ആഗ്രഹങ്ങള്‍, പ്രതീക്ഷകള്‍, പ്രത്യാശകള്‍
ടീച്ചറമ്മ എന്തോ എഴുതികൊണ്ടിരിക്കുമ്പോഴാണ് നിധിനും നിധികയും അവിടെ എത്തിയത്. ടീച്ചറമ്മ ജോലി തുടര്‍ന്നു കൊണ്ടു തന്നെ അവരോട് ഇരിക്കാന്‍ ആംഗ്യം കാണിച്ചു. രണ്ടു പേരും ശബ്ദമുണ്ടാക്കാതെ ഇരുന്നു.
ടീച്ചറമ്മ എഴുതുന്നത് കണ്ടിരിക്കുന്നത് തന്നെ ഒരു രസമാണ്. മുഖത്ത് ചിന്തകള്‍ മിന്നി തെളിയുന്നുണ്ടോ? നെറ്റിയില്‍ ചുളിവുകള്‍ വന്നും പോയുമിരിക്കുന്നു. കണ്ണിലെ കൃഷ്ണമണികള്‍ മാത്രമാണ് ചലിക്കുന്നത്. ശ്രദ്ധ പൂര്‍ണ്ണമായും എഴുത്തിലാണ്. പേന പേപ്പറില്‍ ഉരയുന്ന ശബ്ദത്തില്‍ നിന്നും എഴുതുന്നത് തിരിച്ചറിയാന്‍ കഴിയുമോ എന്നാലോചിച്ചു കൊണ്ട് നിധിന് കണ്ണുകള്‍ അടച്ചു.
മനസ്സില്‍ നിന്നും ആശയങ്ങള്‍ കൈകളിലൂടെ കടലാസില്‍ പിറവിയെടുക്കുന്നു. ഫോണില്‍ നിന്നും ശബ്ദം മറ്റൊരു ഫോണിലേക്ക് എത്തുന്ന പോലെ മനസ്സില്‍ നിന്നും ആശയങ്ങള്‍ കടലാസിലേക്ക് എത്തുന്നതിന്റെ സാങ്കേതിക വിദ്യ ഓര്‍ത്ത് നിധിന് അത്ഭുതം കൂറി.
എഴുത്ത് നിര്‍ത്തി അല്പനേരം പിന്നോട്ട് ചാരിയിരുന്ന് ടീച്ചറമ്മ കണ്ണുകള്‍ അടച്ചു. അതു വരെ എഴുതിയതെല്ലാം മനസ്സില്‍ സങ്കല്പിക്കുകയാവും എന്ന് നിധിക വിചാരിച്ചു.
രണ്ടു പേര്‍ക്കും എന്റെ പുതുവര്‍ഷാശംസകള്‍
ടീച്ചറമ്മക്കും ഞങ്ങളുടെ ഹാപ്പി ന്യൂയര്‍
രണ്ടു പേരും ഒന്നിച്ച് പറഞ്ഞു. ടീച്ചറമ്മയുടെ പുതു വര്‍ഷ സന്ദേശം കൂടി വേണം. സ്കൂള്‍ ഗ്രൂപ്പില്‍ മികച്ച പുതു വര്‍ഷ സന്ദേശത്തിന് സമ്മാനമുണ്ട്.
ശരി. ഞാന്‍ സന്ദേശം എഴുതാന്‍ സഹായിക്കാം. ആദ്യം നിങ്ങള്‍ തനിച്ച് തയ്യാറാക്കണം. പിന്നെ നമുക്കത് മെച്ചപ്പെടുത്താം. ആഗ്രഹങ്ങള്‍, സങ്കല്പങ്ങള്, പ്രത്യാശകള്‍ എല്ലാം പ്രതിഫലിക്കണം. എന്താ റെഡിയല്ലേ?
അല്പ നേരം രണ്ടു പേരും ഒന്നും പറഞ്ഞില്ല.
നമുക്ക് ഒന്നിച്ച് ശ്രമിക്കാം. അതിനല്ലേ നമ്മള് ഇവിടെ കൂടിയിരിക്കുന്നത്. ലോകം മുഴുവന്‍ സ്തംഭിച്ചു പോയ ഒരു വര്‍ഷമാണ് കടന്നു പോയത്. 2020ന്റെ മുക്കാല്‍ പങ്കും കോവിഡ് 19 നു മുന്നില്‍ പേടിച്ചു വിറച്ച് പതുങ്ങി ഒളിച്ചിരിക്കയായിരുന്നു.
വിമാനങ്ങള്‍ പറക്കാതായി, തീവണ്ടികള്‍ ഓടാതായി, കപ്പലുകള്‍ നീങ്ങാതായി, ജനങ്ങള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങാതായി, കടകളും വ്യവസായങ്ങളും അടഞ്ഞു കിടന്നു. സ്കൂളുകളും കോളേജുകളും തുറക്കാത്തതിനാല്‍ കുട്ടികള്‍ വീട്ടിലിരുന്ന് പഠിക്കാന്‍ നിര്‍ബന്ധിതരായി.
ലോകം സ്തംഭിച്ചപ്പോള്‍ ജീവിതവും സ്തംഭിച്ച നിരവധി പേരുണ്ട്. ജോലി ചെയ്താല്‍ മാത്രം വരുമാനം കിട്ടുന്നവര്‍, ജോലിയുമില്ല കൂലിയുമില്ലാതായവരുടെ കണ്ണീര് വീണ് കുതിര്‍ന്ന വര്‍ഷം. അടച്ചിട്ട ലോകം തുറന്നു തുടങ്ങുന്നതിനൊപ്പമാണ് മാനവരാശിക്കാകെ പ്രതീക്ഷയായി പുതുവര്‍ഷം കടന്നു വരുന്നത്. പ്രതീക്ഷയുടെ തിളക്കം കോവിഡിനെതിരെയുള്ള വാക്സിന്റെ വരവാണ്. നിരവധി പ്രശ്നങ്ങളെ അതിജീവിച്ച മാനവരാശി കോവിഡിനേയും അതിജീവിക്കുക തന്നെ ചെയ്യും.
ഈ ദുരിതകാലത്ത് നാം പഠിച്ച പാഠങ്ങള്‍ ഭാവിയിലേക്കുള്ള കൈമുതലാവട്ടെ എന്നാശിക്കാം. ലോകത്തെ എല്ലാ കുട്ടികള്‍ക്കും വാക്സിന് ലഭ്യമാവുമെന്ന് നമുക്ക് പ്രത്യാശിക്കാം. ലോകത്തിന്റെ ഭാവി കുട്ടികളിലാണെന്നതിനാല് കുട്ടികള്‍ക്കാണ് വാക്സിനേഷനില്‍ മുന്‍ഗണന നല്‍കേണ്ടത്. ലോകം അടച്ചതിന്റെ ദോഷ ഫലങ്ങള്‍ നിരവധിയാണെങ്കില് ചില ഗുണഫലങ്ങളും കാണാതിരുന്നു കൂടാ. മനുഷ്യ കേന്ദ്രീകൃത ലോകം എന്നതില്‍ നിന്നും മാറിചിന്തിച്ചാല്‍ മാത്രമേ ഇത് മനസ്സിലാക്കാന്‍ കഴിയൂ. പ്രകൃതി കുറച്ച് ശുദ്ധമായി. മലിനീകരണം കുറഞ്ഞു. മനുഷ്യനൊഴികെയുള്ള ജീവികള്‍ സ്വാതന്ത്ര്യത്തോടെ സഞ്ചരിച്ചു. ഈ ലോകം അവരുടേത് കൂടിയാണെന്ന് കുറെ കാലത്തിനു ശേഷം അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ടാവണം.
ഭൂമി ഭാവി തലമുറക്കു കൂടി ഉപകാരപ്പെടുന്ന തരത്തില്‍ നിലനില്‍ക്കേണ്ടതുണ്ട്. അതിനായി നമുക്ക് പരിശ്രമിക്കാം. പോഷക സമൃദ്ധമായ ഭക്ഷണം, പാര്‍പ്പിടം, വിദ്യാഭ്യാസം, സുരക്ഷിതത്വം എന്നിവയെല്ലാം എല്ലാ കുട്ടികള്‍ക്കും ലഭ്യമാവുന്ന ലോകം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
നിധികയും നിധിനും തയ്യാറാക്കിയ കുറിപ്പ് വായിച്ചുവല്ലോ. ഈ കുറിപ്പില്‍ ഇനിയും എന്തെല്ലാം കൂട്ടിച്ചേര്‍ക്കാം ശ്രമിച്ചു നോക്കു…

പി. രാധാകൃഷ്ണൻ ആലുവീട്ടിൽ