പുതിയ ദിനം

പുതിയ പുലരിയുണരുമിനിയും
പുതു വഴികളിലൊഴുകും പുഴകള്‍
പുതിയ പാട്ടു പാടും കിളികള്‍
പുതുമലരുകള്‍ വിടരും വനിയില്‍

പെയ്തു തോരും ഇരുളിന്‍ നിരകള്‍
നെയ്തെടുത്ത മാരിവില്ലു
നെറുകിലേറ്റ നീല വാനം
ഉതിരുമോരോ തേന്‍കണങ്ങള്‍

ഏറ്റു വാങ്ങും മാമരങ്ങള്‍
മണ്ണിലെഴുതും പുതിയ കഥകള്‍
കഥകള്‍ തേടി പൂക്കള്‍ തേടി
മധു നുണയും പുതു ശലഭം

പാടും പാട്ടൊന്നേറ്റു പാടും
കാറ്റിലാടും പൂമരങ്ങള്‍
തിരകള്‍ മായ്ച്ച മണലിതളില്‍
പതിയുമരുമ കാലടികള്‍

തെളിയും പുതിയ വിധി വഴികള്‍
പകരും അറിവിന്‍ വഴി വിളക്ക്
രാവകലും പകലുണരും
കനലടങ്ങും കനിവുറയും

കാലമെഴുതും ആര്‍ദ്ര വരികള്‍
പാടും കിളികള്‍ പുലരികളില്‍
പുതിയ പടികള്‍ , പുതിയ കനവ്
പുതിയ ജീവന്‍ , പുതിയ ദിനം

വളര് വളരു കൈ വളര്
വളര് വളരു കാല്‍ വളര്
വളര് വളരു മെയ് വളര്
വളര് വളരെന്‍ കണ്‍ നിറയെ
വളര് വളരെന്‍ മനം നിറയെ

സീമ
മലയാളം മിഷന്‍ അദ്ധ്യാപിക
നോര്‍വേ ചാപ്റ്റര്‍

0 Comments

Leave a Comment

FOLLOW US