കാടിന്റെ രോദനം
കളകളം കൊലുസിട്ട് കാടിന്റെ
മാറിലൂടൊഴുകുന്നിതാ പുഴ…
പുഴയുടെ താളത്തിൽ കൂട്ടുകൂടാനായ്
പൂമണവുമായെത്തി മന്ദപവനൻ
കാറ്റിലുലഞ്ഞ മരക്കൊമ്പിൽ കാത്തിരിപ്പുമായ്
കാതരയാമൊരു പക്ഷി പാടി
വിണ്ണിലെ വെണ്മുകിൽ പെയ്തുവീണു
മണ്ണിലെ പൂക്കൾ പുഞ്ചിരിച്ചു
എന്നിട്ടും ഇന്നും വരാത്തതെന്തേ
കൂട്ടിരിക്കാൻ… കിളിയേ… കൂട്ടുകൂടാൻ
സന്ധ്യതൻ സിന്ദൂര ചെപ്പടഞ്ഞു
മേഘങ്ങൾ ഒഴിഞ്ഞ വാനിലെങ്ങും
നക്ഷത്രങ്ങൾ കൺചിമ്മി തുറന്നു.
നിലാവുപോയ് പൊൻകിരണമെത്തിയപോൽ
കാട്ടിലെങ്ങും മാറ്റങ്ങൾ പെയ്തിറങ്ങി
സൂര്യനും ചന്ദ്രനും നക്ഷത്രവും
മാറാതെ മാറ്റങ്ങൾ കണ്ടു നിന്നു.
കിങ്ങിണിക്കൊലുസിന്നഴിച്ചുവെച്ച്
കാടിനോടായ് വിടചൊല്ലീപുഴ
താളം മറന്നൊരാ മാരുതനും
ഉഷ്ണിച്ചുയർന്നു വീശി
കണ്ണുനീർ കായൽ പോലൊഴുകി
ഇണക്കിളിയെപ്പിരിഞ്ഞ ദുഃഖം
ഇടറുന്ന കണ്ഠം തുറന്നുകൊണ്ട്
പക്ഷി അവസാനമായൊരു പാട്ടുപാടി
എന്റെ കൂട്ടിന്ന് കിളികളില്ല
ചേക്കേറാനായ് മരത്തിലിലകളില്ല
എന്നിട്ടും ഇനിയും വരാത്തതെന്തേ
ഈ കാടിന്നു, കുളിരായ് തളിരായ് മഴമേഘമേ…
വിഷ്ണു.വി
സൂര്യകാന്തി വിദ്യാര്‍ത്ഥി
അക്ഷരാലയം പഠനകേന്ദ്രം
ഡല്‍ഹി