവിജയം, പ്രിവിപേഴ്സ് നിര്‍ത്തലാക്കല്‍, ബാങ്ക് ദേശസാല്‍ക്കരണം, അണ്വായുധപരീക്ഷണം, പരിസ്ഥിതി സംരക്ഷണം എന്നിവ ഇന്ദിരയുടെ ഭരണകാലത്തെ പ്രധാന നേട്ടങ്ങളാണ്.
ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെയും ഇന്ദിരയുടെയും കറുത്ത അദ്ധ്യായം അടിയന്തരാവസ്ഥയായിരുന്നു. അത് അവരുടെ നേട്ടങ്ങളെ കളങ്കപ്പെടുത്തി. 1975-ജൂണ്‍ മുതല്‍ 1977 – മാര്‍ച്ചുവരെ, 21 മാസം നീണ്ട അടിയന്തിരാവസ്ഥ, പത്രസ്വാതന്ത്ര്യവും, പൗരാവകാശങ്ങളും നിഷേധിക്കപ്പെട്ടു, പ്രതിഷേധ ശബ്ദം ഉയർത്തിയ നിരവധി പേരെ എന്നന്നേക്കുമായി കാണാതായി. 1977-ലെ തെരഞ്ഞെടുപ്പ് അടിയന്തരാവസ്ഥാനുഭവത്തിന്റെ ഹിതപരിശോധനയായിരുന്നു. ‘ജനാധിപത്യത്തെ രക്ഷിക്കുക’ എന്ന മുദ്രാവാക്യവുമായാണ് പ്രതിപക്ഷം തെരഞ്ഞെടുപ്പിനെ നേരിട്ടത്. ചരിത്രത്തിലാദ്യമായി കോണ്‍ഗ്രസ്സ് ആ തെരഞ്ഞെടുപ്പില്‍ വലിയ തോല്‍വി ഏറ്റുവാങ്ങി.
1984 ഒക്ടോബര്‍ 31 ന് സ്വന്തം അംഗരക്ഷകന്റെ വെടിയേറ്റ് ഇന്ദിര മരിച്ചു വീണു. എന്റെ ഓരോതുള്ളി രക്തവും രാജ്യത്തിനുവേണ്ടി സമര്‍പ്പിക്കുന്നു എന്ന പ്രസംഗം നടത്തിയതിന്റെ പിറ്റേന്നായിരുന്നു ഇന്ദിരയുടെ ഈ അപ്രതീക്ഷിത അന്ത്യം.