ബാല്യം – ഒരോർമ്മക്കുറിപ്പ്
അന്നൊരുനാൾ ബാല്യത്തിന്റെ
ഓർമ്മകൾതൻ മണിവീണ-
തന്ത്രികളിൽ വിരൽ തൊട്ടു
താളമോടെ തനിച്ചവൻ
മീട്ടാനിരുന്നു.
പൊന്നിൻചിങ്ങപ്പുലരിയിൽ
മുത്തശ്ശിതൻ വിരൽപിടി-
ച്ചൊരുമിച്ചു പൂപറിക്കാൻ
തുള്ളിച്ചാടി നടന്നൊരാ
പൊന്നോണക്കാലം.
മുറ്റത്തുള്ളോരൊട്ടുമാവിൻ
ചില്ലയിലെന്നച്ഛനിട്ടോ –
രൂഞ്ഞാലിൻമേലാടിയോ
രാതിരക്കാലം.
പഞ്ചവാദ്യ പെരുക്കത്തി-
ലഞ്ചാനകൾ നിരക്കുന്ന
നാട്ടുവേലപ്പറമ്പിലെ
ഉണ്ടംപൊരി വാങ്ങിത്തിന്നോ-
രുണ്ണിവയറൻ.
പുസ്തകത്തിൻ താളുകളിൽ
മയിൽപീലിയൊന്നെടുത്തു
മാനം കാട്ടാതൊളിപ്പിച്ചിട്ടതു
പെറ്റു പെരുകുവാൻ കാത്ത കാലം.
പള്ളിക്കൂട പ്രണയത്തിൻ
പാവാടക്കാരിയുടെ
കരിമഷി കണ്ണിണയിൽ
കണ്ടതവൻ കനവാണോ
കവിതയാണോ..
ദൂരെയിപ്പോൾ നഗരത്തിൽ
ഓർമ്മകൾ തൻ കുന്നിമണി-
ചെപ്പുതുറന്നെണ്ണുന്നവൻ
നിങ്ങളാകാം ഞാനാകാം
മറ്റൊരാളാകാം…

സതീഷ് തോട്ടശ്ശേരി മലയാളം മിഷൻ ബാംഗ്ലൂർ