ഗായകനും ചെടിയും

വിദർഭ എന്ന രാജ്യം ഭരിച്ചിരുന്ന രുദ്രവർമൻ മഹാ ശുണ്ഠിക്കാരനാണ്. ഒരു ദിവസം രാജഭടന്മാർ തെരുവിൽ നിന്ന് ഒരാളെ പിടികൂടി കൊട്ടാരത്തിൽ കൊണ്ടുവന്നു.
‘പ്രഭോ, തെരുവുഗായകന്റെ വേഷത്തിൽ അലഞ്ഞു നടക്കുന്ന ഇയാൾ ശത്രുരാജ്യത്തിൽ നിന്നുള്ള ചാരനാണെന്ന് തോന്നുന്നു.’
ഭടന്മാരിൽ ഒരാൾ പറഞ്ഞു.
‘ഹും. ഇയാളെ എത്രയും പെട്ടെന്ന് തുറുങ്കിലടയ്ക്കൂ.’
ഉടൻ വന്നു രുദ്ര വർമന്റെ കല്പന. തെരുവ് ഗായകൻ എന്തോ പറയാനായി വാ തുറന്നു. പക്ഷേ സംസാരിക്കാൻ അനുവദിക്കാതെ ഭടന്മാർ അയാളെ തടവറയിലേക്ക് കൊണ്ടുപോയി. മന്ത്രിയായ സോമദത്തൻ ഇതൊക്കെ കാണുന്നുണ്ടായിരുന്നു. പിറ്റേന്ന് രാജാവിനോടൊപ്പം പൂന്തോട്ടത്തിൽ ഉലാത്തുകയായിരുന്നു മന്ത്രി. പൂത്തുലഞ്ഞ് നില്ക്കുന്ന ഭംഗിയുള്ള പൂച്ചെടികളുടെ ഇടയിൽ ഉണങ്ങി തുടങ്ങിയ ഒരു ചെടി നില്ക്കുന്നത് അപ്പോഴാണ് രാജാവിന്റെ കണ്ണിൽപ്പെട്ടത്. ഉടനെ തോട്ടക്കാരനെ വിളിച്ച് രാജാവ് പറഞ്ഞു:
‘ഹും, ഈ പാഴ്ചെടി ഉടൻ പിഴുതു നീക്കൂ…’
അപ്പോൾ തോട്ടക്കാരൻ, രാജാവിനെ തൊഴുതിട്ട് ഇങ്ങനെ പറഞ്ഞു:
‘പ്രഭോ, ഉണങ്ങിത്തുടങ്ങിയ ഈ പാവം ചെടിയെ നന്നാക്കിയെടുക്കാനുള്ള ശ്രമത്തിലാണ് ഞാൻ. എനിക്ക് ഒരു അവസരം കൂടി തരണേ! അടുത്ത വസന്തത്തിൽ ഈ ചെടി പൂക്കുമെന്നു തന്നെയാണ് എന്റെ പ്രതീക്ഷ!’
ഭാഗ്യത്തിന് ഈ മറുപടി രാജാവിന് തൃപ്തികരമായി തോന്നി.
‘ശരി, ഒരവസരം കൂടി !’ ഇങ്ങനെ പറഞ്ഞിട്ട് രാജാവ് മുന്നോട്ട് നടന്നു.
‘അതിശയം തന്നെ. എന്നേക്കാൾ എത്രയോ ധീരനാണ് നമ്മുടെ തോട്ടക്കാരൻ!’ മന്ത്രി തന്നോട് തന്നെയെന്നപോലെ ഉറക്കെ പറഞ്ഞു. അതുകേട്ട് ചോദ്യഭാവത്തിൽ രാജാവ് മന്ത്രിയെ നോക്കി. അപ്പോൾ മന്ത്രി തുടർന്നു.
‘ഇന്നലെ ആ തെരുവ് ഗായകനെ അങ്ങ് ശിക്ഷിച്ചത് അന്യായമാണെന്ന് എനിക്ക് തോന്നിയിരുന്നു. എന്നാൽ അങ്ങയുടെ കോപം ഭയന്ന് ഞാനക്കാര്യം തുറന്നു പറഞ്ഞില്ല. എന്നാലിപ്പോൾ ആ തോട്ടക്കാരനാവട്ടെ, ചെടിയെ രക്ഷിക്കാനായി തനിക്ക് പറയാനുള്ളത് തുറന്നു പറഞ്ഞു!.’
മന്ത്രിയുടെ വാക്കുകൾ കുറിക്ക് കൊണ്ടു. കഴിഞ്ഞ ദിവസം തുറുങ്കിൽ അടയ്ക്കപ്പെട്ട ആൾ ചാരനല്ലെന്ന് വിശദമായി അന്വേഷിച്ചപ്പോൾ രാജാവിന് ബോധ്യമായി. അയാൾ അസാമാന്യ കഴിവുകളുള്ള ഒരു ഗായകനാണെന്നും.
മുമ്പ് ഉണങ്ങാൻ തുടങ്ങിയിരുന്ന ചെടി അടുത്ത വസന്തകാലമെത്തിയപ്പോഴേക്കും നിറയെ പൂത്തുലഞ്ഞു നിന്നു. പുതിയ ആസ്ഥാന ഗായകനായി നിയമിതനായ പഴയ തെരുവ് ഗായകന്റെ മധുരഗാനം കൊട്ടാരത്തിൽ നിന്ന് ഒഴുകിയൊഴുകി വന്നു…

(സുഭാഷ് ചന്ദ്രന്റെ ഗോലിയും വളപ്പൊട്ടും എന്ന ബാലസാഹിത്യ കഥാസമാഹാരത്തിൽ നിന്ന്)

0 Comments

Leave a Comment

FOLLOW US