കൊറോണകാലത്തെ പറുദീസാ നഷ്ടങ്ങൾ
ഉപാധിരഹിതമായ സൗഹൃദ സംഗമങ്ങൾ.
വാരാന്ത്യങ്ങളിലെ സാംസ്കാരിക ഭൂമികകൾ.
സാഹിത്യ സംഗീത സർഗ്ഗാത്മ സദിരുകൾ.
തപാലിൽ മുടങ്ങിപ്പോയ വാരികകളിലെ
മലയാള ധൈഷണികദീപ്തികൾ.
കാത്ത് വന്നെത്തുന്ന നാട്ടു യാത്രകൾ.
വാളയാർ വനഗന്ധം വഹിച്ചെത്തുന്ന
പ്രഭാത കാറ്റിന്റെ സാന്ത്വന സ്പർശം.
ഗ്രാമ വീട്ടിലേക്കുള്ള ബസ് യാത്രയിൽ
മുഖത്ത് വീണ ചാറ്റല്മഴതുള്ളിയുടെ
കരൾ കോച്ചും കുളിർത്തിണർപ്പ്.
അടുക്കളമൂലയിലെ കസേരയിലെത്തുന്ന
സ്നേഹത്തിന്റെ ആവി പാറുന്ന അമ്മ ചായ.
തൊടിയിലെ ആലോലകാറ്റിൽ ഇലയനക്കത്തിന്റെ
ചെറുതൊട്ടിലാട്ട മധുര മർമ്മര തിമർപ്പ്.
മുറ്റത്തെ മാവിൻ ചില്ലക്കിടയിലൂടെ
ഊർന്നിറങ്ങുന്ന വെള്ളി വെയിൽ തിളക്കം.
മുളകരച്ച ചമ്മന്തയിൽ പപ്പടം കാച്ചിയ
വെളിച്ചെണ്ണ ചാലിച്ചടിക്കുന്ന ഇഡ്ഡലി സ്വാദ്.
മഴയിൽ കുതിർന്ന നീലപ്പാവാടക്ക് താഴെ
സ്കൂൾ പെൺകിടാവിൻ കൊലുസു കിന്നാരങ്ങൾ.
ചേറ്റാം കുളക്കരയിലെ സദാ സംവാദിയായ
ജരാനരബദ്ധമായ മുത്തശ്ശനാല് .
പിറന്നുവളർന്ന സ്ഥലി യാത്രക്കിടയിൽ
ചെറിയമ്മ വീടിന്റെ ചിരസ്മരണകൾ.
അതിശയോക്തിയുടെ സൗന്ദര്യം
സ്നിഗ്ദ്ധമാക്കുന്ന നാട്ടു വർത്തമാനം.
മുഖഛായ മാറിയ ഗായത്രി പുഴയിലെ
കലക്ക വെള്ളത്തിലെ പരൽ മീൻ തുടിപ്പുകൾ.
നഷ്ടസ്വർഗ്ഗങ്ങളെ നെഞ്ചിലേറ്റി
നമുക്കിരിക്കാമിനിയും കുറച്ചുനാൾ.
ഇന്നിന്റെ അനുക്ഷണ പരിണാമിയാമീ-
യഷ്ടിജീവിതത്തിനർത്ഥം കൊടുത്തു
പിന്നെയും പിന്നെയും പൊലിപ്പിച്ചെടുക്കാം വരൂ.

സതീഷ് തോട്ടശ്ശേരി മലയാളം മിഷൻ ബാംഗ്ലൂർ