ചക്കിക്കുട്ടി സമം ശക്തിക്കുട്ടി
ആദ്യം കാറ്റു വന്നു. വെറും കാറ്റല്ല. ചുഴലിക്കാറ്റ്. കൊയ്ത്തും മെതിയും കഴിഞ്ഞ പാടത്തുനിന്നും വൈക്കോല്തുറുവും പൂഴിയും ചുഴറ്റിയെടുത്ത് കാറ്റ് പൂരപ്പറമ്പിലെത്തി. അപ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ അരയാല്‍ച്ചുവട്ടില്‍ ക്രിക്കറ്റ് കളിക്കുകയായിരുന്നു. നേരം നട്ടുച്ച പിന്നിട്ടിരുന്നു. കളി രണ്ട് ഓവര്‍ തീര്‍ന്നിരുന്നില്ല. പൂരം കഴിഞ്ഞ് രണ്ടു ദിവസമേ ആയിട്ടുള്ളൂ. ആനച്ചൂരും വാണിഭച്ചൂരും അന്തരീക്ഷത്തില്‍നിന്നും പിന്‍വാങ്ങിയിരുന്നില്ല.
ചുഴലിക്കാറ്റ് ചീറ്റിയടുക്കുന്ന പാമ്പിനെപ്പോലെ ഞങ്ങള്‍ക്കരികിലേക്ക് പാഞ്ഞടുക്കുന്നതിനു മുമ്പ് ഞങ്ങള്‍ കളി മതിയാക്കി സ്റ്റമ്പുകള്‍ പറിച്ചെടുത്ത് തിരിഞ്ഞോടി. അപ്പോഴേക്കും മിന്നലും ഇടിയുമെത്തി. മാനം പിളര്‍ന്നതുപോലെ പൊടുന്നനെ മഴ കോരിച്ചൊരിഞ്ഞു. ചിലപ്പോള്‍ വേനല്‍മഴ അങ്ങിനെയാണ്. പെട്ടെന്ന് കലി തുള്ളി പെയ്തിറങ്ങും.
വാണം വിട്ടതുപോലെ വീട്ടിലേക്കോടുന്ന ഞങ്ങള്‍ക്കു പിറകില്‍ അടപടലെ അരയാല്‍ പുഴങ്ങി വീഴുന്ന ശബ്ദം കേട്ടു. മഴ നനഞ്ഞൊട്ടിയ ഞങ്ങള്‍ തിരിഞ്ഞുനോക്കാതെ വീട്ടിലേക്കോടി. മഴ തോര്ന്നതും ആളുകള്‍ പലരും അമ്പലപ്പറമ്പിലെത്തി. വേരുകള്‍ ഒന്നാകെ പുഴങ്ങി വഴി വിലക്കി മറിഞ്ഞു കിടക്കുന്ന അരയാലിന് അപ്പുറമിപ്പുറം അവര്‍ കൂട്ടം കൂടി. ഞങ്ങള്‍ കുട്ടികളില്‍ ചിലരും കാഴ്ച കാണാന്‍ കൂട്ടത്തില്‍ ഉണ്ടായിരുന്നു.
‘എന്തൊരത്ഭുതം എത്രകാലമായി പടര്‍ന്നു പന്തലിച്ചു കിടക്കുന്ന ആലാ.’ ഒരാള്‍ പറഞ്ഞു.
‘ഈ ആല് പുഴങ്ങി വീഴാല്‍ മാത്രം കാറ്റും മഴയും ഉണ്ടായോ?’ മറ്റൊരാള്‍ അത്ഭുതപ്പെട്ടു.
‘വഴി മുടക്കിയല്ലെ ആല് വീണിരിക്കുന്നത്. ഇനി അങ്ങോട്ടു വരുന്നതെങ്ങനെ?’ മൂന്നാമതൊരാള്‍ അപ്പുറത്തുനിന്നും ഉറക്കെ വിളിച്ചുചോദിച്ചു.
‘തല്ക്കാലം വഴി മുടക്കിക്കിടക്കുന്ന ഈ വലിയ കൊമ്പുകളും ചില്ലകളും വെട്ടിമാറ്റുക തന്നെ. തടി മുറിക്കലും മാറ്റലുമൊക്കെ ദേവസ്വക്കാരായ്ക്കോട്ടെ.’ ആരോ പരിഹാരം നിര്‍ദ്ദേശിച്ചു.
പിന്നെ താമസമുണ്ടായില്ല. ഈര്ച്ചവാള്, മഴു, കോടാലി, മടവാള് തുടങ്ങിയ ആയുധങ്ങളുമായി ഉത്സാഹികളെത്തി. വഴിവിലക്കി കിടക്കുന്ന ആലിന്റെ കൊമ്പുകളും പടര്‍പ്പുകളും വെട്ടി നീക്കി. വഴി തടസ്സം നീക്കിയപ്പോഴേക്കും സമയം സന്ധ്യ മയങ്ങിയിരുന്നു.
പിറ്റേന്നു കാലത്ത് അമ്പലപ്പറമ്പിലൂടെ, ആലിന്‍ചുവട്ടിലൂടെ പതിവുപോലെ ത്രിപുരാന്തകനെ തൊഴാനായി അമ്പലത്തിലേക്കു പോകുന്ന കാര്‍ത്യായനി പിഷാരസിയാരാണ് ആ അത്ഭുതം ആദ്യമായി ശ്രദ്ധിച്ചത്. പുഴങ്ങി വീണ അരയാല്‍ പതിയെ നിവര്‍ന്നു തുടങ്ങിയിരിക്കുന്നു!
സംശയനിവൃത്തി വരുത്താനായി ആയമ്മ വീണ്ടും വീണ്ടും നോക്കി ഉറപ്പുവരുത്തി. ശരിയാണ്. അരയാല്ത്തടി തറയില്‍നിന്നും ആന ഉയരത്തോളം പൊങ്ങിയിരിക്കുന്നു.
(1)’ത്രിപുരാന്തകാ… ഭഗവാനേ… അതിശയം… അതിശയം…. നിന്തിരുവടിയുടെ മാഹാത്മ്യം!’
കാര്‍ത്യായനി പിഷാരസിയാര്‍ തൊഴുകയ്യുമായി കണ്ടവരോടെല്ലാം വാര്‍ത്ത പരത്തി. വെള്ളത്തില്‍ മണ്ണെണ്ണ ഇറ്റിച്ചതുപോലെ ത്രിപുരാന്തക മാഹാത്മ്യം നാട്ടിലാകെ പടര്‍ന്നേറി. പത്രവാര്‍ത്തയായി. ചാനല്ക്കാഴ്ചയായി.
ക്ഷേത്രം ഊരാളരും ഉത്സവക്കമ്മിറ്റിക്കാരും യോഗം കൂടി. ചര്‍ച്ച നടത്തി.
ഇതൊരു നിമിത്തം മാത്രം എന്നും തട്ടകവാസികളില് പലരും ഈയിടെയായി ദൈവനിഷേധികളായി മാറുന്നതിലെ അതൃപ്തിയാകും (2)മുക്കണ്ണന് ഇതിലൂടെ വെളിവാക്കിയിരിക്കുന്നതെന്നും വ്യാഖ്യാനമുണ്ടായി.
തുടര്‍ന്ന് വളരെ വിശദമായി ജ്യോതിഷവിധി പ്രകാരമുള്ള പ്രശ്നം വയ്പ്പുണ്ടായി. പരിഹാരനിര്‍ദ്ദേശവും ഉണ്ടായി. ശ്രീകോവിലും അമ്പലക്കെട്ടും പുതുക്കിപ്പണിയണം. മുടങ്ങിയ (3)വാരവും ആറാട്ടും പുനരാരംഭിക്കണം. കെട്ടു തുടങ്ങിയ ശിവചൈതന്യം വീണ്ടെടുക്കണം.
പിന്നെ താമസമുണ്ടായില്ല. നോട്ടീസുകളും പിരിവുപുസ്തകങ്ങളും വീടുകള്‍ തോറും കയറിയിറങ്ങി. എല്ലാം തിരുതകൃതിയായി മുന്നേറുന്നതിനിടയിലാണ് ഞങ്ങളുടെ കളിക്കൂട്ടുകാരി ചക്കിക്കുട്ടി എന്ന ശക്തിക്കുട്ടി തന്റെ ഗുരുത്വകേന്ദ്ര സിദ്ധാന്തവുമായി രംഗത്തെത്തിയത്. അതിങ്ങനെയാണ് – ‘ചുഴറ്റിയടിച്ച കാറ്റിലും കനത്ത മഴയിലും മണ്ണടരുമായി വേരോടെ പുഴങ്ങി ആല്‍മരം മറിഞ്ഞുവീണു. അതോടെ തടിയുടെ അടിയില്‍ നടുക്കായി കേന്ദ്രീകരിച്ചിട്ടുള്ള ഗുരുത്വകേന്ദ്രത്തിനും സ്ഥാനചലനമുണ്ടായി. നിലത്തു മുട്ടിയ കൊമ്പും പടര്‍പ്പും അറുത്തു മാറ്റിയതോടെ ആലിന്റെ ഗുരുത്വകേന്ദ്രം പൂര്വ്വസ്ഥിതിയിലാവാനുള്ള പ്രേരണയായി. അതോടെ ആല്‍മരം തറയില്‍ നിന്നും ഏതാനും അടി ഉയര്‍ന്നു.’
ക്ലാസില്‍ പഠിച്ച ഗുരുത്വകേന്ദ്രത്തിന് പരീക്ഷയിലെ ചോദ്യത്തിനപ്പുറം നിത്യജീവിതത്തിലും പ്രയോജനമുണ്ടെന്ന് ഞങ്ങള്‍ വിസ്മയത്തോടെ തിരിച്ചറിഞ്ഞു. അതുകൊണ്ടുതന്നെ നിഷേധി, (4)നാസ്തിക തുടങ്ങിയ ശകാരങ്ങളുമായി ഞങ്ങളുടെ ‘ശക്തിക്കുട്ടി’യെ നേരിടാനുള്ള ചില ‘വിവരം കെട്ടവരുടെ’ ശ്രമത്തെ ഒറ്റക്കെട്ടായി നേരിടാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു.
1) ശിവന്
2) ശിവന്
3) ക്ഷേത്രങ്ങളില്‍ വച്ചു കഴിക്കുന്ന ഒരു അടിയന്തിരം
4) ഈശ്വരനില്‍ വിശ്വാസമില്ലാത്തവള്
എം.വി. മോഹനന്