വനബാലയുടെ വിഹ്വലതകൾ

പേരമകൾ ചിന്നുവിന് ഇന്ന് പത്താം ക്ലാസ്സിലെ പരീക്ഷകൾ തുടങ്ങുകയാണ്. അവളെ യാത്രയാക്കിയ ശേഷം ഗേറ്റു കുറ്റിയിട്ടു വനബാല വീട്ടിലേക്കു നടന്നു. കൂടെ സ്മൃതികളിൽ വിഹ്വലതകളുടെ മൂടൽ മഞ്ഞായി മറ്റൊരു പരീക്ഷാക്കാലവും

വനബാല പത്താം ക്ലാസ്സ്‌ പരീക്ഷകളുടെ തിരക്കിലായിരുന്നു.
സന്നിഗ്ധ ഘട്ടങ്ങളെ അഭിമുഖീ കരിക്കുക എന്നത് വനബാലക്ക്‌ എന്നും വിഷാദത്തിന്റെ
എവറസ്റ്റാരോഹണമായിരുന്നു.
വിഷമഘട്ടങ്ങൾ തരണം ചെയ്യുന്നതുവരെ പറഞ്ഞറിയിക്കാൻ വയ്യാത്ത ഉന്മാദാവസ്ഥ. തലക്കകത്തു പെരുപ്പ്. കൈകാലുകൾക്ക് ഒരു കുഴച്ചിലും തരിപ്പും.
ഇപ്പോൾ തലയിൽ മുഴുവൻ കണക്കും, സയൻസും, സാമൂഹ്യപാഠവും കുഴഞ്ഞു മറിഞ്ഞു കിടക്കുകയാണ്. പുസ്തകങ്ങൾ കാർന്നു കാർന്ന് മതിയായി. പരീക്ഷ ജയിച്ചില്ലെങ്കിൽ ഏട്ടന്മാരുടെ കളിയാക്കൽ കേൾക്കണം. കൂട്ടുകാരുടെ വക വേറെ. എങ്ങിനെയെങ്കിലും ജയിച്ചേ മതിയാകൂ എന്ന വാശിയിലാണ്.

“മാഷ്ടെ കുട്ടി തോറ്റൂന്നറിഞ്ഞാൽ അതില്പരം നാണക്കേടുണ്ടോ” എന്ന ബാലാംബാൾ ടീച്ചറുടെ ഓർമ്മപ്പെടുത്തൽ ഉള്ളിൽ ഒരു ആന്തലായി പടർന്നു. ഏട്ടന്മാരുടെ കളി തമാശകളിൽ നിന്നെല്ലാം ഒഴിഞ്ഞു മാറി നടപ്പാണ് ഇപ്പോൾ. അല്ലെങ്കിൽ രാത്രി ഊണിനു ശേഷമുള്ള ചന്ദ്രേട്ടയുടെ കഥ പറച്ചിൽ കൂട്ടത്തിൽ ആദ്യമെത്തുന്നത് വനബാലയായിരിക്കും. പേടിപ്പെടുത്തുന്ന കഥകളായിരിക്കും ചന്ദ്രേട്ട പറയുക. യക്ഷികൾ,ഭൂതങ്ങൾ,പിശാചുക്കൾ,ഒടിയന്മാർ ഇവരൊക്കെയാകും കഥാപാത്രങ്ങൾ. കഥ കത്തിക്കയറുമ്പോൾ പറച്ചിലുകാരന്റെ കണ്ണുകൾ ഉരുണ്ടു മേല്പോട്ടു കയറും. കയ്യുകൾ ഉയർത്തി വിരലുകൾ വിടർത്തി അതിഭീകരമായ അന്തരീക്ഷം സൃഷ്ടിക്കും. കഥ കഴിഞ്ഞു ഉറങ്ങാൻ കിടന്നാലും മനസ്സിൽ ക്ഷുദ്ര കഥാപാത്രങ്ങൾ നിറഞ്ഞു നിൽക്കും. ഉറക്കം വരാൻ വൈകും. ഉറങ്ങി കഴിഞ്ഞാൽ ഭീകര സ്വപ്‌നങ്ങൾ കണ്ടു ഞെട്ടി ഉണരും. നിലവിളികൾ അപശബ്ദമായി പുറത്തുവരും. നെഞ്ചിലെ പെരുമ്പറ മുഴക്കം കാതുകളിൽ അലയടിക്കും. അച്ഛൻ ചീത്ത പറഞ്ഞുതുടങ്ങും. എന്നാലും കഥ പറയുമ്പോൾ അഞ്ചാറു പേരുള്ള കേൾവിക്കാരിൽ ഒരാളാകും വനബാല.

മനസ്സിൽ ഏതെങ്കിലും തരത്തിലുള്ള ഉത്ക്കണ്ഠയുടെ പിടി മുറുകുമ്പോൾ അടുത്തുള്ളവർ പറയുന്നതൊന്നും കേട്ടെന്നുവരില്ല. മറ്റേതോ ലോകത്തായിരിക്കും ചിന്തകൾ മേയുന്നത്. ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ പെട്ടെന്ന് മറുപടി ഉണ്ടാകില്ല. ചോദ്യം ആവർത്തിക്കേണ്ടിവരും. മലയാളം പരീക്ഷക്ക് പോകുമ്പോൾ ചങ്ങമ്പുഴയുടെ കാവ്യനർത്തകിയിലെ പന്ത്രണ്ടാം വരി “അതിധന്യകളുഡു കന്യകള്‍ മണിവീണകള്‍ മീട്ടി
അപ്‌സര രമണികള്‍ കൈമണികള്‍ കൊട്ടി” മറന്നു പോയത് ഓർത്തെടുക്കുമ്പോഴാണ് രമണി ചോദിച്ചത്

“ആരാ കുട്ടീ മുടി പിന്നി തന്നത് ? മുറുക്കം പോരാട്ടോ”

ഉത്തരം കിട്ടാൻ രണ്ടുവട്ടം ചോദ്യം ആവർത്തിക്കേണ്ടി വന്നു.

“ഈ പെണ്ണ് ഏതു സ്വപ്ന ലോകത്താണെടീ”

എന്ന ചോദ്യവും കൂടെയുള്ളവരുടെ പൊട്ടിച്ചിരിയും വഴി വരമ്പത്തു വീണുടഞ്ഞു.

മലയാളം പരീക്ഷ തരക്കേടില്ലാതെ എഴുതിക്കഴിഞ്ഞു. ആ സന്തോഷത്തിൽ പുറത്തിറങ്ങി കൂട്ടുകാരികൾക്കു കാത്തു നിൽക്കുമ്പോഴാണ് ആ തല തെറിച്ച ചെക്കൻ “കാട്ടു കുട്ടി” എന്ന് വിളിച്ചത്‌. സ്കൂളിൽ വെച്ച് മണിഏട്ടൻ വീട്ടിലെ വൈരാഗ്യം തീർക്കാൻ തന്നെ വിളിച്ചത് തെറിച്ചവൻ കേട്ടിരുന്നു. ഏട്ടന്മാരോട് പരാതി പറയും എന്ന് ഭീഷണിപ്പെടുത്തിയപ്പോൾ

“ആ മൊച്ച കൊരങ്ങന്മാർക്ക് എന്നെ ഒരു ചുക്കും ചെയ്യാൻ പറ്റില്ലെന്നാണ്” അവൻ പറഞ്ഞത്. പരീക്ഷ കഴിയട്ടെ എന്നു വെറുതെ ഭീഷണിപ്പെടുത്തി പറഞ്ഞു വിട്ടു.

രാത്രി വൈകി ഇരുന്നു പഠിക്കുന്ന ശീലം ഇല്ല. അതികാലത്ത്‌ ഉണർന്നു കുളികഴിഞ്ഞ ശേഷം പഠിക്കുന്നതേ നേരിട്ടു തലയിൽ കയറൂ. ദിവസവും പാടങ്ങൾക്കപ്പുറത്തുള്ള താമര കുളത്തിലാണ് കുളി. വിശാലമായ സ്വച്ഛജലാശയം എന്നും ഒരു ആവേശമായിരുന്നു. വേനലുകളിൽ പ്രത്യേകിച്ചും. കുംഭ മാസത്തിലെ കുളത്തിലെ വെള്ളം വാ വാ എന്ന് മാടി വിളിക്കുന്ന പോലെ തോന്നും. ആ സമയത്തു പെൺകടവിൽ ചേറൂരെ വീട്ടിലെ വെള്ളച്ചിയമ്മയും പിന്നെ വാരസ്യാരും മാത്രമേ കാണുകയുള്ളൂ. സുഖമായും സൗകര്യമായിട്ടും കുളിച്ചു കേറാം. അപ്പുറത്തെ കടവിൽ ഇമ്ബ്രാന്തിരിയും കുട്ടിയും കാണും. കുളികഴിഞ്ഞു നേരെ പോകുന്നത് ഭഗവതിക്ക് പൂജ കഴിക്കാനാകും. സഹായിയായി കുട്ടിയും ഉണ്ടാകും. ഇരുട്ടു മറയുന്നതിനു മുമ്പേ വെള്ളത്തിൽ മുങ്ങുമ്പോൾ ഒരു പ്രത്യേക നിർവൃതിയാണ്.

നേരം വെളുത്താൽ തറയിലെ പെണ്ണുങ്ങളുടെ തിരക്കായിരിക്കും. എല്ലാം ഒരു വകയാണ്. അസത്തുക്കൾ. കുനിഷ്ട്ട് വർത്തമാനവും കുന്നായ്മയുമായി കടവിൽ നിന്ന് കേറില്ല. തിരുമ്മുകല്ലുകൾ അവരുടെ തറവാട്ടുവകയാണെന്ന ഭാവമാണ്. അപ്പുറത്തെ കടവിൽ നിന്നുള്ള കോന്തൻമാരുടെ കാക്ക നോട്ടവും ഉണ്ടാവും. നേരം വെളുക്കുന്നതിനു മുൻപ് കുളികഴിഞ്ഞാൽ ഈ വക ശല്യങ്ങളിൽ നിന്നെല്ലാം രക്ഷപ്പെടാം.

അന്നും പതിവുപോലെ വനബാല ഉറക്കമുണർന്നു. ഉണരാൻ വൈകിയാൽ അമ്മ വിളിച്ചുണർത്താറുണ്ട്. അന്ന് മാറിയിരിക്കുന്ന കാരണം അമ്മ വേറെ മുറിയിലായിരുന്നു. വേണുവേട്ട കൊണ്ടുതന്ന തകര ഷെയ്ഡിൽ കാശ്മീരി സുന്ദരിയുടെ പടം ഉള്ള ഹരിക്കയിൻ വിളക്കിന്റെ തിരി ഉയർത്തി. മണിയും, വാസിനിയും, രാജിയുമൊക്കെ സുഖനിദ്രയിലാണ്. രാജിയുടെ വായിൽ നിന്നും തേനൊഴുകി തലേണയൊക്കെ നനഞ്ഞിട്ടുണ്ട്. തലമുടിയിൽ എണ്ണ തേച്ചുകെട്ടിവെച്ചു നനച്ചിടാനുള്ള തുണികളുമെടുത്തു വാതിൽ തുറന്നു പുറത്തിറങ്ങി. ഒട്ടുമൂച്ചിയുടെ ഇലകൾക്കിടയിലൂടെ മുറ്റത്ത് പൂനിലാവിന്റെ പാലൊളി കളം വരക്കുന്നുണ്ട്. പടി തുറക്കുന്ന ശബ്ദം കേട്ട് നീലിചൊക്കി തല പൊക്കി ഒന്ന് നോക്കിയ ശേഷം വീണ്ടും ഉറക്കം തുടർന്നു. വരമ്പത്തേക്കെത്തിയപ്പോൾ നിലാവിനു വെളിച്ചം കൂടിയപോലെ തോന്നി. മുത്ത് ചെട്ടിയാരുടെ വീട്ടിൽ വെളിച്ചം കണ്ടില്ല. ഉണർന്നിട്ടുണ്ടാകില്ല. വരമ്പിലെ പാടത്തേക്കു ചരിഞ്ഞു നിൽക്കുന്ന പനംചുവട്ടിൽ എത്തിയപ്പോൾ ചന്ദ്രേട്ടയുടെ കഥയിലെ യക്ഷിയെ ഓർമ്മ വന്നു. ശുഭ്രവസ്ത്ര ധാരിണിയായി, അഴിച്ചിട്ട നിലം മുട്ടുന്ന പനങ്കുല പോലുള്ള കാർകൂന്തലുള്ള സുന്ദരി. ഒറ്റക്ക് നടക്കുന്ന ആണൊരുത്തനോട് മുറുക്കാൻ ചുണ്ണാമ്പ് ചോദിക്കുന്ന യക്ഷി. കാല്പാദങ്ങളിൽ നിന്ന് അകാരണമായൊരു തരിപ്പ് ക്ഷണനേരം കൊണ്ട് മൂർദ്ധാവിലെത്തി പൊട്ടിത്തെറിച്ചു. അല്ലെങ്കിലും ഞാനൊരു പെൺകുട്ടിയല്ലേ. എന്തിനു പേടിക്കണം എന്ന് സമാധാനിച്ചു. എല്ലുന്തി നെൽക്കതിർ പോലുള്ള തന്റെ ദേഹത്തിൽനിന്നും യക്ഷിക്കെന്തു കിട്ടാൻ!! ഓരോന്നാലോചിച്ചു നടന്ന്‌ കുളത്തിലെത്തിയതറിഞ്ഞില്ല.

വെള്ളച്ചിയമ്മയും എംബ്രാന്തിരിയും കുട്ടിയും ഒന്നും എത്തിയിട്ടില്ല. കടവോരത്തു നിന്നും ഒരു കുളക്കോഴി ചിറകടിച്ചു പറന്നുപോയി. ആരെങ്കിലും വരാൻ കാത്തു നിൽക്കണോ എന്ന് ഒരു നിമിഷം ശങ്കിച്ച് നിന്നു. പിന്നെ അവർ വരുമ്പോഴേക്കും തുണികളെല്ലാം തിരുമ്പാൻ തുടങ്ങി. തിരുമ്പി കഴിഞ്ഞിട്ടും ആരും എത്തിയില്ല. കുംഭ നിലാവ് വെള്ളത്തിൽ തട്ടി കണ്ണാടിത്തിളക്കം കാണിച്ചു. കണക്കു പരീക്ഷക്ക് ഇനിയും കുറെ നോക്കാനുള്ളത് കൊണ്ട് എത്രയും വേഗം കുളിച്ചു കയറാം എന്ന് കരുതി. എന്നാലും ഒറ്റക്ക് ആ നിശ്ശബ്ദമായ പൂനിലാ വെളിച്ചത്തിൽ വെള്ളത്തിലിറങ്ങാൻ ഒരു ഉൾഭയം. എന്ത് ചെയ്യേണ്ടൂ എന്ന് ചിന്തിച്ചു മുകളിലേക്ക് നോക്കിയപ്പോൾ വെള്ളച്ചിയമ്മ തുണിക്കെട്ടും ഒക്കത്തുവെച്ചു കടവിലേക്ക് വരുന്ന കണ്ടു. ആശ്വാസമായി. കുറച്ചു ദൂരം നീന്തിവന്നപ്പോൾ വെള്ളച്ചിയമ്മയെ കണ്ടില്ല. അത്യാവശ്യത്തിനു എങ്ങോട്ടെങ്കിലും മാറിയിട്ടുണ്ടാകുമെന്നു കരുതി.

തലതോർത്തി ഈറൻ കൈത്തണ്ടയിലിട്ടു വീട്ടിലേക്കു നടന്നു. അല്ലെങ്കിൽ ഈ നേരത്ത്‌ പകൽ വെളിച്ചത്തിന്റെ പ്രസരം ചെറുതായി പരക്കാനും കാക്കകൾ കരയാനും തുടങ്ങാറുണ്ട്. ചക്രവാളങ്ങളിൽ തീറ്റ തേടി പറക്കുന്ന ചെറുകിളികളെയും കാണാറുള്ളതാണ്. ഇന്നെന്തുപറ്റി ആവൊ? എന്തെങ്കിലുമാകട്ടെ. മനസ്സിൽ കണക്കു പരീക്ഷ വീണ്ടും ഭയത്തിന്റെ പാമ്പുകളായി ഇഴഞ്ഞു തുടങ്ങി.

വീട്ടിലെത്തി ഈറൻ മാറി. കണക്കു നോട്ടുബുക്കിലെ പ്രശ്നോത്തരികളിലേക്കു കടന്നു. ഒരുമണിക്കൂറോളം കഴിഞ്ഞിട്ടും നേരം വെളുത്തിട്ടില്ലെന്നു കണ്ടു. അല്ലെങ്കിൽ കുളി കഴിഞ്ഞു വരുമ്പോഴേക്കും കറുമ്പി പശുവിനെ കറക്കാൻ വരുന്ന അറണാചലം ചെട്ടിയാർ എത്താറുള്ളതാണ്. ഇന്ന് അയാളെയും കണ്ടില്ല. സംശയം തീർക്കാൻ ഹരിക്കേൻ വിളക്കുമെടുത്തു തളത്തിലെ ടൈം പീസിൽ സമയം നോക്കിയപ്പോൾ നേരം മൂന്നുമണി!!! കൈ കാലുകൾ തളരുന്ന പോലെയും തൊണ്ട വറ്റി വരളുന്ന പോലെയും തോന്നി.

അപ്പോൾ താൻ കുളത്തിൽ കണ്ട വെള്ളച്ചിയമ്മ? രാത്രിയുടെ ഏകാന്തമായ മൂന്നാം യാമത്തിൽ ഈ പൊട്ടിപ്പെണ്ണിന് കൂട്ടു വന്നതാരാണ്‌!! പെരുമ്പറ മുഴങ്ങുന്ന ഹൃദയവുമായി ഉറക്കം ഊഞ്ഞാലാടുന്ന മിഴികളോടെ വനബാല കിടക്കയിലേക്ക് വീണു…

സതീഷ് തോട്ടശ്ശേരി
മലയാളം മിഷൻ ബാംഗ്ളൂർ
ph. 9845185326

0 Comments

Leave a Comment

FOLLOW US