ഓട്ടന്‍ തുള്ളല്‍ വന്ന വഴി
കഴിഞ്ഞ മാസം നമ്മള് ഓട്ടന്‍ തുള്ളലിന്റെ താളത്തില്‍ തയ്യാറാക്കിയ ഒരോണപ്പാട്ട് കേട്ടിരുന്നില്ലേ… അന്ന് ഓട്ടന്‍ തുള്ളലിന്റെ ഉപജ്ഞാതാവ് കുഞ്ചന്‍ നമ്പ്യാര്‍ അങ്ങനൊരു കലാരൂപം തയ്യാറാക്കി എടുക്കാന്‍ ഇടയായ കഥ അന്വേഷിക്കാന്‍ കൂട്ടുകാരോട് പറഞ്ഞിരുന്നില്ലേ? എത്ര പേര്‍ക്ക് ആ കഥ കണ്ടെടുക്കാനായി? കഥ കണ്ടെടുക്കാന്‍ കഴിയാത്ത കൂട്ടുകാര്‍ക്ക് ഇത്തവണ പൂക്കാലം തന്നെ ആ കഥ പറഞ്ഞ് തരാമെന്ന് പറഞ്ഞിരുന്നില്ലേ… ഇതാ വായിച്ചോളൂ.
പാലക്കാട് ജില്ലയിലെ കിള്ളിക്കുറിശ്ശിമംഗലത്തെ കലക്കത്ത് വീട്ടിലാണ് കുഞ്ചന്‍ നമ്പ്യാര്‍ ജനിച്ചതെന്നാണ് അറിവ്. ചാക്യാര്‍ കൂത്ത് എന്നൊരു കലാരൂപം അന്ന് നിലവിലുണ്ടായിരുന്നു. ചാക്യാരാണ് ചാക്യാര്‍ കൂത്ത് അവതരിപ്പിക്കുന്നത്. ചാക്യാര്‍ കൂത്തിന്റെ പിന്നണിയില്‍ ഉപയോഗിക്കുന്ന വാദ്യ ഉപകരണമാണ് മിഴാവ്. ഈ മിഴാവ് കൊട്ടുന്ന ചുമതലക്കാരനായിരുന്നു നമ്മുടെ കുഞ്ചന്‍ നമ്പ്യാര്‍. ഒരിക്കല്‍ അമ്പലപ്പുഴ ക്ഷേത്രത്തില്‍ കൂത്ത് നടക്കുന്ന സമയത്ത് പാവം കുഞ്ചന്‍ നമ്പ്യാര്‍ ഉറങ്ങിപ്പോയത്രേ. ഉറങ്ങിപ്പോയ കുഞ്ചന്‍ നമ്പ്യാരെ കൂത്ത് പറഞ്ഞുകൊണ്ടിരുന്ന ചാക്യാര്‍ കണക്കിന് കളിയാക്കുകയും ശകാരിക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് ഒരൊറ്റ രാത്രികൊണ്ട് കുഞ്ചന്‍ നമ്പ്യാര്‍ എഴുതി ഉണ്ടാക്കി അവതരിപ്പിച്ച കലാരൂപമാണത്രേ തുള്ളല്‍.
തനിയേ പാട്ടുപാടിയാണ് ഓട്ടന്‍ തുള്ളല്‍ അവതരിപ്പിക്കുന്നത്. ചുറ്റും നടക്കുന്ന കാര്യങ്ങളൊക്കെ തന്നെയാണ് പാട്ടായി പാടുക. കൊള്ളാത്തതിനെ വിമര്‍ശിക്കും, നന്നായി കളിയാക്കും. ആര്‍ക്കും എളുപ്പത്തില്‍ മനസ്സിലാകുന്ന സാധാരണ ഭാഷയാണ് ഉപയോഗിക്കുക. കുഞ്ചന്‍ നമ്പ്യാരുടെ ഓട്ടന്‍ തുള്ളല്‍ സാധാരണക്കാരെ ആകര്ഷിച്ചതില് അത്ഭുതമുണ്ടോ! ഓട്ടന്‍ തുള്ളല്‍ കൂടാതെ പറയന് തുള്ളല്‍, ശീതങ്കന്‍ തുള്ളല്‍ തുടങ്ങിയ തുള്ളലുകളുമുണ്ട്.
ചിഞ്ചു പ്രകാശ്