പ്രകൃതിവാതകത്തിന്‍റെ രസതന്ത്രം

ഗെയ്ല്‍ പൈപ്പ് ലൈന്‍, എല്‍.എന്‍.ജി എന്നിവയൊക്കെ വാര്‍ത്തകളില്‍ നിറയാന്‍ തുടങ്ങിയിട്ടു നാളേറെയായല്ലോ. ഇപ്പോള്‍ കൊച്ചി മുതല്‍ മംഗലാപുരം വരെ നീളുന്ന ഗെയ്ല്‍ പൈപ്പ് ലൈന്‍ കമ്മീഷന്‍ ചെയ്തു കഴിഞ്ഞു. ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്‍റെ ചുരുക്കപ്പേരാണ് ഗെയ്ല്‍. എല്‍.എന്‍.ജി എന്നു പറഞ്ഞാലോ? ലിക്വിഫൈഡ് നാച്ചുറല്‍ ഗ്യാസ് എന്നത്തിന്‍റെ ചുരുക്കമാണ് എല്‍.എന്‍.ജി. എന്നുവച്ചാല്‍ ദ്രവീകൃത പ്രകൃതിവാതകം. പ്രകൃതിവാതക പൈപ്പ്ലൈന്‍ കടന്നുപോവുന്ന പ്രദേശങ്ങളില്‍ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും വ്യവസായ ശാലകള്‍ക്കുമൊക്കെ ചെലവു കുറഞ്ഞ ഇന്ധനം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാവാന്‍ പോവുകയാണ്.

എന്താണീ പ്രകൃതിവാതകത്തിന്‍റെ രസതന്ത്രം എന്നാണോ? പെട്രോളിയം, കല്‍ക്കരി, പ്രകൃതിവാതകം എന്നിവ ഫോസില്‍ ഇന്ധനങ്ങള്‍ എന്നാണല്ലോ അറിയപ്പെടുന്നത്. ഭൂമിക്കടിയില്‍ പെട്രോളിയം നിക്ഷേപങ്ങളോടു ചേര്‍ന്നാണ് പൊതുവെ പ്രകൃതിവാതക നിക്ഷേപങ്ങള്‍ കാണപ്പെടുന്നത്. പ്രകൃതിവാതകത്തിലെ പ്രധാന ഘടകം ഏതെന്നറിയാമോ? മീതെയ്ന്‍ എന്ന വാതകമാണത്. മീതെയ്ന്‍ വാതകത്തെ അനുകൂല മര്‍ദ്ദത്തിലും താപനിലയിലും ദ്രവീകരിച്ചാണ് എല്‍.എന്‍.ജി നിര്‍മ്മിക്കുന്നത്. ഫോസില്‍ ഇന്ധനങ്ങളുടെ കൂട്ടത്തിലെ ഹരിത ഇന്ധനം എന്നാണ് എല്‍.എന്‍.ജി യെ വിശേഷിപ്പിക്കുന്നത്.

ഇതിനു കാരണമെന്തെന്നോ? ആഗോളതാപനത്തിന് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ കാരണമായിക്കൊണ്ടിരിക്കുന്നത് കാര്‍ബണ്‍ ഡൈ ഓക്സൈഡ് എന്ന ഹരിതഗൃഹ വാതകമാണെന്ന് അറിയാമല്ലോ. ഭൗമാന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‍റെ അളവ് കഴിഞ്ഞ എട്ടു ലക്ഷം വര്‍ഷങ്ങളിലെ ഉയര്‍ന്ന തോതില്‍ എത്തിക്കഴിഞ്ഞിരിക്കുന്നു. ഫോസില്‍ ഇന്ധനങ്ങളുടെ ജ്വലനമാണ് അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‍റെ തോത് ഉയരാനുള്ള ഒരു പ്രധാന കാരണം.

ഫോസില്‍ ഇന്ധനങ്ങള്‍ ജ്വലിക്കുമ്പോള്‍ പുറന്തള്ളപ്പെടുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‍റെ അളവ് താരതമ്യം ചെയ്യുകയാണെങ്കില്‍ അക്കൂട്ടത്തില്‍ ഏറ്റവും കുറവ് കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറന്തള്ളുന്നത് എല്‍.എന്‍.ജി യാണ്. ഉദാഹരണത്തിന് ഒരു ഗ്രാം ബ്യൂട്ടെയ്ന്‍ ജ്വലിക്കുമ്പോള്‍ പുറത്തുവരുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‍റെ അളവ് 3.3 ഗ്രാം ആണ്. അതേ സമയം ഒരു ഗ്രാം മീതെയ്ന്‍ ജ്വലിക്കുമ്പോള്‍ പുറത്തുവിടുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‍റെ അളവ് 2.75 ഗ്രാം മാത്രമാണ്.

എല്‍.എന്‍.ജി യെ ദ്രാവകരൂപത്തിലാക്കി മാറ്റുന്നത് എന്തിനാണെന്നോ? ഇത് സംഭരിച്ചു വയ്ക്കാനും വിദൂര സ്ഥലങ്ങളിലേക്ക് വിതരണം ചെയ്യാനും ഉള്ള സൗകര്യാര്‍ത്ഥമാണ് ഇങ്ങനെ ചെയ്യുന്നത്. -162 ഡിഗ്രി സെല്‍ഷ്യസ് താപനിലയിലാണ് എല്‍.എന്‍.ജി സംഭരണ ടാങ്കുകളില്‍ സൂക്ഷിച്ചു വയ്ക്കുന്നത്. എല്‍.എന്‍.ജി പൈപ്പ് ലൈന്‍ നിര്‍മ്മാണ സമയത്ത് ഇത് എന്തോ വലിയ അപകടമുണ്ടാക്കുന്ന രാസവസ്തുവാണെന്ന തരത്തിലുള്ള വാര്‍ത്തയൊക്കെ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് എത്ര മാത്രം ശരിയാണ്?

യഥാര്‍ത്ഥത്തില്‍ ഏറെ സുരക്ഷിതമായ ഒരു ഇന്ധനമാണ് എല്‍.എന്‍.ജി. ദ്രാവകരൂപത്തില്‍ ഇതിനു തീപിടിക്കുന്ന സ്വഭാവമില്ല. പ്രത്യേക മണമോ നിറമോ വിഷസ്വഭാവമോ നശീകരണ ശേഷിയോ ഇല്ലാത്ത ഒരു രാസവസ്തുവാണിത്. ഇനി വാതക രൂപത്തിലാണെങ്കിലോ? എല്‍.എന്‍.ജി യുടെ സാന്ദ്രത വായുവിനെക്കാള്‍ കുറവാണ്. അതുകൊണ്ടു തന്നെ എന്തെങ്കിലും കാരണവശാല്‍ ചോര്‍ച്ചയുണ്ടായി വാതകം പുറത്തു വന്നാല്‍പ്പോലും അത് അവിടെ തളംകെട്ടി നില്‍ക്കാതെ അന്തരീക്ഷത്തില്‍ പെട്ടെന്നു വ്യാപിച്ചു പോവും. അതുകൊണ്ടു തന്നെ അതവിടെ നിന്നു കത്തി വലിയ അപകടമുണ്ടാവാനുള്ള സാദ്ധ്യത വളരെക്കുറവാണ്. കൂടാതെ നിരന്തരമായ നിരീക്ഷണസംവിധാനവും തകരാറുകള്‍ അതാത് സമയത്ത് തിരിച്ചറിഞ്ഞ് പരിഹരിക്കാനുള്ള സാങ്കേതികസംവിധാനങ്ങളുമൊക്കെ ഇന്ന് നിലവിലുണ്ടു താനും.

എല്‍.എന്‍.ജി യെ ഒരു വാതകബോംബ് എന്നൊക്കെ വിശേഷിപ്പിച്ച് പലരും അനാവശ്യമായ ഭീതി വിതയ്ക്കാറുണ്ട്. നമ്മുടെ വീടുകളില്‍ പാചകവാതകമായി ഉപയോഗിക്കുന്ന എല്‍.പി.ജി യെ (ദ്രവീകൃത പെട്രോളിയം വാതകം) ആണ് പ്രകൃതിവാതകത്തെക്കാള്‍ പേടിക്കേണ്ടത് എന്നു പറയേണ്ടി വരും. ബ്യൂട്ടെയ്ന്‍ ആണ് എല്‍.പി.ജി യിലെ പ്രധാന ഘടകം. ചെറിയ തോതില്‍ പ്രൊപ്പെയ്നും അടങ്ങിയിട്ടുണ്ട്. എല്‍.പി.ജിയുടെ സാന്ദ്രതയാവട്ടെ വായുവിനെക്കാള്‍ കൂടുതലും. അപ്പോള്‍ എല്‍.പി.ജി ചോര്‍ച്ചയുണ്ടായാല്‍ അത് സമീപ അന്തരീക്ഷത്തില്‍ തളം കെട്ടി നിന്ന് വലിയ അഗ്നിബാധയ്ക്കു കാരണമാവും. അതുകൊണ്ടു തന്നെ എല്‍.പി.ജി നേരിയ തോതില്‍ ചോര്‍ന്നാല്‍പ്പോലും അത് പെട്ടെന്ന് തിരിച്ചറിയാന്‍ വേണ്ടി അതില്‍ രൂക്ഷഗന്ധമുള്ള ഒരു രാസവസ്തു ചേര്‍ക്കുന്നുണ്ട്. ഇതൈല്‍ മെര്‍കാപ്റ്റണ്‍ എന്ന രാസവസ്തുവാണ് അത്.

പലപ്പോഴും രാസവസ്തുക്കളെ സംബന്ധിച്ച് പല തെറ്റിദ്ധാരണകളും അനാവശ്യ ഭീതികളും നമ്മുടെ സമൂഹത്തില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങളില്‍ തികച്ചും ശാസ്ത്രീയമായ വിവരങ്ങള്‍ സാധാരണക്കാര്‍ക്കു മനസ്സിലാവും വിധം ലളിതമായി അവരിലേക്ക് എത്തിക്കാന്‍ കഴിഞ്ഞാല്‍ത്തന്നെ പല അനാവശ്യ ഭീതികളില്‍ നിന്നും സമൂഹത്തിന് മോചനം ലഭിക്കും. ശാസ്ത്രാവബോധമുള്ളവരായി വളരുക എന്നത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്.

 

സീമ ശ്രീലയം അധ്യാപിക, ശാസ്ത്ര എഴുത്തുകാരി

0 Comments

Leave a Comment

FOLLOW US