ചില കോവിഡ്കാല വര്‍ത്തമാനങ്ങള്‍
മുമ്പ് കണ്ടും കേട്ടും പരിചയമില്ലാത്ത സാഹചര്യങ്ങളിലൂടെയാണ് കഴിഞ്ഞ ഒരു വര്‍ഷമായി നമ്മള് കടന്ന് പോകുന്നത്. എന്തൊക്കെ മാറ്റങ്ങളാണ് നമ്മുടെ ജീവിത രീതികള്‍ക്ക് വന്ന് ചേര്‍ന്നിരിക്കുന്നത്, അല്ലേ…
മാസ്ക്കിടുന്നു, കൈകഴുകുന്നു, സാനിറ്റൈസര്‍ കൊണ്ടുനടക്കുന്നു… കെട്ടിപ്പിടിത്തവും ഒന്നിച്ചിരിക്കലും കൈകൊടുക്കലും കൂട്ടംകൂടലുമെല്ലാം ഒഴിവാക്കുന്നു. യാത്രകള്‍, വിരുന്നുകള്‍ ആഘോഷങ്ങള്‍ എല്ലാം നിയന്ത്രിക്കപ്പെടുന്നു…
കോവിഡ് 19 എന്ന കൊറോണ വൈറസ് കൊണ്ടുവന്നതാണ് ഇതെല്ലാം. എന്നാല്‍ ജീവിത രീതികളില്‍ മാത്രമല്ല ഭാഷയിലും കോവിഡ് ചില മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. നിങ്ങളില്‍ കുറേ പേരെങ്കിലും അതൊക്കെ ശ്രദ്ധിച്ചിട്ടുണ്ടാവും. അത്തരം ചില വാക്കുകളെ നമുക്കിത്തവണ പരിചയപ്പെട്ടാലോ? ഈ വാക്കുകള്‍ കോവിഡ് കാലത്ത് നമ്മുടെ നാട്ടില്‍ അധികമായി പ്രയോഗത്തില്‍ വന്നവയാണ്. ഇവ നമ്മള് മലയാളീകരിക്കാതെ ഉപയോഗിക്കുന്നവയാണ് കേട്ടോ. അതേ സമയം ഇംഗ്ലീഷ് പഠിച്ചിട്ടില്ലാത്തവര്‍ക്കും അറിയാത്തവര്ക്കുമൊക്കെ മനസ്സിലാവുകയും അവര്‍ അത് ഉപയോഗിക്കുകയും ചെയ്യും.
ക്വാറന്റൈന്
ഒന്നാം സ്ഥാനം ക്വാറന്റൈന് തന്നെ. സാധാരണക്കാരന്റെ വര്ത്തമാനത്തിലെങ്ങും തന്നെ വന്നുകൂടിയിട്ടില്ലാത്ത വാക്കാണ് ക്വാറന്റൈന്. നാല്പത് ദിവസം എന്ന് അര്‍ത്ഥം വരുന്ന വെനീഷ്യന്‍ വാക്കില്‍ നിന്നാണ് ക്വാറന്റൈന് എന്ന വാക്കിന്റെ പിറവി.
കൃത്യമായി നിര്ണയിക്കപ്പെട്ടിട്ടില്ലാത്ത, ആളുകളില്‍ നിന്ന് ആളുകളിലേക്ക് പകരുന്ന തരം രോഗം ബാധിച്ചതായി സംശയിക്കുന്നവരെ അല്ലെങ്കില്‍ ബാധിച്ചിട്ടുണ്ടാവാന് സാധ്യതയുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനാണ് ക്വാറന്റൈന് എന്ന് പറയുന്നത്. രോഗ നിര്‍ണയത്തിന് ശേഷം മാറ്റിപ്പാര്‍പ്പിക്കുന്നത് ഈ ഗണത്തില്‍ പെടില്ല കേട്ടോ… ചരിത്രത്തില്‍ മുമ്പും ആളുകളെ ക്വാറന്റൈന് ചെയ്തിട്ടുണ്ടെങ്കിലും ഇങ്ങനെ വ്യാപകമാവുന്നത് ഇതാദ്യമാണ്.
ക്വാറന്റൈന് നമ്മള് ഒരു മലയാളം വാക്ക് കണ്ടുപിടിക്കാനൊന്നും മെനക്കിട്ടിട്ടില്ല. എല്ലാ വിഭാഗം ജനങ്ങളും അത് അങ്ങനെ തന്നെ ഉപയോഗിക്കുകയാണ്.
ലോക്ഡൗണ്‍
ഈ അടുത്തകാലത്ത് നാം ഏറ്റവും കൂടുതല്‍ കേട്ട പദം ലോക്ഡൗണ്‍ ആയിരിക്കും. ഭൂലോകത്തിലെ മനുഷ്യരുടെയാകെ ഭാവി മാറ്റിയെഴുതിയ പദം. ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്‍ എന്ന് പാടി നടന്നിരുന്ന വരികളുടെ അര്‍ത്ഥം നാം അനുഭവിച്ചറിഞ്ഞ കാലം. വീടുകളിലും മുറികളിലും അടച്ചിട്ടപ്പെട്ട ജീവിതം. അന്താരാഷ്ട്ര, അന്തര്‍ സംസ്ഥാന, അന്തര്‍ജില്ലാ യാത്രകള്‍ പോയിട്ട് സ്വന്തം വീടിന്റെ മുറ്റം വിട്ട് പുറത്തിറങ്ങാനാവാത്ത അവസ്ഥ. ക്വാറന്റൈന് പോലെ ലോക്ഡൗണും മലയാളീകരിക്കാതെ തന്നെ നമ്മള് പറഞ്ഞ് പഴകിയിരിക്കുന്നു. അടച്ചിടല്‍, അടച്ച് പൂട്ടല്‍ എന്നൊക്കെ പറയാമെങ്കിലും കാര്യം കൃത്യമായി മനസ്സിലാകണമെങ്കില്‍ ഇപ്പോള്‍ ലോക്ഡൗണ്‍ തന്നെ വേണം.
സോഷ്യല്‍ ഡിസ്റ്റന്‍സിംഗ്
സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് എന്നപ്രയോഗത്തിനെയാണ് നമ്മള് സാമൂഹിക അകലം എന്ന് പരിഭാഷപ്പെടുത്തിയത്. വളരെക്കാലങ്ങള്‍ക്ക് മുമ്പ് സാമൂഹിക, നരവംശ ശാസ്ത്ര രംഗത്ത് ഉടലെടുത്ത ഈ പ്രയോഗം ഇത്രത്തോളം ജനശ്രദ്ധ നേടിയത് കോവിഡിന്റെ വരവോടെയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍, അടുത്ത് ഇടപെടുന്നത് മൂലം പകരാവുന്ന ഒരു രോഗത്തിന്റെ പകര്‍ച്ചാ സാധ്യത കുറയ്ക്കാനായി വ്യക്തികള്‍ തമ്മില്‍ സൂക്ഷിക്കേണ്ട ഒരു നിശ്ചിത ശാരീരിക അകലമാണ് സോഷ്യല്‍ ഡിസ്റ്റന്‍സ് അഥവാ ഫിസിക്കല്‍ ഡിസ്റ്റന്‍സ് എന്ന സാമൂഹിക അകലം അഥവാ ശാരീരിക അകലം. സാമൂഹിക അകലം എന്ന പ്രയോഗത്തിന് ചെറിയ തോതില്‍ ഒരു വിപരീത ധ്വനി ഉള്ളതിനാല്‍ നാം അത് പരിഹരിക്കാന്‍ ശാരീരിക അകലം സാമൂഹിക ഒരുമ എന്ന മുദ്രാവാക്യം കൊണ്ടു വരികയായിരുന്നു. സമൂഹവും നിങ്ങളും തമ്മിലല്ല… ശരീരങ്ങള്‍ തമ്മിലാണ് അകലം സൂക്ഷിക്കേണ്ടത് എന്ന് ചുരുക്കം.
ഓണ്‍ലൈന്‍ ക്ലാസ്
സ്കൂളിലോ കോളേജിലോ പോയുള്ള പഠനവും വീട്ടിലോ പഠന കേന്ദ്രത്തിലോ ഉള്ള ട്യൂഷനും മാത്രം പരിചിതമായിരുന്ന സാധാരണയില്‍ സാധാരണക്കാര്‍ക്കും ഇന്ന് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ സുപരിചിതമാണ്. താത്പര്യവും സൗകര്യവും ഉള്ളവര്‍ മാത്രം തെരഞ്ഞെടുത്തിരുന്ന ഓണ്‍ലൈന്‍ പഠനം കോവിഡ് വന്നതോടെ എല്ലാവരുടേതുമായി. കുറേക്കാലമായി നിലവിലുള്ള ഓണ്‍ലൈന്‍ പര്ച്ചേസിംഗിനേക്കാളും ഓണ്‍ലൈന്‍ ബാങ്കിങ്ങിനേക്കാളും നമുക്കിപ്പോള്‍ സുപരിചിതമാണ് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍.
വര്‍ക് ഫ്രം ഹോം
വീട്ടിലിരുന്ന് തന്നെ പണിയെടുക്കുക എന്നാല്‍ വീട്ടുപണി എടുക്കുക എന്നായിരുന്നു വയ്പ്. അല്ലെങ്കില്‍ കുടില്‍ വ്യവസായം. യഥാര്‍ഥ വര്‍ക് ഫ്രം ഹോം പരിചയമുണ്ടായിരുന്നത് ഐടി രംഗത്തെ വിദേശ കമ്പനികളില്‍ ജോലി ചെയ്തിരുന്നവര്‍ക്കും മറ്റുമാണ്. ഇന്നോ? ഏത് നാട്ടിന്‍പുറത്തുകാരനും അറിയാം വര്‍ക് ഫ്രം ഹോം എന്നാല്‍ എന്താണെന്ന്. വിദേശ രാജ്യങ്ങളിലുള്ള കൂട്ടുകാര്‍ക്ക് ഒരുപക്ഷേ, വളരെ മുന്നേ തന്നെ കണ്ടും കേട്ടും പരിചയമുള്ള ഈ പ്രയോഗം മലയാളനാട്ടിലും ഇന്ത്യയില്‍ തന്നെയും ഇത്രയ്ക്ക് വ്യാപകമായി ഉപയോഗിക്കപ്പെടുന്നത് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളിലാണ്.
സാനിറ്റൈസര്‍
സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ സാധാരണക്കാര്‍ കാര്യമായി തിരിഞ്ഞ് നോക്കാത്ത ഒരു നിരയായിരുന്നു സാനിറ്റൈസര്‍ കുപ്പികളുടേത്. ഇന്നിപ്പോള്‍ അവ കിട്ടാന്‍ തന്നെ ബുദ്ധിമുട്ടുണ്ടാവുന്നു. സാനിറ്റൈസര്‍ എന്ന വാക്ക് ദിവസത്തില്‍ ഒരുതവണയെങ്കിലും നമ്മുടെ സാധാരണ സംഭാഷണത്തില്‍ കടന്നുവരുന്നുണ്ട് ഇപ്പോള്‍. സോപ്പ് പോലെ പൗഡര്‍ പോലെ സാനിറ്റൈസറും നമ്മുടെ നാക്കിനിപ്പോള്‍ സുപരിചിതമായ വാക്കാണ്.
മാസ്ക്
മാസ്ക് വയ്ക്കുന്നവര്‍ രോഗികളോ അല്ലെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരോ ആയിരുന്നു നമുക്കിതുവരെ. ഇപ്പോഴത് ലോകം മുഴുവനുള്ള മനുഷ്യരുടെ വസ്ത്രധാരണത്തിന്റെ തന്നെ ഒരു ഭാഗമായിരിക്കുന്നു. മാസ്ക് മുഖ്യം ബിഗിലേ എന്ന് നമ്മള് റ്റാഗ് ലൈന്‍ തന്നെയുണ്ടാക്കി. പുറത്തിറങ്ങുന്നവരാണെങ്കില്‍ അല്ലെങ്കില്‍ വീട്ടില്‍ പുറത്തിറങ്ങുന്ന ആരെങ്കിലുമുണ്ടെങ്കില്‍ മാസ്ക് വയ്ക്കാതെയും മാസ്ക്കിനെ പറ്റി പറയാതെയും നമുക്കൊരു ദിവസമുണ്ടോ?
പുതിയ വാക്കുകള്‍ ഉണ്ടാകുന്നതും അത്ര പരിചിതമല്ലാത്ത വാക്കുകള്‍ വ്യാപകമായി പ്രയോഗത്തില്‍ വരുന്നതും നമ്മുടെ ചുറ്റുപാടുകളില്‍ വരുന്ന മാറ്റങ്ങളെ അടിസ്ഥാനമാക്കിയാണ്. ഇത്തരം വാക്കുകള്‍ ഇനിയുമുണ്ടാവും. കൂട്ടുകാര്‍ക്ക് അറിയാവുന്നത് നിങ്ങളും പങ്കുവച്ചോളൂ…
ചിഞ്ചു പ്രകാശ്