മാവേലി പാതാളം
കഴിഞ്ഞ ദിവസം നല്കിയ അസൈന്മെന്റ് പൂര്‍ത്തിയാക്കിയാണ് നിധികയും നിധിനും ടീച്ചറമ്മയെ കാണാന്‍ എത്തിയത് . ഓണവുമായി ബന്ധപ്പെട്ട വാക്കുകള്‍ പൂക്കളായി ടീച്ചറമ്മയുടെ മുന്നില്‍ വീണുകൊണ്ടിരുന്നു. ടീച്ചറമ്മ അവയെടുത്ത് ഒരു ഓണക്കളം തീര്‍ത്തു. വലിയൊരു ഓണക്കളം തീര്‍ക്കാന്‍ വേണ്ടത്രയും വാക്കുകള്‍ ഉതിര്‍ന്നു വീണു കൊണ്ടിരുന്നു. ആവേശത്തോടെ വായിച്ചു തീര്‍ത്ത രണ്ടു പേരും മുഖത്തോട് മുഖം നോക്കി. പിന്നെ ടീച്ചറമ്മയെ നോക്കി. ടീച്ചറമ്മ സ്നേഹത്തോടെ ഇരുവരുടേയും മൂര്‍ദ്ദാവില്‍ കൈവെച്ചു.
ഓണം കഴിഞ്ഞപ്പോള്‍ മാവേലി എത്ര സങ്കടത്തോടെയാവും മടങ്ങിപ്പോയിട്ടുണ്ടാവുക? നിധിക ആരോടെന്നില്ലാതെ പറഞ്ഞു.
ഇനിയും വരാമെന്ന സന്തോഷമല്ലേ ഉണ്ടാവുക. നിധിന് ചിരിച്ചു കൊണ്ട് പ്രതികരിച്ചു.
എല്ലാ യാത്രയും അങ്ങിനെയാണ് ഒരു മടക്കം ഉണ്ടാവും , ഉണ്ടാവണം അതാണ് യാത്ര. ടീച്ചറമ്മയുടെ തത്വജ്ഞാനം കുട്ടികള്‍ക്ക് വേണ്ടത്ര പിടികിട്ടിയില്ല. അല്പ സമയം ആരും ഒന്നും പറഞ്ഞില്ല.
നിങ്ങള്‍ക്ക് മാവേലിയോട് എന്താണ് ചോദിക്കാനുണ്ടാവുക? ടീച്ചറമ്മ തന്നെ തുടങ്ങി വച്ചു.
അത്പ്പോ… എന്താ പറയാ… നിധിന് എന്തു പറയണമെന്നറിയാതെ കുഴങ്ങി.
പാതാളത്തില്‍ ആരൊക്കെയുണ്ട്? എന്തു ചോദിക്കണമെന്ന കാര്യത്തില്‍ നിധികക്ക് സംശയം ഒന്നും ഉണ്ടായിരുന്നില്ല.
ങ്ങാ അങ്ങനെ ചോദ്യങ്ങള്‍ വരട്ടെ… ടീച്ചറമ്മ പ്രോത്സാഹിപ്പിച്ചു കൊണ്ടു പറഞ്ഞു.
അവിടെ സിനിമ കാണാന്‍ കഴിയുമോ?
അവിടത്തെ കറന്‍സി ഏതാണ്? നമ്മുടേതുമായി അതിന്റെ റേറ്റ് എത്രയാ?
നിധിന്റെ ചോദ്യങ്ങള്‍ കേട്ട് ടീച്ചറമ്മ ചിരിച്ചു , ചിരിച്ചു ചിരിച്ചു കുഴഞ്ഞു…
കുട്ട്യോളെ പാതാളം ഒരു സാങ്കല്പിക ലോകമാണ്. അതു കൊണ്ട് ആരും ഇത്തരം ചോദ്യങ്ങള്‍ ചോദിക്കാറില്ല.
എന്നാലും സംഗതി കൊള്ളാം . ഞങ്ങളൊന്നും കുട്ടിക്കാലത്ത് ഇങ്ങനെ ചിന്തിച്ചിട്ടേ ഉണ്ടായിരുന്നില്ല. പക്ഷേ ഇതിനൊക്കെ മറുപടി തരാന്‍ ആര്‍ക്കാ കഴിയുക?
മാവേലിക്ക് , അല്ലാതാരാ മറുപടി തരിക . നിധിക സംശയലേശമെന്യേ പറഞ്ഞു.
അതിനെന്താ വഴി? ടിച്ചറമ്മ ചിന്താധീനയായി.
ഒരു കത്തയക്കാം, മറുപടി വരുമോ എന്ന് നോക്കാലോ?
നിധിന്റെ ആശയം നല്ലതാണെന്ന് ടീച്ചറമ്മക്കും തോന്നി. ശരി ഇന്നത്തെ നമ്മുടെ പ്രവര്‍ത്തനം ഇതാവട്ടെ മാവേലിക്ക് സ്നേഹപൂര്‍വം…
രണ്ടു പേരും മാവേലിക്ക് ഓരോ കത്തെഴുതണം. നിങ്ങള്‍ക്ക് പറയാനുള്ളതും ചോദിക്കാനുള്ളതുമെല്ലാം ചേര്‍ത്ത് ഒരു കത്തെഴുതൂ.
എന്താ എഴുതേണ്ടത് എന്ന് ചര്‍ച്ച വേണം. നിധിക അഭിപ്രായം പറഞ്ഞു.
കത്ത് എന്നു പറയുമ്പോള്‍ വെറുതെ കുറെ ചോദ്യങ്ങള്‍ ആവരുത്.
കത്തെഴുതാനുള്ള കാരണം ഉണ്ടാവണം.
എഴുതുന്ന ആള് സ്വയം പരിചയപ്പെടുത്തണം. എവിടെ നിന്ന് എഴുതുന്നു എന്നെല്ലാം വായിക്കുന്നവര്‍ക്ക് മനസ്സിലാവണം.
അങ്ങോട്ട് പറയാന്‍ ആഗ്രഹിക്കുന്നത് എന്താണോ അത് കത്തില്‍ ഉണ്ടാവണം.
ചോദിക്കാനുള്ളത് വ്യക്തമാവണം.
കത്ത് ഒരുപാട് നീണ്ടു പോകുന്നത് നന്നാവില്ല. പ്രത്യേകിച്ചും പുതിയ ഒരാള്‍ക്ക് കത്തയക്കുമ്പോള്‍.
വ്യക്തിഗത നിരീക്ഷണങ്ങള്‍ ചേര്‍ക്കുമ്പോഴാണ് ഏതൊരു എഴുത്തും നന്നാവുക.
ഇനിയും കത്തിനെ കുറിച്ച് എന്തു പറയണം എന്ന് ആലോചിച്ചു കൊണ്ട് ടീച്ചറമ്മ ചോദിച്ചു.
രണ്ടു പേരും കത്തെഴുതാന്‍ തയ്യാറല്ലേ?
മാവേലിയുടെ അഡ്രസ്സ് , മെയില്‍ ഐ.ഡി. എന്തെങ്കിലും കിട്ടാന്‍ എന്താവഴി? നിധിന് ചോദിച്ചു.
ഫേസ് ബുക്ക് ,ട്വിറ്റര്‍ പോലുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്താല്‍ മാവേലിക്കും വായിക്കാലോ. നിധിക തന്റെ അഭിപ്രായം പറഞ്ഞു.
കത്തയക്കുന്ന ചുമതല ഞാന്‍ ഏറ്റെടുക്കാം . നിങ്ങള്‍ കത്തെഴുതി തന്നാല്‍ മതി.
രണ്ടു പേരും സന്തോഷത്തോടെ തലകുലുക്കി എഴുന്നേറ്റു.
എന്താ നിങ്ങളും തയ്യാറല്ലേ. കത്തുകള്‍ പൂക്കാലത്തിന് അയക്കുക . ഞങ്ങളത് മാവേലിക്ക് എത്തിക്കാം.

പി. രാധാകൃഷ്ണൻ ആലുവീട്ടിൽ