പതിരാവാതേ…
ഓടക്കുഴലൊരു നാളിൽ പയ്യെ
തുളകളടച്ചു കിടപ്പായി
ഊതും നേരം സരിഗമ പധനി
ഉയരുവതെങ്ങിനെ കാണട്ടെ.
കുഴൽ വിളി നാദം കേൾക്കാതായി
പാട്ടുകൾ നിർത്തി തേൻകാറ്റ്
തേടിയലഞ്ഞു തെക്കൻ കാറ്റ്
നിധപമഗരിസയിതെവിടെപ്പോയ്?
കളകള നാദം കേൾപ്പിക്കാതെ
അരുവികൾ തേങ്ങിയൊഴുക്കായി
ഊഞ്ഞാലാട്ടം നിർത്തിയ വള്ളികൾ
രാഗം തേടിയിരുപ്പായി.
ഒച്ചയടച്ചു കിടക്കും കുഴലിനെ
കാണാൻ പുള്ളിക്കുയിലെത്തി
ഇത്രക്കുണ്ടോ വാശി നിനക്ക്
നാശത്തിന്നിതു ധാരാളം.
രാഗം പോയാൽ പിന്നെ നീയൊരു
പാഴ് മുളയാണെന്നറിയേണം
കഴിയും കാര്യം ചെയ്യാതിങ്ങനെ
പതിരായ് മാറുവതന്യായം
പി.ടി.മണികണ്ഠൻ പന്തലൂർ