ന്ത്യയിൽ നിന്നും ഗവേഷണാർത്ഥം വിദേശരാജ്യങ്ങളിലേക്ക് ചേക്കേറിയ ധാരാളം ശാസ്ത്രജ്ഞരെ നമുക്കറിയാം. എന്നാൽ വിദേശത്തു നിന്നും ഇന്ത്യയിലേക്ക് വരികയും ഇന്ത്യൻ പൗരത്വമെടുക്കുകയും മരണം വരെ ഇവിടെ തുടരുകയും വിസ്മയ നേട്ടങ്ങൾ കൈയെത്തിപ്പിടിക്കുകയും ചെയ്ത ഒരു ശാസ്ത്രജ്ഞന്റെ ചരമവാർഷിക ദിനമായിരുന്നു ഡിസംബർ 1 ന്. ബ്രിട്ടനിൽ നിന്നും ഇന്ത്യയിലേക്കെത്തിയ, പ്രശസ്ത ജനിതക ശാസ്ത്രജ്ഞനും പരിണാമ ജൈവശാസ്ത്രജ്ഞനുമായ ആ വ്യക്തി ആരാണെന്നോ? ജെ.ബി.എസ്. ഹാൽഡേൻ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ജോൺ ബർഡൻ സാൻഡേർസൺ ഹാൽഡേൻ തന്നെ.

1892 നവംബർ 5 ന് ഓക്സ്ഫഡിൽ ഡോക്റ്റർ ആയിരുന്ന ജോൺ സ്കോട്ട് ഹാൽഡേന്റെയും ലൂസിയ കാതലീന്റെയും മകനായി ജനിച്ച ഹാൽഡേൻ കുട്ടിക്കാലം തൊട്ടേ ശാസ്ത്രത്തെ സ്നേഹിച്ചു തുടങ്ങി. ഏറ്റൺ കോളേജ്, ന്യൂ കോളേജ്, ഓക്സ്ഫഡ് എന്നിവിടങ്ങളിലെ പഠനത്തിനു ശേഷം കേംബ്രിജ് സർവ്വകലാശാലയിലും കാലിഫോർണിയ സർവ്വകലാശാല ബെർക്കിലിയിലും ലണ്ടൻ സർവ്വകലാശാലയിലുമൊക്കെ അദ്ധ്യാപകനായി പ്രവർത്തിച്ചു. ഒപ്പം ഗവേഷണവും തുടർന്നു. ജനിതക ശാസ്ത്രത്തെയും ഗണിതശാസ്ത്രത്തെയും കൂട്ടിയിണക്കിക്കൊണ്ട് വിസ്മയ നേട്ടങ്ങൾ സാദ്ധ്യമാക്കാമെന്ന് അദ്ദേഹം തെളിയിച്ചു. എൻസൈം രാസഗതികവുമായി ബന്ധപ്പെട്ട് ബ്രിഗ്ഗ്സ് എന്ന ശാസ്ത്രജ്ഞനുമായിച്ചേർന്ന് ഹാൽഡേൻ ആവിഷ്ക്കരിച്ച ബ്രിഗ്ഗ്സ്-ഹാൽഡേൻ സമവാക്യം ലോകപ്രശസ്തമാണ്. ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തങ്ങളും ഗ്രിഗർ മെൻഡലിന്റെ പാരമ്പര്യശാസ്ത്ര സിദ്ധാന്തങ്ങളും ഗണിതത്തിന്റെ പിൻബലത്തോടെ വ്യക്തമായി വിശദീകരിക്കാൻ ഹാൽഡേനു സാധിച്ചു.

മനുഷ്യരിലെ ജനിതക ഉല്പരിവർത്തനങ്ങൾ, ഹീമോഫീലിയ, വർണ്ണാന്ധത തുടങ്ങിയ രോഗങ്ങൾക്കു പിന്നിലെ ജനിതക രഹസ്യങ്ങൾ എന്നിവ സംബന്ധിച്ച് അദ്ദേഹം നടത്തിയ പഠനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. നവഡാർവിനിസവുമായി ബന്ധപ്പെട്ട ആശയങ്ങൾ പ്രചരിപ്പിക്കുന്നതിലും ഹാൽഡേൻ പ്രധാന പങ്കുവഹിച്ചു. ജനസംഖ്യാ ജനിതക ശാസ്ത്രത്തിന്റെ ആവിർഭാവത്തിൽ മുഖ്യ പങ്കുവഹിച്ച ശാസ്ത്രജ്ഞൻ കൂടിയാണ് ഹാൽഡേൻ. പല അപകടം പിടിച്ച പരീക്ഷണങ്ങളും സ്വന്തം ശരീരത്തിൽ തന്നെയാണ് അദ്ദേഹം നടത്തിയിരുന്നത്! രണ്ടാം ലോകമഹായുദ്ധകാലത്ത് ബോംബാക്രമണത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കാനുള്ള കൂടാരമുണ്ടാക്കാനുള്ള പദാർത്ഥങ്ങൾ പരീക്ഷിക്കുന്നതിനിടെ അദ്ദേഹത്തിന്റെ ചെവിയിലെ ഡയഫ്രം പൊട്ടിപ്പോവുക വരെ ചെയ്തു.

കമ്യൂണിസ്റ്റ് അനുഭാവിയായിരുന്ന ഹാൽഡേൻ ഡെയ്‌ലി വർക്കർ പത്രത്തിനു വേണ്ടി നിരവധി ലേഖനങ്ങളെഴുതി. ശാസ്ത്രപ്രചാരണത്തിൽ വലിയ പങ്കു വഹിച്ചു. എന്നാൽ സൂയസ് കനാൽ വിഷയത്തിൽ ബ്രിട്ടന്റെ നിലപാട് ഹാൽഡേനെ ചൊടിപ്പിച്ചു. ബ്രിട്ടന്റെ അന്താരാഷ്ട്ര നയങ്ങളിൽ പ്രതിഷേധിച്ച് 1957-ൽ അദ്ദേഹം ഇന്ത്യയിലേക്ക് കുടിയേറുകയും പിന്നീട് ഇന്ത്യൻ പൗരത്വമെടുക്കുകയും ചെയ്തു. കൊൽക്കത്തയിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവർത്തനം ആരംഭിച്ച ഹാൽഡേൻ പിന്നീട് അന്നവിടുത്തെ ഡയറക്റ്റർ ആയിരുന്ന പി.സി.മഹലാനോബിസുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് ഭുവനേശ്വറിലെ ബയോമെട്രി ലാബിലേക്കു മാറി. തദ്ദേശീയമായി ലഭിക്കുന്ന വിഭവങ്ങളും സൗകര്യങ്ങളും പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ഗവേഷണരീതിയെ ഹാൽഡേൻ എന്നും പ്രോൽസാഹിപ്പിച്ചിരുന്നു. ഒപ്പം ശാസ്ത്രസാഹിത്യം പ്രചരിപ്പിക്കാനും മുന്നിട്ടിറങ്ങി. പരിണാമം, ജനിതകശാസ്ത്രം എന്നിവയുമായി ബന്ധപ്പെട്ട നിരവധി പുസ്തകങ്ങളും ഗവേഷണ പ്രബന്ധങ്ങളും ശാസ്ത്ര കഥകളും അദ്ദേഹത്തിന്റേതായിട്ടുണ്ട്. 1963-ൽ തന്നെ മനുഷ്യ ക്ലോണിങ്ങിന്റെ സാദ്ധ്യതകളെക്കുറിച്ച് ഹാൽഡേൻ സംസാരിച്ചിരുന്നു! ഡാർവിൻ-വാലസ്സ് മെഡൽ, ഹക്സ്‌ലി മെഡൽ, യുനസ്കോയുടെ കലിംഗ പുരസ്ക്കാരം തുടങ്ങിയ ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തുകയും ചെയ്തു.

അവസാന നാളുകളിൽ ഹാൽഡേൻ അർബ്ബുദ രോഗബാധിതനായെങ്കിലും ധൈര്യത്തോടെ തന്നെ അദ്ദേഹം രോഗത്തെ നേരിട്ടു. എങ്കിലും രോഗം അദ്ദേഹത്തിന്റെ ശരീരത്തെ കാർന്നുതിന്നുകൊണ്ടിരുന്നു. 1964 ഡിസംബർ 1-ന് ബഹുമുഖ പ്രതിഭയായ ആ ശാസ്ത്രജ്ഞൻ അന്തരിച്ചു. ഇന്ത്യയിലേക്ക് വന്ന്, ഇന്ത്യയെ സ്നേഹിച്ച ആ പ്രതിഭ തന്റെ ഭൗതിക ശരീരം കാക്കിനഡയിലെ രംഗരയ്യ മെഡിക്കൽ കോളേജിന് വൈദ്യശാസ്ത്ര പഠനത്തിനായി നൽകണമെന്ന് തന്റെ വിൽപ്പത്രത്തിൽ എഴുതി വച്ചിരുന്നു.

സീമ ശ്രീലയം അധ്യാപിക, ശാസ്ത്ര എഴുത്തുകാരി

0 Comments

Leave a Comment

FOLLOW US