കര്‍മ്മഫലം
പുഴയില്ല മരമില്ല കായില്ല കനിയില്ല
പൂക്കളില്ല കത്തിക്കരിയുന്നു ഭൂമി
കരയുന്നു വേഴാമ്പല്‍ മഴ കാത്ത്
മഴയില്ല പുതുമണ്ണിന് മണമില്ല
കരിമേഘം എങ്ങുമില്ലമ്പരത്തില്
കഴുകനും കാക്കയും മത്സരിച്ചാര്ക്കുന്നു
പ്രാണനെ കൊത്തി വലിച്ചീടുവാന്
വികസനം പെറ്റൊരാ വരള്‍ച്ചയെ
മുലയൂട്ടി വളര്‍ത്തുന്നു കാലവും
തിരിച്ചുനടക്കുവാന്‍ ഒരിടവഴിപോലും
ബാക്കിവയ്ക്കാത്ത മനുഷ്യര്‍
ഭൂമിക്ക് ഭാരമായി നില്ക്കുമ്പോള്
നീതിനടപ്പാക്കാനല്ലാതെ വാത്സല്യമൂറ്റുവാന്
അവനിമാതാവിനിയാകുമോ?
ശ്രീധരന് കെ വി
കല്പാക്കം, തമിഴ്നാട്