പൂവേ പൊലി പൂവേ പൊലി

ണമിങ്ങെത്തുമ്പോൾ ആദ്യം മനസ്സിലേക്കെത്തുക പൂക്കളത്തിന്റെ വർണ്ണചാരുത തന്നെ. കർക്കിടകത്തിന്റെ കാറും കോളുമൊക്കെ നീങ്ങി പല വർണ്ണപ്പൂക്കളാൽ പുഞ്ചിരി തൂകി നിൽക്കുന്ന പ്രകൃതി, ഓണത്തുമ്പികൾ, ഊഞ്ഞാൽപ്പാട്ട്, ഓണക്കോടി, ഓണസദ്യ, ഊഞ്ഞാലാട്ടം, കുടുംബാംഗങ്ങളുടെ ഒത്തുചേരൽ ഇങ്ങനെ ഓണവുമായി ബന്ധപ്പെട്ട് ഓരോരുത്തർക്കും ഉണ്ടാവും ഒരുപാടോർമ്മകൾ. മാനുഷരെല്ലാരും ഒന്നുപോലെ കഴിഞ്ഞിരുന്ന സമത്വസുന്ദരമായ ഒരു കാലത്തിന്റെ ഓർമ്മയുണർത്തുന്ന ഓണം യഥാർത്ഥത്തിൽ ഒരു കാർഷികോൽസവം കൂടിയാണ്. കാർഷികവൃത്തിയുടെയും അദ്ധ്വാനത്തിന്റെയും മഹത്വം കൂടി ഓണം നമ്മെ ഓർമ്മിപ്പിക്കുന്നു. ഈ കോവിഡ് കാലത്തെ ഓണം അതിജീവനത്തിന്റെ ഓണമാവട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.

അത്തം മുതൽ പത്തു ദിവസം പല നിറങ്ങളിൽ, പല ആകൃതിയിൽ പൂക്കളമൊരുക്കാൻ പൂക്കൂടയുമായി തൊടിയായ തൊടിയെല്ലാം താണ്ടി തുമ്പയും മുക്കുറ്റിയും കാക്കപ്പൂവും തെച്ചിപ്പൂവും അരിപ്പൂവും ചെമ്പരത്തിയുമൊക്കെ ശേഖരിച്ച അനുഭവമൊക്കെ പുതിയ തലമുറയിൽ പലർക്കും അന്യമായിരിക്കും അല്ലേ? പലരും കാശുകൊടുത്ത് വാങ്ങുന്ന പൂക്കളുപയോഗിച്ചാവും പൂക്കളം തീർക്കാറുള്ളത്.

“തുമ്പപ്പൂവേ പൂത്തിരളേ
നാളേക്കൊരു വട്ടി പൂതരണേ”

എന്ന ഓണപ്പാട്ട് എല്ലാവരും കേട്ടിരിക്കും. തുമ്പപ്പൂവില്ലാതെ എന്തു പൂക്കളം അല്ലേ? പൊന്നിൻ ചിങ്ങമാവുന്നതോടെ തുമ്പച്ചെടി കുഞ്ഞുവെള്ളപ്പൂക്കളാൽ ചിരിച്ചു വിളങ്ങാൻ തുടങ്ങും. ലൂക്കാസ് ആസ്പെറ എന്നാണ് തുമ്പയുടെ ശാസ്ത്രനാമം.

സ്വർണ്ണ നിറത്തിൽ പുഞ്ചിരി തൂകി മാടിവിളിക്കുന്ന മുക്കുറ്റിപ്പൂവും ആരെയും ആകർഷിക്കും. കുഞ്ഞുപൂക്കളാണ് ഏകവർഷിയായ മുക്കുറ്റിച്ചെടിയിൽ ഉണ്ടാവുന്നത്. ബയോഫൈറ്റം റെയിൻവാഡ്റ്റി എന്നാണ് മുക്കുറ്റിയുടെ ശാസ്ത്രനാമം. തെച്ചിപ്പൂ പല നിറങ്ങളിലുണ്ടെങ്കിലും ചുവന്ന തെച്ചിപ്പൂവാണ് കൂടുതൽ ആകർഷകം. കുറ്റിച്ചെടിയായ തെച്ചിയിൽ ഓണക്കാലമാവുമ്പോഴേക്കും പൂങ്കുലകൾ നിറയും. ഇക്സോറ കോക്സിനിയ എന്നാണ് ശാസ്ത്രനാമം.

തൊടിയിലെ മറ്റൊരു താരമാണ് ചുവന്ന ചെമ്പരത്തി. നിത്യ പുഷ്പിണിയായ ഈ കുറ്റിച്ചെടി മിക്ക വീടുകളിലും കാണും. ഹിബിസ്കസ് റോസാ‌സൈനെൻസിസ് എന്നാണ് ചെമ്പരത്തിയുടെ ശാസ്ത്രനാമം.വയലുകളിലും ജലാംശമുള്ള പാറ നിറഞ്ഞ സ്ഥലങ്ങളിലുമൊക്കെ ഓണക്കാലത്ത് ധാരാളമായി വിരിയുന്ന നീല നിറമുള്ള പൂവാണ് കാക്കപ്പൂവ്. യൂട്രിക്കുലേറിയ റെറ്റികുലേറ്റ എന്നാണ് ശാസ്ത്രനാമം. പൂക്കളത്തിൽ ചുവപ്പ്, മഞ്ഞ, പിങ്ക്, നീല എന്നിങ്ങനെ പല നിറങ്ങളിൽ വിസ്മയം തീർക്കുന്ന ഒരു പൂവാണ് അരിപ്പൂവ്. ലന്റാന കമേറ എന്നാണ് ശാസ്ത്രനാമം. ചുവപ്പു നിറത്തിലും വെളുപ്പു നിറത്തിലുമൊക്കെ ഭംഗിയുള്ള അരളിപ്പൂക്കൾ കണ്ടിട്ടില്ലേ? നീറിയം ഒലിയാണ്ടർ എന്നാണിതിന്റെ ശാസ്ത്രനാമം. വള്ളിച്ചെടിയിൽ നീലനിറത്തിലും വെള്ളനിറത്തിലുമൊക്കെ വിരിഞ്ഞുനിൽക്കുന്ന ശംഖു പുഷ്പത്തിന്റെ ശാസ്ത്രനാമം ക്ലിറ്റോറിയ ടെർനാറ്റീ എന്നാണ്. കണ്ണാന്തളിപ്പൂവ്, കോളാമ്പിപ്പൂവ്, രാജമല്ലി, മന്ദാരം, സുഗന്ധരാജൻ ഇങ്ങനെ എത്രയെത്ര നാടൻ പൂക്കൾ!

കണ്ണിനിമ്പമേകുന്ന പൂക്കളുടെ നിറക്കൂട്ടുകളുടെ രഹസ്യത്തെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? ഇലകളുടെ പച്ച നിറത്തിനു കാരണം ഹരിതകം (ക്ലോറോഫിൽ) എന്ന വർണ്ണവസ്തുവാണെന്ന് അറിയാമല്ലോ അല്ലേ? അതുപോലെ പൂക്കളുടെ നിറത്തിനു പിന്നിലുമുണ്ട് പലതരം വർണ്ണവസ്തുക്കൾ. ആന്തോസയാനിനുകളും കരോട്ടിനോയ്ഡുകളുമാണ് പൂക്കളിൽ വർണ്ണ വിസ്മയം തീർക്കുന്നത്. ആന്തോസയാനിൻ വർണ്ണകങ്ങൾ പൂക്കൾക്ക് ചുവപ്പ്, നീല , പർപ്പിൾ തുടങ്ങിയ നിറങ്ങൾ നൽകും. ആന്തോസയാനിന്റെ അളവ് വളരെ വളരെ കുറവാണെങ്കിലും ആന്തോസയാനിന്റെ അഭാവമുണ്ടെങ്കിലും പൂക്കൾക്ക് വെളുപ്പു നിറമായിരിക്കും. കാരോട്ടിനോയ്ഡ് വർണ്ണകങ്ങൾ പൂക്കൾക്ക് മഞ്ഞ, ഓറഞ്ച്, ചുവപ്പ് എന്നീ നിറങ്ങൾ നൽകുന്നുണ്ട്. ആകർഷകമായ നിറമുള്ള ചില ഇലകളിലും ഈ വർണ്ണവസ്തുക്കൾ അടങ്ങിയിരിക്കും. പി.എച്ച് വ്യത്യാസപ്പെടുന്നതനുസരിച്ച് (അമ്ല, ക്ഷാര ഗുണങ്ങളിലെ വ്യത്യാസത്തിനനുസരിച്ച്) ഈ വർണ്ണകങ്ങൾ പൂക്കൾക്ക് നൽകുന്ന നിറങ്ങളും വ്യത്യാസപ്പെടും. ചില പൂക്കളിൽ രണ്ടു വർണ്ണകങ്ങൾ ചേർന്നും നിറമുണ്ടാവാറുണ്ട് കേട്ടോ. പൂക്കളിലെ വർണ്ണകങ്ങളുടെ അളവിന്റെ ഏറ്റക്കുറച്ചിലിന് അനുസരിച്ച് കടും നിറങ്ങളും ഇളം നിറങ്ങളും ഉണ്ടാവുന്നു. ചെടികൾക്ക് ലഭിക്കുന്ന സൂര്യപ്രകാശത്തിന്റെ തോത്, ഒരു പ്രദേശത്തെ താപനില, മണ്ണിന്റെ പി.എച്ച്, ജലാംശം തുടങ്ങി പല ഘടകങ്ങളും പൂക്കളുടെ നിറത്തെ സ്വാധീനിക്കാറുണ്ട്.

സീമ ശ്രീലയം അധ്യാപിക, ശാസ്ത്ര എഴുത്തുകാരി

0 Comments

Leave a Comment

FOLLOW US