അനുഭവ നർമ്മം
കുഞ്ഞുലക്ഷ്മി അമ്മയുടെ പല്ലുപറി

ട്രൗസർ പ്രായത്തിലെ പല്ലുപറി ഒരു സംഭവമാണ്. പല്ല് ഇളകി തുടങ്ങിയാൽ പിന്നെ ഒരു അങ്കലാപ്പാണ്..
ഭക്ഷണം കഴിക്കുമ്പോൾ അതെങ്ങാനും വയറ്റിലെത്തുമോ എന്ന പേടി. വായിൽ നിന്നും പറിച്ചു മാറ്റുമ്പോഴുള്ള രക്തം ചിന്തലും വേദനയും ആലോചിച്ചു കുഞ്ഞു മനസ്സുകൾ വേവലാതിപ്പെടും. അന്നത്തെ കാലത്തു ഇന്നത്തേതുപോലെ മുക്കിനു മുക്കിനു ദന്ത വൈദ്യൻമാരില്ലാതിരുന്ന കാരണം തറവാട്ടിലെ ഏതെങ്കിലും വിമുക്ത ഭടന്മാരോ അല്ലെങ്കിൽ ഉരുക്കുവനിതകളോ ആയിരിക്കും പല്ലുപറി ദൗത്യം ഏറ്റെടുക്കുക. ഞങ്ങളുടെ കുട്ടിക്കാലത്തു പല്ലുപറി വിദഗ്ദ്ധ ഗോമതി വലിയമ്മയായിരുന്നു. വെളക്കത്ര ലക്ഷ്മിയമ്മ പേറെടുക്കുന്ന ലാഘവത്തോടെയാണ് വലിയമ്മ ഞങ്ങളുടെ ഇളകിയാടുന്ന പല്ലുകൾ പറിക്കുക. അതിനു ചില രീതികളൊക്കെയുണ്ട്. ലേശം ഇളകി തുടങ്ങിയാൽ വലിയമ്മയെ പല്ലു കാണിക്കണം. മൂപ്പത്തിയാര് അതൊന്ന് ആട്ടി നോക്കും. വലിയ തോതിൽ ആട്ടമില്ലെങ്കിൽ അടുത്ത അപ്പോയിന്റ്മെന്റ് തരും. രണ്ടോ മൂന്നോ ദിവസം കഴിഞ്ഞു വീണ്ടും ആട്ടി നോക്കും. ഒരുവിധം ഇളക്കമുണ്ടെങ്കിൽ എൻ. ടി. പി. ബസ് ഡ്രൈവർ ശങ്കരന്നായര് ഗിയറു മാറ്റുമ്പോലെ രണ്ടു മൂന്നു വലിക്ക് പല്ലു കയ്യിൽ വരും. കുറച്ചു കോംപ്ലിക്കേറ്റഡ് കേസാണെങ്കിൽ പിന്നെ ഒരു നൂൽ പ്രയോഗമുണ്ട്. ഇളകുന്ന പല്ലിന്റെ ചോട്ടിൽ മരം വെട്ടുമ്പോൾ കയറിട്ടു പിടിക്കുന്ന പോലെ നൂല് കൊണ്ട് കുടുക്കിട്ട ശേഷം ഒരു പണ്ടാര വലിക്കു പല്ല് നൂലിൽ ഊഞ്ഞാലാടും.

നമ്മടെ കണ്ണിൽ നിന്ന് കണ്ണീരും വായിൽ നിന്ന് ചോരയും വരുമ്പോൾ ഇതൊക്കെ എന്ത് എന്ന ഭാവമായിരിക്കും ഉരുക്കു വനിതയുടെ മുഖത്തു വിടരുക. അപ്രകാരം വാ ബന്ധം വിട്ട പല്ലുകൾ ലേശം ചാണകത്തിൽ പൊതിഞ്ഞു ഓട്ടിൻപുറത്തേക്കെറിയും. കൂട്ടത്തിൽ “കീരികീരി കിണ്ണം താ” എന്ന പാട്ടും പാടാറുണ്ട്. അതിന്റെ ഗുട്ടൻസ് ഇനി കാണുമ്പോൾ ചോദിക്കണം. അന്ന് ചോദിക്കാൻ പേടിയായിരുന്നു. സ്റ്റീരിയോ ഫോണിക് സൗണ്ടിൽ എല്ലാരും കേൾക്കെ “നെഷേധി” വിളി കേൾക്കേണ്ടിവരുമല്ലോ എന്ന പേടി.


പിന്നെ പുതിയ പല്ലു വരാൻ താമസിച്ചാൽ ഒരു ചെറിയ സർജറിയും വലിയമ്മ തന്നെ ചെയ്യും. ഒരു നെല്ലെടുത്ത്‌ തൊണ്ണിൽ ഒരു കീറ് കീറും. സ്കെയിൽ ഒന്നും വെക്കാത്തതുകൊണ്ടു എന്റെ മോണയിൽ കീറിയത് വളഞ്ഞും പുളഞ്ഞും ആയതിനാൽ പല്ലുകളൊക്കെ കൂഴ ചക്ക വീണു പ്ലാവിൻ തൈകൾ കൂട്ടത്തോടെ മുളക്കുന്നപോലെയായിപ്പോയി. ഇപ്പോഴാണെങ്കിൽ കൃത്യവിലോപത്തിനു നഷ്ട പരിഹാര കേസ് ഫയൽ ചെയ്യാമായിരുന്നു.

ഇനി കുറെ കണ്ടതും കേട്ടതുമായ പല്ലുപറി അനുഭവങ്ങൾ പങ്കുവെക്കാം. ഒരിക്കൽ ശിഷ്യൻ കേശവൻ തോട്ടത്തിൽ വെച്ച് പല്ലുപറിച്ചത് പാള
നാരു കൊണ്ടായിരുന്നു. നാരിന്റെ ഒരറ്റം ഇളകുന്ന പല്ലിലും മറ്റേ അറ്റം ഒരു കവുങ്ങിലും കെട്ടി. എന്നിട്ടു വൺ ടു ത്രീ പറഞ്ഞുകൊണ്ട് ഒറ്റ ഓട്ടം. പിന്നെ കണ്ടത് പാള നാരിന്റെ അറ്റത്തു തൂങ്ങി ചത്തപോലെ പല്ല് കിടന്നാടുന്നതാണ്. കുഞ്ഞനിയൻ കുഞ്ചാവയുടെ പല്ലു പറിക്കാൻ അച്ഛൻ വിളിച്ചപ്പോൾ പേടിച്ചോടിയ അവനെ തൊട്ടനിയൻ ചൂരി ഓടിച്ചിട്ട് പിടിച്ചു തോർത്ത് കൊണ്ട് കൈകൾ എല്ലാം കെട്ടിയാണ് ഹാജരാക്കിയത്. കൊണ്ടുവരുമ്പോൾ പഞ്ചായത്തിലെ നായ പിടുത്തക്കാർ കുരുക്കിട്ട് പിടിക്കുമ്പോൾ ചൊക്കി മോങ്ങുന്നപോലെ മോങ്ങിയാണ് വന്നതെങ്കിലുംപല്ലു വലി കഴിഞ്ഞപ്പോൾ സീറോ വോൾടേജ് ബൾബ് കത്തുന്ന പോലെ ഒരു വളിച്ച തൊലി മോന്തയിൽ ഉണ്ടായിരുന്നത് ഞങ്ങൾ കണ്ടു.

എന്റെ അണക്കലെ പല്ലൊരെണ്ണം തൊരന്നു തൊപ്പിയിടാൻ ഒരു ധൈര്യത്തിന് പുത്രനെയും കൂട്ടിയാണ് പോയത്. തൊരക്കുമ്പോൾ വേദന വന്നാൽ ഉടൻ കൈ പൊക്കണമെന്ന് ഭിഷഗ്വരൻ ശട്ടം കെട്ടി. പിന്നീട് ഞാൻ ഉയർത്തിയ കയ്യ് താഴ്‌ത്തുകയേ ഉണ്ടായിട്ടില്ലെന്ന അവന്റെ ഊതലിൽ ലേശം കാറ്റില്ലായ്മയില്ലെന്നു പറഞ്ഞുകൂടാ.

അവസാനമായി ഈ പല്ലോർമ്മകളിലേക്ക്‌ മ്മളെ നയിച്ച കാര്യം കൂടി പറഞ്ഞുകൊണ്ട് കഥ കഴിക്കാം. ഒരാഴ്ച മുമ്പാണ് പടിപ്പെര വീട്ടിൽ കുഞ്ഞുലക്ഷ്മി അമ്മക്ക് പല്ലുവേദന ഇളകിയത്. ഒന്ന് രണ്ടു ദിവസം ക്ലോവ് ഓയിലും മറ്റു മുറിവൈദ്യവുമൊക്കെ നോക്കിയെങ്കിലും നോ ഗുണം. പിന്നെ കൂടിയാലോചനകൾക്കുശേഷം
പല്ലു ഡോക്റ്ററെ കാണാൻ തീരുമാനിക്കുന്നു. രണ്ടുകൊല്ലം മുമ്പ് ഇതുപോലൊരു പല്ലു വേദനയെ തുടർന്ന് ഒരാഴ്ചത്തെ തയ്യാറെടുപ്പുകൾക്കൊടുവിൽ ആസ്പത്രിയിൽ പോയി പല്ലെടുത്ത മുൻ പരിചയം ഉണ്ട്. അതിന്റെ പിൻബലത്തിൽ പാത്തിക്കിരി സന്ദർശനം നടത്താൻ തീരുമാനമായി.

അടുത്തുതന്നെയുള്ള ഒരു പല്ല് ഡോക്ടറെ കണ്ടു. തല്ക്കാലം പല്ലു പരിശോധനയും പ്രാദേശിക മയക്കു വെടി കൊടുത്തു തരിപ്പിച്ച ശേഷം ഒരു ക്ലീനിങ്ങും നടത്തി. അപ്പോൾ തന്നെ മുഖം അയിലിമുടിച്ചി മല പോലെ കുന്നും കുഴിയുമായി. സംസാരം ഏറെക്കുറെ കല്ലുവഴി ചിട്ട കഥകളിയായി. പിന്നെ രണ്ടീസത്തേക്ക് ആന്റി ബിയോട്ടിക്‌സ്, വേദനസംഹാരി, ചോര മർദ്ദം, പഞ്ചാരാദി പരിശോധനകൾ, ഇത്യാദികൾ… പ്രായാധിക്യം, മേല്പറഞ്ഞ പ്രകാരമുള്ള അസ്കിതകൾ മുതലായവ കാരണം എന്തെങ്കിലും പ്രശ്നമുണ്ടായാൽ ആശുപത്രി വാസം വരെ വേണ്ടിവരുമെന്ന് ഡോക്ടർ മാഡം പറഞ്ഞപ്പോൾ തൊട്ട് പി. വി. കെ. അമ്മ പണ്ടേ ദുർബ്ബല അതിലും ഗർഭിണി എന്ന് പറഞ്ഞപോലെയായി. പല്ലുപറി ഏതു ദുരന്തത്തിൽ അവസാനിക്കുമെന്ന ചിന്ത സ്വാഭാവികമായി അവരെ വേണ്ടാത്ത നിഗമനങ്ങളിലേക്കു നയിച്ചു.

പിന്നെ ചാവേറുകാര് യുദ്ധത്തിന് പോണപോലെ രണ്ടും കല്പിച്ചു പോയി. രണ്ടു മയക്കു വെടി കൊണ്ട് കൊഞ്ഞി മരവിപ്പിച്ചു പല്ലെടുത്തു. എന്തായാലും അത്യാഹിതങ്ങളൊന്നും സംഭവിക്കാതെ സംഭവം കഴിഞ്ഞു പുറത്തു വന്നപ്പോൾ ഞങ്ങൾ പെണ്ണുമ്പിള്ളയുടെ കന്നി പ്രസവം കഴിഞ്ഞു പിള്ള കരച്ചിൽ കേട്ട കണവനെ പോലെ ദീർഘ നിശ്വാസം വിട്ടു വീടുപൂകി.

സതീഷ് തോട്ടശ്ശേരി മലയാളം മിഷൻ ബാംഗ്ലൂർ

0 Comments

Leave a Comment

Recent Comments

FOLLOW US