നിന്നെ സ്നേഹിച്ചു ഞങ്ങള്‍…

ഇന്നും മഴയുണ്ടായിരുന്നു.
ആരോടോ പിണങ്ങിപ്പിരിയുന്നതിന്‍ അപാരമായ വേദന ഉള്ളിലൊതുക്കുംപോലെ പെയ്തുനിന്ന രാത്രിമഴ.
ഒടുവില്‍ മഴയുടെ കൈപ്പാടുകള്‍ മാത്രം എവിടെയൊക്കെയോ കോറിയിട്ട് അതെങ്ങോ കടന്നുപോയി.
പിന്നെയും പറയാനുണ്ടായിരുന്നത് എന്തായിരിക്കാം?
അതെ അത് തന്നെയാവും
“സമാന ഹൃദയ നിനക്കായ് പാടുന്നേന്‍”
എന്നല്ലാതെ മറ്റെന്ത്.
മണ്ണിനെയും മനസ്സിനെയും അതിന്റെ ഉണ്മയില്‍ തൊടാന്‍ ചിലര്‍ക്കെ കഴിയൂ.
സ്വയം നട്ടുവച്ച് മുളപ്പിച്ചെടുത്ത് വിളവായി പൊലിയുക എന്ന വൃക്ഷ ദൗത്യം.
അതായിരുന്നു സുഗതകുമാരി എന്ന സുകൃതഹൃദയത്തിന്റെയും കടമ.
മനസ്സിന്റെ തീരയമുനയിലാണ് അവ എഴുതപ്പെട്ടത്.
കൃഷ്ണവനത്തിന്റെ ഹൃദയത്തില്‍ അടവച്ച് വിരിയിച്ചെടുത്ത കിളിമുട്ടകൾ കിളികളായി പാറുന്നതിനു കാവലിരുന്ന വനഗായിക.

“ഇല്ലിനി ഞാന്‍ നോവിക്കില്ല
നിന്നെ ഞാന്‍ പൂവേ വന്നെന്‍
ചില്ലയിലൊരു വട്ടം
കൂടി നീ വിടർന്നാലും”

എന്ന് നിര്‍ത്താതെ മന്ത്രിച്ചു കൊണ്ടിരുന്നു.ധീരമായി പിന്നെയും പിന്നെയും പാടിക്കൊണ്ടിരുന്നു.
സത്യത്തെയും ആര്‍ദ്രതയെയും പ്രണയത്തെയും കുറിച്ച് ആവുന്നത്ര ഉച്ചത്തില്‍ പാടി.
നിരാലംബതയുടെ ആഴങ്ങളില്‍ പതിക്കുമോ എന്ന് ആസ്വാദകര്‍ ഉള്ളുരുകുമ്പോഴേക്കും

“എങ്കിലും, ഇന്നും ജീവിതമേ ഞാന്‍
സ്നേഹിക്കുന്നു നിന്നെ”

എന്ന് പുതിയ പ്രകാശം വരികയായി.
അഭയയുടെ ജീവല്‍ രഹസ്യവും ആ അതിജീവന മന്ത്രമാണ്.
അഭയയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്ന അഭയ ബാലയിലെ തന്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങളെ ചേര്‍ത്ത് പിടിച്ചു കൊണ്ടാകാം ടീച്ചര്‍ ഇങ്ങനെ എഴുതിയത്.

“നെറ്റിയില്‍ ചന്ദനപ്പൊട്ടുമായി
മുറ്റത്തു നില്‍ക്കുന്ന കൊച്ചു പൂവേ
നിന്നെ ഞാന്‍ നോവാതെ തൊട്ടിടട്ടെ
നിന്മുഖമൊന്നു ഞാന്‍ കണ്ടിടട്ടെ”

പ്രകൃതിയുടെ മടിത്തട്ടില്‍ എത്ര വിശ്രമിച്ചാലും മതിവരാത്ത ആ കവി നശ്വരങ്ങളോട് പ്രതിപത്തി കാട്ടിയിരുന്നില്ല.
എക്കാലവും എല്ലാവര്‍ക്കുമായി പ്രകൃതി മാതാവ് ഉണ്ടാകണമെന്ന് മാത്രമായിരുന്നു ആ മൃദു സ്വനം ആഗ്രഹിച്ചത്‌.

“വിണ്ണിന്റെ കനിവായി മരം വേണം
മണ്ണിന്റെ കനിവായി മരം വേണം
കണ്ണിന്നു കുളിരായി മരം വേണം
ഞങ്ങള്‍ക്ക് തുണയായി മരം വേണം”

യന്ത്ര സംസ്‌കൃതി തെല്ലു കുറുമ്പോടെ സ്വീകരിച്ച ഈ വരികളിലെ സന്ദേശം ഇന്ന് ലോകത്തിന്റെ മുദ്രാഗീതമായി മാറിക്കഴിഞ്ഞു.
ജീവിതത്തിന്റെ ഗഹനതയെക്കുറിച്ച് പാടാനും പെണ്‍കുഞ്ഞുങ്ങളുടെ ദുഃഖത്തില്‍ കരളുപൊട്ടി കേഴുവാനുമുള്ള കാവ്യ പൂര്‍ണ്ണതയായിരുന്നു എന്നും കവി ആഗ്രഹിച്ചത്‌.
പാരമ്പര്യത്തെ പിന്തുടരുകയും പുതുക്കുകയും ചെയ്യുന്ന കാവ്യ രചനാരീതി മലയാള കവിതയുടെ മുത്തുച്ചിപ്പിയായി മാറി പ്രകാശം പൊഴിക്കുന്നു.
നയാഗ്ര കണ്ടു കരം കൂപ്പിയ ആ കവിത അമാവാസിയിലും സൈലന്റ് വാലിയിലും ഹൃദയം ചേര്‍ത്ത് നിലാവിന് മണമുണ്ട് എന്നുറക്കെപ്പാടി.
നീലിച്ച പൂക്കളും ചുകന്ന പൂക്കളും മിന്നി നില്‍ക്കുന്ന കാവ്യകാനനത്തിന്റെ ഇടമുറിയാത്ത സംഗീതമാകണം നമുക്ക്.
അതാണ്‌ പ്രിയപ്പെട്ട കവിയമ്മയ്ക്കുള്ള നിത്യസാന്ത്വനം.

ബിന്ദു വി എസ്

0 Comments

Leave a Comment

FOLLOW US