കവിത രചിച്ചു പഠിക്കാം – കവിയാകാന്‍ എന്തു വേണം?

(കേൾക്കുവാനായി താഴെ ക്ലിക്ക് ചെയ്യുക)

 

കാവ്യക്കളരിയില്‍ ഒരു കുട്ടി ചോദിക്കുന്നു.
കവിയാകാന്‍ എന്തു ചെയ്യണം.
കവിയാകാന്‍ കവിത എഴുതണം.
നല്ല നല്ല കവിതയെഴുതുമ്പോള്‍ മികച്ച കവിയായി അംഗീകരിക്കപ്പെടും.
മികച്ച കവിത എഴുതാനുള്ള കുറേ പാഠങ്ങള്‍ നാം പഠിച്ചു. എങ്കിലും മികച്ച കവിയുടെ സവിശേഷതകള്‍ കൂടി അതിനോടു ചേര്‍ത്തു വെക്കണം.
ന: ഋഷി കവി.
ഋഷിയല്ലാത്തവന്‍ കവിയല്ല. എല്ലാവരും എപ്പോഴും പറയുന്നതാണ്.
ഋഷിയെന്നാല്‍ മുനി, സന്യാസി.
ഋഷിമാര്‍ക്ക് പ്രവചനശക്തിയുണ്ട് എന്ന് വിശ്വാസം. കവി വരാന്‍ പോകുന്ന കാര്യങ്ങളെ നേരത്തെ കാണുന്നു. വിളംബരം ചെയ്യുന്നു.
രാമായണവും മഹാഭാരതവും കാളിദാസ കൃതികളും നിത്യനൂതനമാണെന്നു പറയാറുണ്ട്. അതിനു കാരണം, നൂറ്റാണ്ടുകള്‍ക്കു മുമ്പ് അവര്‍ കണ്ട കാര്യം ഇന്നും പ്രസക്തമാണ്. കാലഹരണപ്പെടാത്ത മൂല്യങ്ങളെ അതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
അഥവാ ഇന്നു നടക്കുന്ന കാര്യങ്ങളെ വളരെ പണ്ടു തന്നെ അവര്‍ കണ്ടെത്തിയിരുന്നു എന്നു സാരം.
മറ്റാരും കാണാത്ത കാര്യങ്ങളെ കാണാന്‍ കഴിവുള്ളവനാണു കവി. സാധാരണ മനുഷ്യര്‍ കാണാത്തത് കണ്ടെടുക്കുക എന്നത് പ്രധാനമാണ്.
വീണു കിടക്കുന്ന ഒരു പൂവില്‍ മനുഷ്യ ജീവിതമാണ് കുമാരനാശാന്‍ കണ്ടെത്തിയത്.

ഹാ പുഷ്പമേ
അധിക തുംഗപദത്തില്‍
എന്നു തുടങ്ങി ആശാന്‍റെ കാവ്യഭാവന വീണപൂവ് എന്ന ഖണ്ഡകാവ്യമായി വാര്‍ന്നു വീണു.
മറഞ്ഞിരിക്കുന്നതിനെ ദര്‍ശിക്കുകയും അതിനെ ജീവിത ഗന്ധിയാക്കുകയുമാണ് കവി. നിര്‍ജീവമായ വസ്തുവിന് ജീവന്‍ നല്‍കാനും അതിനോടു സംസാരിക്കുവാനും കവിക്കു കഴിയും. സോപ്പും അലക്കുകല്ലും അമ്മിയും ഉറിയും ഉരലും ചെണ്ടയുമെല്ലാം കവിയുടെ കൈയില്‍ എത്തുമ്പോള്‍ ജീവനുള്ളതായി മാറുന്നു. ചിലപ്പോള്‍ പ്രതീകാത്മകമായി ഇവയെല്ലാം മാറുന്നതു കാണാം.

ഒരു നല്ല ശില്പി ഒരു കരിങ്കല്ലു കാണുമ്പോള്‍ അതില്‍ ഒരു ശില്പത്തെ കാണുന്നു. ശില്പമല്ലാത്ത ഭാഗങ്ങളെ കൊത്തി മാററുക മാത്രമേ അയാള്‍ക്ക് ചെയ്യേണ്ടതുള്ളു. അതുപോലെ ഒരു നല്ല കവിക്ക് എന്തിലും ഏതിലും കവിത കാണാന്‍ കഴിയുന്നു.
ഇതിനു വേണ്ടതു പ്രതിഭയാണ്.
പുതിയതു പുതിയതു കാണാനുള്ള ബുദ്ധിയാണ് പ്രതിഭ.
പ്രതിഭയുള്ളവന്‍ കവി. പ്രതിഭയോടൊപ്പം വേണ്ട രണ്ടു കാര്യങ്ങളെക്കുറിച്ച് പണ്ടുള്ളവര്‍ പറഞ്ഞിട്ടുണ്ട്. അതില്‍ ഒന്ന് വ്യുല്‍പ്പത്തി അഥവാ പാണ്ഡിത്യമാണ്. അറിവ് ഏതു കാര്യത്തിനും പ്രധാനമാണല്ലോ.
കവിത എഴുതുന്ന വിഷയത്തെക്കുറിച്ചും കവിത എഴുതുന്ന രീതിയെക്കുറിച്ചും അറിവു വേണം. പണ്ടുള്ളവര്‍ എഴുതിയതിന്‍റെ മികവ് വായിച്ചു പഠിക്കണം.
മറ്റൊരു പ്രധാനപ്പെട്ട കാര്യം അഭ്യാസമാണ്. ശിക്ഷണത്തിന്‍റെ ഗുണം എന്തിലും ഏതിലും പകരം വയ്ക്കാന്‍ പറ്റാത്തതാണ്. Practice make a man perfect എന്നത് കവിക്കും കണ്‍കണ്ട ഔഷധമാണ്. പരിശീലനം ഒരാളെ പരിപൂര്‍ണനാക്കും.

വാക്കുകളെ ഉപാസിക്കുന്നവനാണ് കവി. ധ്യാനിച്ച് ധ്യാനിച്ച് വാക്കുകളെ പ്രത്യക്ഷപ്പെടുത്തേണ്ട സന്ദര്‍ഭങ്ങള്‍ ചിലപ്പോള്‍ ഉണ്ടാകാറുണ്ട്. അതുകൊണ്ടാണ്
വാരിധിതന്നില്‍ തിരമാലകളെന്ന പോലെ
ഭാരതീ പദാവലി തോന്നണം കാലേ കാലേ
എന്ന് എഴുത്തച്ഛന്‍ പോലും പ്രാര്‍ത്ഥിച്ചത്. കൃത്യമായ വാക്ക് ഉചിതമായ സ്ഥാനത്ത് ചേര്‍ക്കാന്‍ കഴിയുക എന്നതാണ് കവിക്കു കിട്ടേണ്ട വരം. വാക്കുകളുടെ വിന്യാസം പരമപ്രധാനമാണല്ലോ കവിതയില്‍. ആശയം, ബിംബം, ശബ്ദം, താളം തുടങ്ങിയ കാര്യങ്ങളിലും അറിവും പരിശീലനവും പ്രതിഭയും ഒത്തിണങ്ങുമ്പോള്‍ കവി കൂടുതല്‍ ഉയരങ്ങളിലെത്തുന്നു.

കവിയാകാന്‍ എന്തു വേണമെന്ന് കുഞ്ഞുണ്ണി മാഷോടു ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് വാസന വേണമെന്നാണ്. ജന്മസിദ്ധമായ സവിശേഷതയാണല്ലോ വാസന. ഏതു കഴിവും ആര്‍ജിക്കാന്‍ അഭ്യാസം മതിയെന്ന് വിശ്വസിക്കുന്ന മഹാന്മാരുമുണ്ട്. നമുക്ക് രണ്ടിനേയും പരീക്ഷിച്ചറിയാം. സത്യം കണ്ടെത്തുന്നതിന് ഏറ്റവും നല്ല മാര്‍ഗം പരീക്ഷണങ്ങളാണെന്ന് മഹാത്മാ ഗാന്ധി പണ്ടേ പറഞ്ഞിട്ടുണ്ടല്ലോ.

എടപ്പാൾ സി.സുബ്രഹ്മണ്യൻ

0 Comments

Leave a Comment

FOLLOW US