ഹെപ്പറ്റൈറ്റിസ് സി വൈറസ്സും തമോഗർത്തവും ക്രിസ്പറും – ശാസ്ത്ര നൊബേൽ 2020 – വിശേഷങ്ങൾ
വൈദ്യശാസ്ത്ര നൊബേൽ
കോവിഡ് 19 വൈറസ് ആയ സാർസ്കോവ്-2 വൈറസ് ലോകത്തെ വിറപ്പിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഒരു വൈറസ്സിന്റെ കണ്ടുപിടിത്തത്തിനാണ് വൈദ്യശാസ്ത്ര നൊബേൽ. ഏതാണാ വൈറസ് എന്നാണോ? ഹെപ്പറ്റൈറ്റിസ് സി വൈറസ്. ഹാർവി ജെ. ആൾട്ടർ (യു.എസ്.നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്), ചാൾസ് എം. റൈസ്(റോക്ക്ഫെല്ലർ സർവ്വകലാശാല, ന്യൂയോർക്ക്), മൈക്കിൾ ഹഫ്ടൺ(ആൽബെർട്ട സർവ്വകലാശാല, കാനഡ) എന്നിവരാണ് ഏറെ നാൾ വൈദ്യശാസ്ത്രത്തെ കുഴക്കിയ ആ ഇത്തിരിക്കുഞ്ഞു രോഗകാരിയെ കണ്ടുപിടിച്ചത്. ഇത്തിരിക്കുഞ്ഞു വൈറസ്സാണെങ്കിലും ഒട്ടും നിസ്സാരമല്ല ഇതുണ്ടാക്കുന്ന പ്രശ്നങ്ങൾ. രക്തത്തിലൂടെ പകരുന്ന ഈ വൈറസ് സിറോസിസിനും ലിവർ കാൻസറിനുമൊക്കെ കാരണമാവും. ഹെപ്പറ്റൈറ്റിസ് എ വൈറസ്സിനെക്കുറിച്ചും ഹെപ്പറ്റൈറ്റിസ് ബി വൈറസ്സിനെക്കുറിച്ചും നേരത്തെ തന്നെ അറിവുണ്ടായിരുന്നു. എന്നാൽ ഇതു രണ്ടുമല്ലാത്ത ഒരു വൈറസ് രക്തം സ്വീകരിച്ച പല രോഗികളിലും കരളിനു സാരമായ തകരാറുകൾ ഉണ്ടാക്കുന്നത് ഏറെ നാൾ ശാസ്ത്രജ്ഞരെ കുഴക്കി. ഇതിന്റെ കാരണം തേടിയുള്ള അന്വേഷണങ്ങളാണ് ഫ്ലാവി വൈറസ് കുടുംബത്തിൽപ്പെടുന്ന ഹെപ്പറ്റൈറ്റിസ് സി വൈറസ്സിന്റെ കണ്ടെത്തലിലേക്ക് നയിച്ചത്. ഈ വൈറസ്സിനെ കണ്ടെത്തുകയും അതിന്റെ രഹസ്യങ്ങൾ ചുരുൾ നിവർത്തുകയും ചെയ്തതോടെ ഫലപ്രദമായ രോഗനിർണ്ണയ രീതികളും ഔഷധങ്ങളും വികസിപ്പിച്ചെടുക്കാൻ സാധിച്ചു. ലക്ഷക്കണക്കിനു മനുഷ്യജീവൻ കാക്കാൻ സഹായിച്ച കണ്ടെത്തലാണിത്.
ഭൗതികശാസ്ത്ര നൊബേൽ
നക്ഷത്രങ്ങൾക്കുമുണ്ട് ജനനവും മരണവും. സൗര ദ്രവ്യമാനത്തിന്റെ പല മടങ്ങു ദ്രവ്യമാനമുള്ള നക്ഷത്രങ്ങൾ അവയുടെ അന്ത്യഘട്ടത്തിൽ അതിഭീമമായ ഗുരുത്വാകർഷണത്തിനു വിധേയമായി ചുരുങ്ങി അതീവ സാന്ദ്രതയുള്ള അവസ്ഥയിലേക്ക് മാറും. ഇങ്ങനെയാണ് തമോഗർത്തങ്ങൾ (ബ്ലാക്ക് ഹോൾ) ഉണ്ടാവുന്നത്. അതിശക്തമായ ഗുരുത്വാകർഷണം കാരണം പ്രകാശരശ്മിക്കുപോലും പുറത്തുകടക്കാൻ കഴിയാത്ത സ്ഥല കാല പ്രദേശമാണിവ. ഈ പ്രപഞ്ച നിഗൂഢതയിലേക്ക് വെളിച്ചംവീശിയ റോജർ പെൻറോസ് (ഓക്സ്ഫഡ് യൂണിവേഴ്സിറ്റി,യു.കെ), റെയ്നാഡ് ഗെൻസൽ (മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട്, ജർമ്മനി), ആൻഡ്രിയ ഗെസ് (കലിഫോർണിയ യൂണിവേഴ്സിറ്റി, ലോസ് ആഞ്ചൽസ്) എന്നീ ഗവേഷകർക്കാണ് ഇത്തവണത്തെ ഭൗതികശാസ്ത്ര നൊബേൽ. 1915-ൽത്തന്നെ ആൽബർട്ട് ഐൻസ്റ്റൈൻ സാമാന്യ ആപേക്ഷികതാ സിദ്ധാന്തത്തിൽ തമോഗർത്തങ്ങളെക്കുറിച്ച് പറഞ്ഞിരുന്നു. 1965-ൽ സാമാന്യ ആപേക്ഷികതാ സിദ്ധാന്തത്തെ ആസ്പദമാക്കി റോജർ പെൻറോസ് എന്ന ഗണിത ശാസ്ത്രജ്ഞൻ തമോഗർത്തങ്ങളുടെ രൂപംകൊള്ളൽ കൃത്യമായി വിശദീകരിച്ചു. നമ്മുടെ ഗാലക്സിയായ ആകാശഗംഗയ്ക്ക് (ക്ഷീരപഥം) നടുവിൽ അത്യുന്നത മാസ്സുള്ള ഒരു തമോഗർത്തമുണ്ട് എന്ന കണ്ടെത്തൽ നടത്തിയത് ഗെൻസലിന്റെയും ഗെസ്സിന്റെയും നേതൃത്വത്തിലുള്ള ഗവേഷകസംഘമാണ്. ആകാശഗംഗയുടെ മദ്ധ്യത്തിലുള്ള സാജിറ്റേറിയസ് എ എന്ന ഭാഗത്തേക്ക് വലിയ ടെലിസ്കോപ്പുകൾ തിരിച്ചു നടത്തിയ ഗവേഷണങ്ങളാണ് ഈ കണ്ടെത്തലിലേക്ക് നയിച്ചത്. ഈ അതിഭീമ തമോഗർത്തത്തിന്റെ ദ്രവ്യമാനമാവട്ടെ സൗര മാസ്സിന്റെ 40 ലക്ഷം മടങ്ങും! ഭൗതികശാസ്ത്ര നൊബേലിന് അർഹയാവുന്ന നാലാമത്തെ വനിതയാണ് ആൻഡ്രിയ ഗെസ്.
രസതന്ത്ര നൊബേൽ
ശാസ്ത്രകല്പിത കഥകളെയും വെല്ലുന്ന വിസ്മയങ്ങൾ വിരിയിക്കാൻ കഴിയുന്ന ക്രിസ്പർ എന്ന നൂതന ജീൻ എഡിറ്റിങ് സങ്കേതം വികസിപ്പിച്ചെടുത്ത രണ്ടു വനിതാ ഗവേഷകർക്കാണ് ഇത്തവണ രസതന്ത്ര നൊബേൽ. ഇമ്മാനുവെല്ലെ ഷാർപെന്റിയർ (മാക്സ്പ്ലാങ്ക് യൂണിറ്റ് ഫോർ ദ് സയൻസ് ഓഫ് പാതോജൻസ്, ബെർലിൻ), ജെന്നിഫർ എ. ഡൗഡ്ന (കലിഫോർണിയ യൂണിവേഴ്സിറ്റി, ബെർക്കിലി) എന്നിവർ രസതന്ത്ര നൊബേൽ പുരസ്ക്കാരത്തിന് അർഹരായപ്പോൾ വനിതകൾ മാത്രമടങ്ങുന്ന ഗവേഷക സംഘത്തിനു ലഭിക്കുന്ന നൊബേൽ എന്ന അപൂർവ്വനേട്ടം കൂടിയാണ് അവർ കൈയെത്തിപ്പിടിച്ചത്. രസതന്ത്ര നൊബേലിന് അർഹരാവുന്ന ആറാമത്തെയും ഏഴാമത്തെയും വനിതകളാണിവർ.
ക്ലസ്റ്റേഡ് റഗുലേർലി ഇന്റർസ്പേസ്ഡ് ഷോർട്ട് പാലിൻഡ്രോമിക് റിപ്പീറ്റ്സ് എന്നാണ് ക്രിസ്പറിന്റെ (CRISPR) പൂർണ്ണരൂപം. ക്രിസ്പർ കാസ്-9 ഒരു തന്മാത്രാ കത്രിക പോലെയാണ് പ്രവർത്തിക്കുന്നത്. ഇതുപയോഗിച്ച് ഡിഎൻഎ തന്തുക്കൾ നിശ്ചിത സ്ഥാനത്ത്കൃത്യമായി മുറിക്കാം, തുന്നിച്ചേർക്കാം, ജീനുകളിൽ ആവശ്യമായ പരിഷ്ക്കരണങ്ങളും വരുത്താം! ബാക്റ്റീരിയകളിൽ നിന്നാണ് ഈ വിദ്യയുടെ രഹസ്യങ്ങൾ പിടികിട്ടിയതെന്നറിയാമോ? ബാക്റ്റീരിയകളെ വൈറസ് ആക്രമിക്കുമ്പോൾ അതിനെ ചെറുക്കാൻ അവ ഉപയോഗിക്കുന്ന വിദ്യ മനസ്സിലാക്കി അതിൽ ചില മാറ്റങ്ങളൊക്കെ വരുത്തിയാണ് ഷാർപെന്റിയറും ഡൗഡ്നയും 2012-ൽ ക്രിസ്പർ സങ്കേതം വികസിപ്പിച്ചെടുത്തത്. അർബ്ബുദം, പാർക്കിൻസൺസ് തുടങ്ങിയ രോഗങ്ങളും സിസ്റ്റിക് ഫൈബ്രോസിസ്, മസ്കുലാർ ഡിസ്ട്രോഫി തുടങ്ങി നിരവധി ജനിതക രോഗങ്ങളും ഭേദമാക്കാൻ കഴിയുന്ന നൂതന ചികിൽസാരീതികൾ, പ്രതികൂല സാഹചര്യങ്ങളെയൊക്കെ അതിജീവിക്കുന്ന കാർഷിക വിളകൾ, നൂതന ഔഷധങ്ങൾ സംശ്ലേഷണം ചെയ്യാൻ കഴിയുന്ന ബാക്റ്റീരിയകൾ ഇങ്ങനെ നീളുന്നു ക്രിസ്പറിന്റെ സാധ്യതകൾ. എന്നാൽ ഒരു വർഷം മുമ്പ് ചൈനീസ് ശാസ്ത്രജ്ഞനായ ഹീ ജിയാൻകുയിയുടെ നേതൃത്വത്തിലുള്ള ഗവേഷകസംഘം ഭ്രൂണങ്ങളിൽ നടത്തിയ ക്രിസ്പർ ജീൻ എഡിറ്റിങ്ങിലൂടെ എച്ച് ഐ വി ബാധയെ ചെറുക്കുന്ന ഇരട്ടക്കുഞ്ഞുങ്ങളെ സൃഷ്ടിച്ചത് വൻ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു.

സീമ ശ്രീലയം അധ്യാപിക, ശാസ്ത്ര എഴുത്തുകാരി