ടുര്വോസ്
‘മാഷേ ടുര്വോസ് എന്നാല്‍ എന്താ?’
4 എയിലെ എയ്ഞ്ചല്‍ വര്‍ഗീസ് ഉച്ചയ്ക്കുള്ള ബ്രേക്ക് കഴിയാന്‍ 10 മിനിറ്റ് ബാക്കി നില്‍ക്കെയാണ് ഈ ചോദ്യം സന്തോഷ് മാഷിനോട് ചോദിച്ചത്. അവള് ഉദ്ദേശിച്ച ‘ഡിവോഴ്സ്’ ഇതുവരെ വിവാഹം പോലും കഴിച്ചിട്ടില്ലാത്ത 30 വയസ്സിനു താഴെ പ്രായമുള്ള ആ ചെറുപ്പക്കാരന് എങ്ങനെ പറഞ്ഞു മനസ്സിലാക്കും ?
‘എയ്ഞ്ചല്‍ വര്ഗീസിനോടിത് ആരാ പറഞ്ഞത്?’ മാഷ് അവളോട് ചോദിച്ചു.
‘മാഷേ രാത്രി വന്ന് പപ്പാ പറയും ടുര്വോസ് ആയാല്‍ പപ്പയുടെ കൂടെ പോകണമെന്ന്, മമ്മി പറയും ടുര്വോസ് ആയാല്‍ മമ്മി എന്നേംകൂട്ടി വല്ല്യപ്പന്റെ അടുത്തേക്ക് പോകുമെന്ന്… എന്താ മാഷേ ടുര്വോസ്… എപ്പഴാ ടുര്വോസ് ആവ?’ എയ്ഞ്ചല്‍ വര്‍ഗീസ് അവളെക്കൊണ്ട് ആവുംവിധം ആ വാക്കിനെ അയാള്‍ക്ക് വിശദീകരിച്ചു കൊടുത്തു.
‘ണിം ണിം ണിം…’ ബെല്ലടി കേട്ട് രണ്ടാളും ഒന്ന് ഞെട്ടി. ക്ലാസുകള്‍ തുടങ്ങാനായിരിക്കുന്നു.
‘മാഷേ… മാഷ് നോക്കിയിട്ട് സ്കൂൾ വിടുമ്പോള്‍ പറഞ്ഞുതരുമോ ഞാന്‍ ഇന്ന് സ്കൂള്‍ ബസ്സിലെ രണ്ടാമത്തെ ട്രിപ്പിലാണ്..’
‘ഉറപ്പായും എയ്ഞ്ചല്‍ വര്‍ഗീസിനു ഞാന്‍ പറഞ്ഞുതരാം. ഇപ്പോള്‍ ക്ലാസ്സില്‍ പോയി പഠിക്കൂ.’ അയാള്‍ക്കങ്ങനെ പറയാനാണ് അപ്പോള്‍ തോന്നിയത്.’
‘മാഷേ ആരോടും പറയില്ല എന്ന് സത്യം ചെയ്യ്…’ നിഷ ടീച്ചര്‍ എങ്ങാനും അറിഞ്ഞാല്‍ വീണാമിസ്സിനോട് പറയും… മമ്മീടെ നമ്പര്‍ രണ്ടാളുടെലും ഉണ്ട്… വേഗം സത്യം ചെയ്യ് മാഷേ ഗോഡ് പ്രോമിസ് മതി..’
ടുര്വോസ് എന്ന ആ വാക്കിനു എന്തോ പന്തികേട് ഉണ്ടെന്ന് അവള് മനസ്സിലാക്കിയിരിക്കുന്നു ഭാഗ്യം !! നെഹ്റുവിന്റെയും മഹാത്മാഗാന്ധിയുടെയും അന്നത്തോളം കാലം അവിടെയിരുന്ന എല്ലാ ഹെഡ്മാഷ്ന്മാരുടെയും ചിത്രങ്ങളുടെ മുന്പില് വെച്ച് സന്തോഷ് മാഷ് എയ്ഞ്ചല്‍ വര്‍ഗീസിന് സത്യം ചെയ്തു കൊടുത്തു. അവള് ക്ക് കിട്ടിയ കാക്കത്തൊള്ളായിരം സത്യങ്ങളുടെ ഇടയില്‍ കിടന്ന് അതിനെ പിടയാന്‍ വിട്ട് എയ്ഞ്ചല്‍ വര്‍ഗീസ് ക്ലാസ്സിലേക്ക് ഓടി. സന്തോഷ് മാഷിനെ ആ ചോദ്യം വല്ലാതെ ഉലച്ചു. കുട്ടികള്‍ക്ക് കുറച്ച് കണക്കുകള്‍ ഇട്ടുകൊടുത്തു അയാള്‍ പുറത്തേക്കിറങ്ങി.
റസീമത്തായുടെ കോഴി ഹാരിസ് മാഷിന്റെ ബജാജ് പൾസർ 2008 മോഡിലിലേക്ക് കാഷ്ടിക്കുകയാണ്. ഇന്നത്തേത് കൂടെ കൂട്ടി ഇത് എത്രാമത്തെ തവണ യാണ് ഈ സംഭവം എന്ന് വൈകുന്നേരത്തെ ബഹളത്തില്‍ കേള്‍ക്കാം. ഇക്ക മനുഷ്യന്മാരുടൊക്കെ വണ്ടി മാവിന്റെ മൂട്ടിലുങ്കെിലും റസീമത്തായുടെ ചുവപ്പും തവിട്ടും കലര്‍ന്ന ആ പൂവന് ഹരിസ് മാഷിന്റെ വണ്ടി തിരഞ്ഞു കണ്ടുപിടിച്ചു കാര്യം സാധിക്കുന്നത് ഒരു അ ത്ഭുതം തന്നെ.
ഇതിനെ ചൊല്ലി വര്‍ഷങ്ങളായി സ്കൂൾ മതിലിനിരുപുറവും നിന്ന് രണ്ടുപേര്‍ നടത്തുന്ന മൂന്നാം ലോകമഹായുദ്ധത്തിന്റെ കഥകളേതും അറിയാതെ ആ കോഴി ഭൂമിയില്‍ കൊത്തിപ്പെറുക്കി ജീവിച്ചു.
‘മാഷേ…. ഈ കാക്കച്ചി അജയന് എന്റെ നോക്കി എഴുതാന്‍… കൊറേ നേരായി കാട്ടിത്തരുമോ എന്ന് ചോദിച്ചു തോാണ് മാഷേ’ ആയിഷ മൊയ്ദീൻ കടുപ്പത്തിലാണ്. എന്നാല്‍ ആദ്യം ശിക്ഷിക്കപ്പെട്ടത് അവള് തന്നെ ആയിരുന്നു. കുട്ടികളുടെ ഇടയിലെ ഇരട്ടപ്പേരുകളെ കൃത്യമായി മോണിറ്റര്‍ ചെയ്യാന്‍ മാഷ് ഏറെ ശ്രദ്ധിച്ചിരുന്നു. വേര്‍തിരിവുകളില്ലാത്ത നാളേക്ക് വേണ്ടിയാണതെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. ലാസ്റ്റ് ബെല്‍ അടിക്കുമ്പോഴും കൃത്യമായൊരു ഉത്തരം അയാളുടെ കയ്യില്‍ ഉണ്ടായിരുന്നില്ല. എങ്കിലും എയ്ഞ്ചല്‍ വര്‍ഗീസിന്റെ ക്ലാസ്സ്റൂമിലേക്ക് നടന്നു.
‘മാഷേ ഉത്തരം കിട്ടിയോ?’ പുതിയ സ്കൂള്‍ ബാഗ് കഷ്ടപ്പെട്ട് തോളിലിട്ട് അവള് വരാന്തയിലേക്ക് ഓടി വന്നു. ലോകത്തേറ്റവും മനോഹരമായ വാത്സല്യത്തോട് കൂടി മാഷ് ആ ബാഗ് പതിയെ കയ്യില്‍ പഠിച്ചു.
‘നല്ല കനമുണ്ടല്ലോ എയ്ഞ്ചലേ.. വീട്ടിലെ അമ്മിക്കല്ലു കൂടി ഇട്ടിട്ടുണ്ടോ?’
‘മാഷേ നാലില്‍ എത്തിയില്ലേ പഠിക്കാനൊക്കെ കൊറെയുണ്ട്…’ അവള് വലിയ പത്രാസുകാരിയായി.
മാഷ് അവളെയും കൂട്ടി സ്റ്റാഫ്റൂമിന് മുന്നിലുള്ള ചെറിയ ബെഞ്ചില്‍ പോയിരുന്നു. മുന്നിലെ ഗ്രൗണ്ടിലൂടെ അരിമണിയേന്തിയ കുഞ്ഞുനുറുമ്പുകള് കണക്കെ കുട്ടികള്‍ വരിയായി ബസ്സിലേക്ക് കയറുന്നു.
‘എയ്ഞ്ചലേ… മോളിത് വീട്ടിലാരോടും ചോദിച്ചില്ലേ?’
‘ഞാന്‍ ചോദിച്ചു മാഷേ ആര്‍ക്കും ഒന്നും അറി യില്ല.. മമ്മി പറയണേ സമാധാനം കിട്ടാനാണ് ടുര്വോസ് എന്നാ… പപ്പക്കണേല് ടുര്വോസ് എന്നാല്‍ ദേഷ്യം പിടിപ്പിക്കാനുള്ള എന്തോ ആണ്.. മാഷിന് എന്താ ടുര്വോസ്?’
അവളയാളെ പ്രതീക്ഷയോടെ നോക്കി മറ്റാര്‍ക്കും അറിയാത്തത് തനിക്കറിയാമെന്ന് ഈ ചെറിയ കുട്ടി വിശ്വസിച്ചിരിക്കുന്നു. അവളുടെ ഹൃദയം നുറുങ്ങാത്ത വിധം എങ്ങനെ അര്‍ത്ഥം പറഞ്ഞു കൊടുക്കും? പുറത്ത് ബഹളം തുടങ്ങിയിരിക്കുന്നു. ഹാരിസ് മാഷ് രണ്ടും കല്‍പ്പിച്ചാണ്. ഒന്നുകില്‍ ബൈക്ക് ഇല്ലെങ്കില്‍ കോഴിക്കറി എന്നാണ് മാഷിന്റെ വാദം. പച്ചനിറത്തിലുള്ള കാഷ്ഠം ഇന്നീ കോഴി ഇടാന്‍ തീരെ സാധ്യതയില്ലെന്നും അതിന്റെ തീറ്റി പ്രകാരം അത് മഞ്ഞയാണ് ഇടുകയെന്നും റസീമതാത്ത സത്യം ചെയ്തു പറഞ്ഞു.
അത് നോക്കിയിരിക്കെ മാഷിങ്ങനെ പറഞ്ഞു.
‘മോള് റസീമത്തായുടെ പൂവനെ കണ്ടിട്ടണ്ടോ’
‘കുറേ വട്ടം കണ്ടിട്ടുണ്ടല്ലോ മാഷേ… ഞങ്ങള്‍ കളിക്കുമ്പോ ഹാരിസ് മാഷിന്റെ വണ്ടി തപ്പി നടക്കണേ കാണാറുണ്ട്. ഒന്നുരണ്ട് വട്ടം അയിന് വഴി കാട്ടി കൊടുത്തിട്ടുണ്ട്.’ ചെറിയൊരു കുസൃതിച്ചിരി അവരിരുന്ന ബെഞ്ചിന് ചുറ്റും നിറഞ്ഞു.
‘മാഷിനു ടുര്വോസ് ആ കോഴിയാണ് മോളെ.. നോക്ക് അത് അപ്പിയിട്ട് രണ്ടാളുകളെ തമ്മില്‍ വഴക്കിടീപിച്ചു ഒന്നും അറിയാത്ത പോലെ നടക്കുന്നെ… എല്ലാരേം മതിലിനിരുപുറവും നിര്‍ത്തി കാഷ്ഠത്തെ ചൊല്ലി തര്ക്കിപ്പിക്കുന്ന തൂവലുള്ള കൂവുന്ന പൂവന് കോഴി.’ അയാള്‍ പറഞ്ഞതവള്‍ക്ക് ഇഷ്ടപ്പെട്ടുവെന്ന് തോന്നുന്നു. അവള് ഒരു കഥകേള്ക്കാനെന്നവണ്ണം മാഷിന്റെ മടിയിലേക്ക് ചാഞ്ഞു. ‘മോള് അതോണ്ട് അയിനെ ഓര്‍ത്ത് നടക്കാട്ടൊ.. നമ്മക്ക് മമ്മിയോടും പപ്പയോടും പറഞ്ഞു വീട്ടിലുള്ള പൂവനെ ശെരിയാക്കാം’ മാഷ് അവള്‍ക്ക് രണ്ടാമത്തെ സത്യം ആ ബെഞ്ചില്‍ വെച്ചു നല്കി.
എയ്ഞ്ചല്‍ വര്‍ഗീസ് ബസ്സിന്റെ അടുത്ത ഷിഫ്റ്റില്‍ കയറിപ്പോയി. അവളിന്നു മുഴുവന്‍ ഒരുപക്ഷെ വീട്ടിലെ കള്ളന് കോഴിയെ പിടിക്കാന്‍ നടന്നിരിക്കാം. സന്തോഷ് മാഷ് വീണടീച്ചറിനെ വിളിച്ചു അവളുടെ അമ്മയുടെ നമ്പര്‍ സംഘടിപ്പിക്കുകയും രക്ഷിതാക്കള്‍ നിര്‍ബന്ധമായും അടുത്ത ദിവസം ഒരുമിച്ച് സ്കൂളിന് പുറത്തെ ചായക്കടയില്‍ വെച്ച് തന്നെ കാണണമെന്നും ആവശ്യപ്പെട്ടു. മുതിര്‍ന്നവര്‍ക്ക് മാത്രം മനസ്സിലാകുന്ന ഭാഷയില്‍ മാഷ് അവരോട് സംസാരിച്ചു. ആ ഭാഷയില്‍ എത്ര പെട്ടന്നാണ് ആളുകള്‍ക്ക് സംസാരിക്കാന്‍ സാധിക്കുക.
എയ്ഞ്ചല്‍ വര്‍ഗീസ് രണ്ടുമൂന്നു തവണ കൂടി വീട്ടിലെ ഒളിച്ചിരിക്കുന്ന പൂവനെ കാണാത്തതിനെ ചൊല്ലി മാഷോട് പരാതി പറഞ്ഞു. പിന്നീടവളോട് പപ്പാ അതിനെ പിടിച്ചെന്നും മമ്മി അത് കറിവെച്ചു കഴിക്കാന്‍ വിളിക്കുന്നുവെന്നും പറഞ്ഞു. ചെറിയ മഴയുള്ള ആ രാത്രിയില്‍ അവര്‍ ഒരുമിച്ച് അത്താഴം കഴിച്ചു. സന്തോഷ് മാഷിനോട് ആ കഥ മുഴുവന്‍ പറയണമെന്നോര്‍ത്തു അവള് അന്ന് സുഖമായുറങ്ങി.
അഞ്ജുഷ കാപ്പാട്ട് ബാലു